| Monday, 8th April 2024, 11:53 am

പാനൂര്‍ സ്‌ഫോടനം; രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഡി.വൈ.എഫ്.ഐ നേതാവിനെയാണ് പൊലീസ് പിടികൂടിയത്; എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാനൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകൻ സാമൂഹിക പ്രവര്‍ത്തകനാണെന്ന് എം.വി. ഗോവിന്ദന്‍. രക്ഷാ പ്രവര്‍ത്തിന് സ്ഥലത്ത് എത്തിയപ്പോള്‍ ആണ് പൊലീസ് ഇയാളെ പിടികൂടിയതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പാനൂര്‍ സ്‌ഫോടനത്തില്‍ ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിലെന്നാണ് മാധ്യമങ്ങള്‍ കൊടുത്ത വാര്‍ത്ത. ഞാന്‍ അതിനെ പറ്റി അന്വേഷിച്ചു. സ്‌ഫോടനം ഉണ്ടായപ്പോള്‍ പരിക്കറ്റവരെ ആശുപത്രിയില്‍ എത്തിക്കാനാണ് അവര്‍ അവിടെ പോയത്. അദ്ദേഹത്തെയാണ് പൊലീസ് പിടിച്ചത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാക്കളുടെ അറസ്റ്റിനെ കുറിച്ച് പൊലീസ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍ സി.പി.ഐ.എം നേതാക്കള്‍ പോയതിനെ കുറിച്ചും എം.വി. ഗോവിന്ദന്‍ മറുപടി നല്‍കി. മരിച്ച വീട്ടില്‍ നാട്ടുകാര്‍ പോകുന്നത് സ്വാഭാവികമാണെന്നും മാധ്യമങ്ങള്‍ ചേര്‍ന്ന് വാര്‍ത്തയെ അനാവശ്യമായി പര്‍വതീകരിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

‘സംഘര്‍ഷങ്ങളൊന്നും ഇല്ലാതെ സമാധാനത്തോടെ പോയ പ്രദേശമായിരുന്നു. അപ്പോഴാണ് അവിടെ സ്‌ഫോടനം ഉണ്ടായത്. മരണം ഉണ്ടാകുമ്പോള്‍ എം.എല്‍.എമാരും പ്രാദേശിക നേതാക്കളും അയല്‍വാസികളുമൊക്കെ പോകും. അതിനെ പര്‍വതീകരിച്ച് വാര്‍ത്തകള്‍ നല്‍കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. ഇത് മനുഷ്യത്വമില്ലാത്ത നടപടിയാണ്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതിനിടെ, പാനൂര്‍ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറി ആണെന്ന് പൊലീസ് പറഞ്ഞു. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിന് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷിജാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ബോംബ് നിര്‍മിച്ചതെന്നാണ് കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ മൊഴി നല്‍കിയത്.

Content Highlight: mv govindan about panur bomb blast

We use cookies to give you the best possible experience. Learn more