ഈഴവ വോട്ടില്‍ ബി.ജെ.പി കടന്നുകയറി; തൃശൂരിലെ കോണ്‍ഗ്രസിന്റെ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി: എം.വി ഗോവിന്ദന്‍
Kerala News
ഈഴവ വോട്ടില്‍ ബി.ജെ.പി കടന്നുകയറി; തൃശൂരിലെ കോണ്‍ഗ്രസിന്റെ ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയി: എം.വി ഗോവിന്ദന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 20th June 2024, 4:14 pm

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് എം.വി. ഗോവിന്ദന്റെ പ്രതികരണം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഒരു സീറ്റ് നേടാന്‍ സാധിച്ചത് അപകടകരമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനും കുടുംബത്തിനുമെതിരെ മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് കള്ള പ്രചരണങ്ങള്‍ നടത്തി മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.

‘സി.പി.ഐ.എമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതൃത്വകേന്ദ്രം എന്ന നിലയില്‍ പിണറായിയെയും കുടുംബത്തിനെയും ലക്ഷ്യമിടുകയാണ്. യു.ഡി.എഫും വലതുപക്ഷ മാധ്യമങ്ങളും വര്‍ഷങ്ങളായി ചെയ്യുന്നതും ഇത് തന്നെയാണ്. ഇത്തരം പ്രചരണങ്ങള്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമധര്‍മം ശരിയായി കൈകാര്യം ചെയ്യുന്നതിന് പകരം ഇടതുപക്ഷ വിരുദ്ധ പ്രചാരവേല വലതുപക്ഷ തീവ്ര ശക്തികളെയാണ് സ്വാധീനിക്കുന്നതെന്ന് മാധ്യമങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തില്‍ ഏറ്റുമുട്ടിയത് യു.ഡി.എഫും എല്‍.ഡി.എഫുമാണ്. ജമാ അത്തെ ഇസ്‌ലാമിയും, എസ്.ഡി.പി.ഐയും മുന്നണിയെ പോലെ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിച്ചു. ഈഴവരുടെയും, ന്യൂനപക്ഷ വോട്ടുകളും ഇടതുപക്ഷത്തിന് നഷ്ടമായി. എസ്.എന്‍.ഡി.പിയിലേക്ക് ബി.ഡി.ജെ.എസിലൂടെ കടന്ന് കയറാന്‍ ബി.ജെ.പിക്ക് സാധിച്ചു,’ എം.വി. ഗോവന്ദന്‍ പറഞ്ഞു.

ക്രൈസ്തവര്‍ ഭൂരിഭാഗവും ബി.ജെ.പിക്ക് അനുകൂലമായി നിന്നെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസിന് വോട്ട് ചോര്‍ന്നത് ക്രൈസ്തവരില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ മനോഭാവം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ‘രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ നിര്‍ണയത്തോടെ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പ്പെട്ടുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘപരിവാര്‍ അജണ്ടക്ക് കീഴടങ്ങുന്നതിനുള്ള ഒരു മനസ് രൂപപ്പെട്ട് വരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലാക്കുന്നത്. എല്ലാ മതങ്ങളും ഒന്നാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് സംഘപരിവാറിനോട് ചേര്‍ന്ന് നിന്ന് എസ്.എന്‍.ഡി.പിയില്‍ നിന്ന് ഉണ്ടാകുന്നത്,’ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

വര്‍ഗീയതക്കെതിരെ ജനങ്ങളെ കൂടെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: MV Govindan about LDF Election failure