പാറ്റ്‌ന: മുസാഫര്‍പൂരിലെ ഷെല്‍ട്ടര്‍ ഹോമിലെ ബലാത്സംഗ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഏതെങ്കിലും ഒരു വിഷയത്തില്‍ സര്‍ക്കാരിനെ ആക്രമിക്കാനായി കാത്തിരിക്കുകയാണ് പ്രതിപക്ഷമെന്നും ബലാത്സംഗക്കേസില്‍ ഒരാളെ പോലും സംരക്ഷിക്കുന്ന നിലപാട് താന്‍ കൈക്കൊണ്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
നിരവധി ഗുണകരമായ കാര്യങ്ങള്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളും പ്രതിപക്ഷവും അത് കാണുന്നില്ലെന്നും തെറ്റായ കാര്യങ്ങള്‍ നടന്നാല്‍ അത് മാത്രമേ അവരുടെ ശ്രദ്ധയില്‍പ്പെടുകയുള്ളൂവെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി.
“” കുറ്റക്കാരെ ആരേയും ഇതുവരെ സംരക്ഷിച്ചിട്ടില്ല. ഒരു ഒത്തുതീര്‍പ്പിനും തയ്യാറായിട്ടില്ല. എന്നിട്ടും നിങ്ങള്‍ക്ക് എന്നെ അപമാനിക്കണം എന്നുണ്ടെങ്കില്‍ അത് തുടരാം. – നിതീഷ് കുമാര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് വേണ്ടി നടപ്പാക്കുന്ന ക്ഷേമപദ്ധതികളൊന്നും പ്രതിപക്ഷം കാണില്ല. ഏതെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ അത് മാത്രം പറഞ്ഞുകൊണ്ടിരിക്കുയാണ് പ്രതിപക്ഷം.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ അന്വേഷണത്തിലാണ് മുസാഫര്‍പൂരിലെ അഭയ കേന്ദ്രത്തിലെ പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, 42 അന്തേവാസികളില്‍ 34 പേരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മയക്കുമരുന്നുകള്‍ നല്‍കി ബോധം കെടുത്തിയിരുന്നുവെന്നും എതിര്‍ക്കുന്നവര്‍ക്ക് ക്രൂരമായ ശിക്ഷകള്‍ നല്‍കുമെന്നും അഭയ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ അഭയ കേന്ദ്രത്തിലെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.