| Sunday, 22nd December 2019, 9:44 am

മുസാഫര്‍നഗര്‍ കലാപഭൂമിയാകുന്നു; പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ അക്രമം; പിന്നില്‍ 2013-ലെ കലാപത്തില്‍ പ്രതിയായ ബി.ജെ.പി എം.പി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫര്‍നഗര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ വ്യാപക അക്രമം. ഇവിടെ ഇരുന്നൂറോളം വാഹനങ്ങളും രണ്ട് മുസ്‌ലിം പള്ളികളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസിനൊപ്പം ആര്‍.എസ്.എസ് പ്രവര്‍ത്തകരും ബി.ജെ.പി എം.പിയും അക്രമത്തിനു നേതൃത്വം കൊടുക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞദിവസമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഇവിടെ കൊല്ലപ്പെട്ടത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളാണ്. ഇവരുടെ തലയ്ക്കു വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി എം.പി സഞ്ജീവ് ബലിയാന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സഞ്ജീവ് ബലിയാന്‍ 2013-ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പ്രതിയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുസാഫര്‍നഗറിലെ ജി.ടി റോഡിലെ മുസ്‌ലിം വീടുകളും ഗേറ്റുകളും നശിപ്പിക്കപ്പെട്ടതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. എന്നാല്‍ ഇരുന്നൂറോളം പ്രതിഷേധക്കാരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ സൈദുസ്സാമാന്റെ നാലു കാറുകളും അക്രമിസംഘം കത്തിച്ചു. അക്രമത്തിനു പിന്നില്‍ ആര്‍.എസ്.എസുകാരാണെന്ന് അദ്ദേഹത്തിന്റെ മകന്‍ സല്‍മാന്‍ സയ്യിദ് ആരോപിച്ചു.

പൊലീസിന്റെ സഹായത്തോടെ മുസ്‌ലിങ്ങളായ പ്രതിഷേധക്കാര്‍ക്കു നേരെ അവര്‍ വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് കടകള്‍ കൊള്ളയടിച്ചെന്നും അദ്ദേഹം ആരോപിച്ചു.

സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താതെന്ന് അഭിഭാഷക കരുണാ നന്ദി ചോദിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപക്കേസുകളിലെ മുഖ്യപ്രതി സംസ്ഥാനം ഭരിക്കുമ്പോഴും രാജ്യം ഭരിക്കുന്നയാള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെടുമ്പോഴും ഇതാണു സംഭവിക്കുകയെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞദിവസം നഗരത്തിലെ മീനാക്ഷി ചൗക്കില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത് ഒന്നരലക്ഷം പേരായിരുന്നു.

We use cookies to give you the best possible experience. Learn more