| Friday, 1st November 2013, 1:55 am

മുസാഫിര്‍ നഗര്‍: പുതിയ സംഭവവികാസത്തില്‍ സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലക്‌നൗ: മുസാഫിര്‍ നഗറില്‍ പുതുതായി സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തതില്‍ സുപ്രീം കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി അറിയിക്കാന്‍ യു.പി.സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

അല്ലാത്ത പക്ഷം അന്വേഷണത്തിനായി സ്വതന്ത്ര സംഘത്തെ അയക്കുമെന്നും രാജ്യത്തെ പരമോന്നത കോടതി യു.പി. സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

കേസ് വീണ്ടും പരിഗണിക്കുന്ന ഇരുപത്തി ഒന്നിന് സംഘര്‍ഷ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ കോടതിയെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് പി സദാശിവന്‍ അദ്ധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികളിലും കോടതി അതൃപ്തി രേഖപ്പെടുത്തി. എത്രയും പെട്ടെന്ന് കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാനും കോടതി ആവശ്യപ്പെട്ടു.

അതേസമയം ബുധനാഴ്ച രാത്രി മുസാഫര്‍ നഗറില്‍ കലാപം ഉണ്ടായത് പൊലീസിന്റെ വീഴച കൊണ്ടാണെന്ന് ഉത്തര്‍പ്രദേശ് ഡി.ജി.പി ദേവരാജ് നഗര്‍ സമ്മതിച്ചു. പ്രദേശത്ത് ചുമതലയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഹമ്മദ് പുരെയ് ഗ്രാമത്തില്‍ ബുധനാഴ്ചയുണ്ടായ പുതിയ അക്രമത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. അഫ്‌റോസ്(20), മെഹര്‍ബാന്‍(21), അജ്മല്‍(22) എന്നിവരാണ് കൊല്ലപ്പെട്ടത്.

മൊഹമ്മദ്പൂര്‍ റെയ്‌സിംഗ് വില്ലേജിലെ കരിമ്പിന്‍ തോട്ടത്തില്‍ ജോലി ചെയ്തിരുന്ന മൂന്നു പേരെ ഗ്രാമവാസികള്‍ കൈയേറ്റം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷമുണ്ടായത്.

പ്രദേശത്തെ ഒരു കൃഷിക്കാരനെ മര്‍ദ്ദിച്ച സംഘത്തിലുണ്ടായിരുന്നുവെന്ന് ആരോപിച്ചായിരുന്നു ഇവര്‍ക്കെതിരായ ആക്രമണം.  ഇന്നലെയുണ്ടായ സംഭവത്തില്‍ പോലീസ് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും 15 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more