ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയില്‍ നിന്നു പിന്‍വലിച്ച് തങ്ങളുടെ എം.എല്‍.എയെ രക്ഷിക്കാനുള്ള നീക്കവുമായി ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍. 2003 മുതല്‍ 2017 വരെ എം.എല്‍.എ സംഗീത് സോമിനെതിരെ ചുമത്തപ്പെട്ട ഏഴ് കേസുകളുടെ നിലവിലെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥരോടു നിയമവകുപ്പ് ആവശ്യപ്പെട്ടുകഴിഞ്ഞു.
അതില്‍ മൂന്ന് കേസുകളാണ് 2013-ല്‍ നടന്ന മുസാഫര്‍നഗര്‍ കലാപങ്ങളുമായി ബന്ധപ്പെട്ടുള്ളത്. കലാപങ്ങളില്‍ അറുപതിലധികം പേരാണു കൊല്ലപ്പെട്ടത്.
വര്‍ഗീയത പ്രോത്സാഹിപ്പിക്കുക, കലാപമുണ്ടാക്കുക, ഗൂഢാലോചന, വ്യാജവാര്‍ത്ത സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് തന്റെ പേരിലുള്ളതെന്ന് 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സോം തന്നെ വ്യക്തമാക്കിയിരുന്നു.
സര്‍ക്കാരില്‍ നിന്നും കേസുകളുടെ വിവരം തിരക്കി കത്ത് ലഭിച്ചതായി മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടം പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. കോടതിയില്‍ അന്വേഷിച്ച് വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് അയച്ചുകൊടുക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
വാദം നടക്കുകയോ കെട്ടിക്കിടക്കുകയോ ചെയ്യുന്ന കേസുകളില്‍ സര്‍ക്കാരാണ് വാദിയെങ്കില്‍ പിന്‍വലിക്കുന്നതിനായി അവര്‍ക്കു കോടതിയെ സമീപിക്കാം. എന്നാല്‍ കോടതിയുടേതാണ് അന്തിമ തീരുമാനം.
പശ്ചിമ ഉത്തര്‍പ്രദേശിലെ സര്‍ധന മണ്ഡലത്തില്‍ നിന്നുള്ള എം.പിയാണ് സംഗീത് സോം.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മുസാഫര്‍നഗറുമായി ബന്ധപ്പെട്ട നൂറിലധികം കേസുകളാണ് അവസാനിപ്പിക്കാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ശുപാര്‍ശയുണ്ടായത്.