ലഖ്‌നൗ: മുസഫര്‍നഗര്‍ കലാപക്കേസില്‍ ബി.ജെ.പി എം.എല്‍.എ വിക്രം സെയ്‌നി അടക്കം 11 പേര്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ച് പ്രത്യേക കോടതി. യു.പിയിലെ ഖതൗലിയില്‍ നിന്നുള്ള എം.എല്‍.എയാണ് സെയ്നി. എന്നാല്‍ വിധിക്ക് പിന്നാലെ വിക്രം സെയ്‌നിക്കും സംഘത്തിനും കോടതി ജാമ്യം അനുവദിച്ചു.
കലാപത്തിനൊപ്പം മറ്റ് കുറ്റങ്ങള്‍ കൂടി ചുമത്തിയാണ് പ്രത്യേക എം.പി/എം.എല്‍.എ കോടതി ശിക്ഷ വിധിച്ചത്. അതേസമയം, തെളിവുകള്‍ ഇല്ലാത്തതിന്റെ അടിസ്ഥാനത്തില്‍ 15 പേരെ ജഡ്ജി ഗോപാല്‍ ഉപാധ്യായ് വെറുതെ വിട്ടു. കലാപക്കേസില്‍ ബി.ജെ.പി എം.എല്‍.എ അടക്കം 26 പേരാണ് വിചാരണ നേരിട്ടത്.
മുസഫര്‍നഗറില്‍ 2013 ഓഗസ്റ്റിലുണ്ടായ കലാപത്തില്‍ 62 പേരാണ് കൊല്ലപ്പെട്ടത്. ജാട്ട് സമുദായത്തില്‍പ്പെട്ട രണ്ട് യുവാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കവാല്‍ ഗ്രാമത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കലാപം അരങ്ങേറുകയായിരുന്നു. 40,000 പേര്‍ പ്രദേശം വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു.
മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് യു.പി സര്‍ക്കാര്‍ 510 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 175 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 165 എണ്ണത്തില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
170 കേസുകള്‍ ഒഴിവാക്കി. 77 കേസുകള്‍ യു.പി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസ് പിന്‍വലിക്കാനുണ്ടായ കാരണം യു.പി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ല.
നിരവധി വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് സെയ്‌നി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോള്‍, കശ്മീരിലെ സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ സാധിക്കുമെന്നതില്‍ ബി.ജെ.പി പ്രവര്‍ത്തകള്‍ വലിയ ആവേശത്തിലാണ് എന്നായിരുന്നു സെയ്‌നിയുടെ പ്രതികരണം.
ഇന്ത്യ സുരക്ഷിതമല്ല എന്നു തോന്നുന്നവരെ ബോംബിടണമെന്നും 2019ല്‍ സെയ്‌നി പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ ഉള്ളതിനാലാണ് ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്നറിയപ്പെടുന്നതെന്ന് 2018ല്‍ സെയ്‌നി അവകാശപ്പെടുകയുണ്ടായി.
ഈ വര്‍ഷം ആദ്യം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെയ്‌നിയെ സ്വന്തം മണ്ഡലത്തില്‍ ഒരു പ്രദേശത്ത് നിന്ന് നാട്ടുകാര്‍ ആട്ടിയോടിച്ച സംഭവം വരെ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ രണ്ടാം തവണയും ഖതൗലിയില്‍ നിന്ന് തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.