യു.പി: മുസഫര്‍നഗര്‍ കലാപക്കേസില്‍ പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വിവരം തേടി. ജില്ലാ മജിസ്‌ട്രേറ്റിന് യു.പി സ്‌പെഷ്യല്‍ സെക്രട്ടറി രാജ് സിങ് എഴുതിയ കത്തിലാണ് കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചുള്ള സാധ്യത തേടിയത്.
യു.പിയിലെ മന്ത്രിസഭാംഗം സുരേഷ് റാണ, മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാണ്‍, എം.പിയായ ഭര്‍തേന്ദു സിങ്, എം.എല്‍.എയായ ഉമേഷ് മാലിക്, സാധ്വി പ്രാചി എന്നിവര്‍ക്കെതിരെയാണ് കേസുകളുള്ളത്.
പൊതുതാത്പര്യം മുന്‍നിര്‍ത്തി കേസുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം. കത്തില്‍ നേതാക്കളുടെ പേരുകളില്ലെങ്കിലും ഇവരുള്‍പ്പെട്ട കേസുകളാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.
കലാപത്തിന് മുമ്പായി നടന്ന മഹാപഞ്ചായത്തില്‍ ബി.ജെ.പി നേതാക്കളെത്തി പ്രകോപനകരമായ പ്രസംഗം നടത്തിയെന്ന് ആരോപണമുണ്ടായിരുന്നു. 2013 ആഗസറ്റ് 30ന് മുസഫര്‍നഗറിലെ നദാലയില്‍ പൊതുയോഗം വിളിച്ചുചേര്‍ക്കുകയും ആക്രമണത്തിന് പ്രേരണ നല്‍കിയെന്നുമാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്.
കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു.