യു.പി: 2013ലെ മുസഫര്‍ കലാപക്കേസുമായി ബന്ധപ്പെട്ട് വി.എച്ച്.പി നേതാവ് സാധ്വി പ്രാചി കോടതിയില്‍ കീഴടങ്ങി. ഹാജരാകാത്തതിനെ തുടര്‍ന്ന് പ്രാചിക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ജനുവരി 23നകം ഹാജരാകാനായിരുന്നു സാധ്വി പ്രാചിയോട് കോടതി ആവശ്യപ്പെട്ടിരുന്നത്.
കേന്ദ്രമന്ത്രി സഞ്ജീവ് ബല്ല്യാണ്‍, സുരേഷ് റാണ, ഭര്‍തേന്ദു സിംഗ്, സംഗീത് സോം തുടങ്ങിയ ബി.ജെ.പി നേതാക്കള്‍ നേരത്തെ കോടതിക്ക് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഫെബ്രുവരി 23നാണ് കേസില്‍ ഇനി വാദം കേള്‍ക്കുക.
അതേ സമയം മുസഫര്‍നഗര്‍ കലാപക്കേസില്‍ 14 പ്രതികളെ വിട്ടതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കും.
2013 ആഗസറ്റ്് 30ന് മുസഫര്‍നഗറിലെ നദാലയില്‍ പൊതുയോഗം വിളിച്ചുചേര്‍ക്കുകയും ആക്രമണത്തിന് പ്രേരണ നല്‍കിയെന്നുമാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസ്. കലാപത്തില്‍ 62 പേര്‍ കൊല്ലപ്പെടുകയും 40,000ത്തോളം പേരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു.