മുട്ടില്‍ മരംമുറിക്കേസ്; ഡി.എഫ്.ഒ ധനേഷ് കുമാറിനും റെയ്ഞ്ചര്‍ എം.കെ സമീറിനുമെതിരായ നിക്കത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍
Kerala News
മുട്ടില്‍ മരംമുറിക്കേസ്; ഡി.എഫ്.ഒ ധനേഷ് കുമാറിനും റെയ്ഞ്ചര്‍ എം.കെ സമീറിനുമെതിരായ നിക്കത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th September 2021, 7:28 pm

കോഴിക്കോട്: മുട്ടില്‍ മരംമുറിക്കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരായ ധനേഷ് കുമാറിനും എം.കെ. സമീറിനുമെതിരെ മാഫിയ സംഘം പ്രവര്‍ത്തിക്കുകയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംയുക്ത പ്രസ്താവന.

എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരുമായ ആനന്ദ്, കെ.ജി. ശങ്കരപ്പിള്ള, സി.വി.ബാലകൃഷ്ണന്‍, സി.ആര്‍. പരമേശ്വരന്‍, എം.എന്‍ കാരശ്ശേരി, കെ.അരവിന്ദാക്ഷന്‍, കെ.സി.നാരായണന്‍, കല്പറ്റ നാരായണന്‍, ഉമേഷ് ബാബു.കെ.സി, ജോസഫ്.സി.മാത്യു, ഡോ.പി.ഗീത, ഡോ.ആസാദ്, ഡോ.എസ്.ശാരദക്കുട്ടി, ടി.പി.രാജീവന്‍, ആത്മാരാമന്‍, കരുണാകരന്‍, ദാമോദര്‍ പ്രസാദ്, മനോജ് കുറൂര്‍, കെ.വിനോദ് ചന്ദ്രന്‍, സജീവന്‍ അന്തിക്കാട് തുടങ്ങിയവരാണ് ഉദ്യോഗസ്ഥര്‍ക്ക് പിന്തുണയുമായി എത്തിയത്.

സംസ്ഥാനത്തെ വനഭൂമി അടക്കം സര്‍ക്കാര്‍ ഭൂമിയിലെയും പട്ടയഭൂമിയിലെയും മരങ്ങള്‍ ഭരണത്തിന്റെ തണലില്‍ മുറിച്ചുകടത്തിയ കൊള്ളയുടെ വിശദാംശങ്ങള്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്.

അവശേഷിക്കുന്ന പച്ചപ്പും ഇല്ലാതാക്കി നമ്മുടെ പശ്ചിമഘട്ട മലനിരകള്‍ക്ക് ചരമഗീതമെഴുതുന്ന തിരക്കിലാണ് ഭരണകൂടമെന്നും. അത് വകവെയ്ക്കാതെ മരംമുറിക്കേസുകള്‍ സത്യസന്ധമായി അന്വേഷിച്ച വനം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ് കേസില്‍ പ്രതികളായവരും അവരുടെ ഒത്താശക്കാരായ രാഷ്ട്രീയ മാഫിയാ സംഘവും. ഇതിന്റെ ഭാഗമായാണ് വനം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ എടുത്ത തീരുമാനമെന്നും സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ ആരോപിച്ചു.

കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ ഡി.എഫ്.ഒ മാരില്‍ പ്രധാനിയാണ് പി. ധനേഷ് കുമാര്‍. മറ്റൊരു സത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥനാണ് മേപ്പാടി റെയ്ഞ്ച് ഓഫീസര്‍ എം.കെ. സമീര്‍. അനധികൃത വനം കയ്യേറ്റത്തിനെതിരെയും വനംകൊള്ളക്കെതിരെയും സ്വന്തം ജീവന്‍പോലും പരിഗണിക്കാതെ നിലപാടെടുക്കുന്ന വ്യക്തികളാണ് ഇരുവരും.

മുട്ടില്‍ മരംമുറിക്കേസ് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന ധനേഷിന്റെയും സമീറിന്റെയും കുടുംബത്തെ അപായപ്പെടുത്താന്‍ പ്രതികള്‍ അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. വധഭീഷണിയടക്കം മുഴക്കി ഇരുവരുടെയും മനോവീര്യം തകര്‍ക്കാനാണ് ശ്രമം. മാത്രമല്ല ഇവരുടെ സ്ഥാനക്കയറ്റത്തെയടക്കം ഇല്ലാതാക്കാന്‍ പ്രതികള്‍ ശ്രമം തുടങ്ങിയിട്ടുമുണ്ട്. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി കള്ളക്കേസില്‍ കുടുക്കി ഔദ്യോഗിക ഭാവി നശിപ്പിക്കാനാണ് ശ്രമമെന്നും പ്രസ്താവനയില്‍ ആരോപിച്ചു.

ഇത് ഒരിക്കലും അനുവദിച്ചുകൂടാ. തന്നെയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന പ്രതികള്‍ക്കെതിരെ സംസ്ഥാന വനം വകുപ്പ് മേധാവിക്ക് ധനേഷ് പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ സംസ്ഥാന ഗവണ്‍മെന്റ് നടപടിയെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വനഭൂമിയില്‍ നിന്നടക്കം 2520 തേക്കും 176 ഈട്ടിയും വെട്ടിക്കടത്തിയെന്ന്‌ ്രൈകംബ്രാഞ്ച് എ.ഡി.ജി.പി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് കഴിഞ്ഞ രണ്ടാം തിയ്യതിയാണ്. മരം മുറിച്ചുകടത്തിയതിന് പിന്നില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഉന്നതര്‍ക്ക് പങ്കുണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയതാണ്. എത്ര ഉന്നതരായാലും കര്‍ശന നടപടി എടുക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.

എന്നിട്ടും വനംവകുപ്പിലെ മികച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിനെതിരെ വധഭീഷണി നിലനില്‍ക്കുന്നതും അവരുടെ ഉദ്യോഗസ്ഥ ഭാവി ജീവിതത്തിന് എതിരായ നീക്കങ്ങളും ഞങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. നമ്മുടെ ജനാധിപത്യ വ്യവസ്ഥയെയും നിയമവ്യവസ്ഥയെയും ക്രിമിനല്‍ ആധിപത്യത്തിന്‍ കീഴിലാക്കുന്ന മാഫിയാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി വേണം. ധനേഷ് കുമാറിനും സമീറിനും അവരുടെ കുടുംബത്തിനും സംസ്ഥാന ഗവണ്‍മെന്റ് സുരക്ഷയൊരുക്കണം.

ഇവരെപ്പോലെ സത്യസന്ധരും ചുമതലാബോധവും കര്‍ത്തവ്യനിര്‍വഹണ ശേഷിയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ നല്‍കേണ്ടത് തങ്ങളുടെ കടമയാണെന്നും കരുതുന്നു. അതുകൊണ്ട് ഡി.എഫ്.ഒ ധനേഷ് കുമാറിനും റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിനും എതിരായി ഗൂഢാലോചന നടത്തുന്നവരെ കര്‍ശനമായി നേരിട്ട് നിയമനടപടികള്‍ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നെന്നും പ്രസ്താവനയില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Muttil woodcarving case; Cultural activists against Nikah against DFO Dhanesh Kumar and Ranger MK Sameer