എസ്സേയ്‌സ്/മുട്ടില്‍ സുധാകരന്‍
ഒന്ന്
തീര്‍ച്ചയായും ചരിത്രം അടയാളപ്പെടുത്തുന്നത് ഭൂമിയില്‍ ജീവിച്ചുമരിച്ച എല്ലാ മനുഷ്യരെക്കുറിച്ചോ എല്ലാ മണ്ണിനെക്കുറിച്ചോ അല്ല. ചരിത്രം അടയാളപ്പെടുത്തുന്നത്ചരിത്രം തിരുത്തിയവരെക്കുറിച്ചും അതിന് സാക്ഷ്യം വഹിച്ച മണ്ണിനെക്കുറിച്ചുമാണ്.
[]
സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തേയും കുറിച്ചുള്ള ചര്‍ച്ചകളും പ്രയോഗങ്ങളും ലോകത്ത് എല്ലായിടത്തും തളിര്‍ക്കുന്ന ഒരുകാലത്താണ് ടി.പി. ചന്ദ്രശേഖരന്റെ ദാരുണമായ കൊലപാതകത്തെ മുന്‍നിര്‍ത്തി കേരളീയ സമൂഹം ഇക്കാര്യം സംസാരിക്കുന്നത്.
കാട്ടാളന്റെ അമ്പേറ്റ് വീണ കിളിയെ നോക്കി കവി പാടിയതും, ഓഞ്ചിയത്തെ തെരുവില്‍ ടി.പി. ചന്ദ്രശേഖരനെ വെട്ടിവീഴ്ത്തിയപ്പോള്‍ സഖാവ് വി.എസ് പറഞ്ഞതും ഒന്നുതന്നെയാണ്. “അരുത്, കൊല്ലരുത്”വാത്മീകിയില്‍ നിന്നും വി.എസിലേക്കുള്ള ദൂരം വളരെ വലുതാണ്. ഈ കാലയളവില്‍ മതത്തിന്റെയം പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ ഒരു വന്‍ മലയോളം രക്തസാക്ഷികളെയും, ഒരു നദിക്ക് വഹിക്കാവുന്നതിലുമേറെ ചോരയും ഇവിടെ ഒഴുകി കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും മനുഷ്യകുലം എന്താണ് പഠിച്ചത്? രക്തപങ്കിലമായ ഏതെങ്കിലും കൈകള്‍ക്ക് മനുഷ്യന് നീതി കൊടുക്കാനായോ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഇല്ല എന്നുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും കുറിച്ച് നമുക്ക് വീണ്ടും വീണ്ടും പറയേണ്ടിവരുന്നത്.
രണ്ട്
ചരിത്രത്തിന്റെ ഒട്ടനവധി പരീക്ഷണങ്ങളില്‍ നിന്നും കൂടുതല്‍ തെളിമയാര്‍ന്നതും, കരുത്തുറ്റതുമായ സാമൂഹ്യ വികാസക്രമം എന്ന നിലയ്ക്കാണ് ജനാധിപത്യത്തെക്കുറിച്ച് മനുഷ്യരാശി ചിന്തിച്ചുതുടങ്ങുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചും, ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്ന എല്ലാ സംഘടനകളും, രാഷ്ട്രീയപാര്‍ട്ടികളും പിന്‍വാതിലിലൂടെ ഇതിന്റെ നിഷേധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ കാരണം സ്വാതന്ത്ര്യത്തെക്കുറിച്ചും, ജാധിപത്യത്തെക്കുറിച്ചുമുള്ള ഇവരുടെ പരിമിത ധാരണയോ അല്ലെങ്കില്‍ ഇത്തരമൊരു സാമൂഹ്യാവസ്ഥയില്‍ അധികാരത്തില്‍ നിന്നും പുറന്തള്ളുമെന്ന ഭയമോ ആവാം. വ്യക്തിബോധത്തിലും, വ്യക്തി-സമൂഹ ബോധത്തിലും അനുദിനം വികസിക്കേണ്ടതും, വികസിപ്പിക്കേണ്ടതുമായ ഒരു ചലനാത്മക സാമൂഹ്യ വികാസ പ്രക്രിയയായിട്ടാണ് സ്വാതന്ത്ര്യത്തെയും, ജനാധിപത്യത്തെയും കാണേണ്ടത്.
ചരിത്രത്തിന്റെ ഒട്ടനവധി പരീക്ഷണങ്ങളില്‍ നിന്നും കൂടുതല്‍ തെളിമയാര്‍ന്നതും, കരുത്തുറ്റതുമായ സാമൂഹ്യ വികാസക്രമം എന്ന നിലയ്ക്കാണ് ജനാധിപത്യ ത്തെക്കുറിച്ച് മനുഷ്യരാശി ചിന്തിച്ചുതുടങ്ങുന്നത്.
എന്താണ് സ്വാതന്ത്ര്യം?
എന്താണ് ജനാധിപത്യം?ഏറെ വ്യാഖാനങ്ങള്‍ വന്നിട്ടുള്ള പദപ്രയോഗങ്ങളാണിത്. മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജന്തുജീവജാലങ്ങളുടെയും വളരെ സ്വച്ഛന്ദമായ വിഹാരമാണോ സ്വാതന്ത്ര്യം? തീര്‍ച്ചയായും സ്വാതന്ത്ര്യമെന്ന വാക്കിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അങ്ങിനെതന്നെ പറയാം. മനുഷ്യന്‍ ഒഴികെയുള്ള എല്ലാ ജന്തുജീവജാലങ്ങളിലും സൂക്ഷ്മമായ നിരീക്ഷണത്തില്‍ നമുക്കിത് കാണാന്‍ കഴിയും. ഇത്തരം ജീവികളില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പേശീബലം തന്നെയാണ്.
അതുകൊണ്ടാണ് ആയിരം മാനുകളുള്ള കാട്ടില്‍ ഒരു സിംഹം മാത്രമേ ഉള്ളുവെങ്കിലും സിംഹം രാജാവാകുന്നത്. പരിഷ്‌കൃത മനുഷ്യരില്‍ കാണുന്ന അപരിഷ്‌കൃത കൃത്യങ്ങളെ നമ്മള്‍ “കാട്ടുനീതി”എന്നുവിളിക്കുന്നതും ഇതുകൊണ്ടാണ്. പ്രാകൃത മനുഷ്യവംശത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന കാടത്തത്തിന്റെ പ്രാരംഭഘട്ടങ്ങളിലും ഇതേ കാട്ടുനീതി തന്നെയാണ് നിലനിന്നിരുന്നത്. എന്നാല്‍ മറ്റ് ജന്തുവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ മസ്തിഷ്‌കവികാസം പ്രാപഞ്ചിക സത്യങ്ങളെ കണ്ടെത്താനും അവന്റെ നിലനില്‍പിന്റെ ആവശ്യാര്‍ത്ഥം അവയെ കീഴ്‌പ്പെടുത്താനും തുടങ്ങി.
ഉല്‍പാദനപ്രക്രിയയിലൂടേയും ഭാഷ കൈകാര്യം ചെയ്യുന്നതിലൂടേയും ഒരു സാമൂഹ്യ ജീവിയായി മാറി കഴിഞ്ഞ മനുഷ്യന്‍ വളരെ ശൈശവ ദിശയിലാണെങ്കിലും “സ്വച്ഛന്ദമായ സ്വാതന്ത്ര്യ”ത്തില്‍ ജനാധിപത്യത്തിന്റെ ചേരുവ ചേര്‍ക്കാന്‍ നിര്‍ബന്ധിതനായി എന്നുപറായം. അല്ലാത്തപക്ഷം ഒരു സാമൂഹ്യ ജീവിയായി നിലനില്‍ക്കുക അവന് സാധ്യമല്ലാതായിതീരും. കാരണം എന്റെ സ്വാതന്ത്ര്യം എന്നുപറയുന്നത് മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളാണ് ഇവിടെ നടക്കുന്നത്. ഇത്തരം ബോധപൂര്‍വ്വമായ ഇടപെടലുകളിലാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നത്.
അതുകൊണ്ട് പരിഷ്‌കൃതസമൂഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം എന്നുപറയുന്നത് ജനാധിപത്യത്തിന്റെ സത്തയും കൂടി ഉള്‍ക്കൊള്ളുന്ന ഒരു പരിണാമ പ്രക്രിയയാണ്. അതായത് വ്യക്തിസത്തയും സാമൂഹ്യസത്തയും തമ്മിലുള്ള വൈരുധ്യത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ നേര്‍വഴി. അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും എന്നുപറയുന്നത് പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതും എന്നാല്‍ വൈരുധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതും അനുദിനം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു സാമൂഹ്യാവസ്ഥയാണ്.
അതുകൊണ്ട് പരിഷ്‌കൃതസമൂഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യം എന്നുപറയുന്നത് ജനാധിപത്യത്തിന്റെ സത്തയും കൂടി ഉള്‍ക്കൊള്ളുന്ന ഒരു പരിണാമ പ്രക്രിയയാണ്. അതായത് വ്യക്തിസത്തയും സാമൂഹ്യസത്തയും തമ്മിലുള്ള വൈരുധ്യത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ അംഗീകരിക്കലാണ് ജനാധിപത്യത്തിന്റെ നേര്‍വഴി.
ഇത് ഒരിക്കലും മറ്റ് സാമൂഹ്യാവസ്ഥകളെപോലെ അടഞ്ഞ വ്യവസ്ഥയേ അല്ല. ഒരു ജീവിയുടെ ആരോഗ്യകരമായ ജീവനത്തിന് എപ്രകാരം ശുദ്ധവായും സ്വീകരിക്കപ്പെടുകയും, അശുദ്ധവായു പുറംതള്ളപ്പെടുകയും ചെയ്യുന്നുവോ അതുപോലെ ജനാധിപത്യവും നിരന്തരം പരിവര്‍ത്തന വിധേയമായേ പറ്റു. ഇത് ഏതെങ്കിലും നിയമാവലിയുടെ പിന്‍ബലത്തില്‍ നടപ്പാക്കേണ്ടുന്ന സാമൂഹ്യവികാസപ്രക്രിയയല്ല, പകരം മനുഷ്യന്റെ സ്വാഭാവികമായ അനുഭവത്തിന്റെ വെളിച്ചത്തിലായിരിക്കും ഇതിന്റെ വികാസമുണ്ടാവുക.
എല്ലാ ദര്‍ശനങ്ങളും മനുഷ്യസമൂഹത്തെ അഭിസംബോധന ചെയ്യുന്നത് സംഘടനയുടെ നിയമാവലി വെച്ചിട്ടാണ്. നിയമാവലിയുടെ ഒരു പോരായ്മ അത് എപ്പോഴും മനുഷ്യനെ ഒരു വൃത്തത്തിനകത്തിട്ട് മാത്രം നിരന്തരം കറക്കുകയല്ലാതെ വൃത്തത്തിന് പുറത്ത് അനേകം വൃത്തങ്ങള്‍ ഉണ്ടെന്ന് കാണാന്‍ അനുവദിക്കാതിരിക്കലാണ്
മൂന്ന്
തീര്‍ച്ചയായും ജനാധിപത്യം എന്ന സാമൂഹ്യാവസ്ഥയെ അഭിസംബോധന ചെയ്യുന്നത് മനുഷ്യസമൂഹത്തിന്റെ ഇതഃപര്യന്തമായ അനുഭവത്തിന്റെ വെളിച്ചത്തിലാണ്. മനുഷ്യസമൂഹം ഇന്നേവരെ അഭിമുഖീകരിച്ചിട്ടുള്ള എല്ലാ ദര്‍ശനങ്ങളും അതിന്റെ ഘടനാപരമായ സവിശേഷത കൊണ്ട് മനുഷ്യരാശിയെ മൊത്തം അഭിസംബോധന ചെയ്യാന്‍ കഴിയാതെ പോവുകയാണ് ഉണ്ടായത് . ഇതിന്റെ പ്രധാന കാരണം ഇത്തരം സംഘടനകള്‍ ഒന്നുംതന്നെ ജനാധിപത്യവല്‍കരിക്കപ്പെട്ടില്ലായെന്നതു തന്നെയാണ്.
എല്ലാ ദര്‍ശനങ്ങളും മനുഷ്യസമൂഹത്തെ അഭിസംബോധന ചെയ്യുന്നത് സംഘടനയുടെ നിയമാവലി വെച്ചിട്ടാണ്. നിയമാവലിയുടെ ഒരു പോരായ്മ അത് എപ്പോഴും മനുഷ്യനെ ഒരു വൃത്തത്തിനകത്തിട്ട് മാത്രം നിരന്തരം കറക്കുകയല്ലാതെ വൃത്തത്തിന് പുറത്ത് അനേകം വൃത്തങ്ങള്‍ ഉണ്ടെന്ന് കാണാന്‍ അനുവദിക്കാതിരിക്കലാണ്. അതുകൊണ്ട് സംഭവിക്കുന്നത് നമ്മുടെ സത്യത്തെക്കാള്‍വലിയ സത്യങ്ങള്‍ പുറത്തുണ്ടെന്ന് കാണാതിരിക്കലാണ്. ഇതിനെയാണ് നമ്മള്‍ മൗലികവാദം എന്നുപറുയുന്നത്. ഈ മതത്തില്‍ ജനിച്ച് മരിച്ചാല്‍ മാത്രമേ പരലോകത്ത് സ്വര്‍ഗ്ഗം കിട്ടു എന്നും ഈ പ്രസ്ഥാനത്തിനകത്ത് നിന്നാല്‍ മാത്രമെ ഇഹലോകത്ത് സ്വര്‍ഗ്ഗം തീര്‍ക്കാന്‍ സാധിക്കു എന്നും പറയുന്നതും ഇതേ മൗലികവാദം തന്നെയാണ്. എന്നാല്‍ ഇത്തരം നിയമാവലിക്ക് പുറത്ത് മനുഷ്യനെ മുന്നോട്ട് നയിക്കാന്‍ കഴിയുന്ന എന്ത് സന്ദേശമാണ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുക എന്ന ഗൗരവമാര്‍ന്ന ചോദ്യവും ഉയരുന്നുണ്ട്. തീര്‍ച്ചയായും മനുഷ്യന്‍ അഭയകേന്ദ്രമായി കാണുന്ന എല്ലാറ്റിനേയും പാടെ നിരാകരിക്കുക അല്ല, മറിച്ച് ഇത്തരം സംഘടനാസംവിധാനങ്ങള്‍ ജനാധിപത്യവല്‍കരിക്കുകയാണ് പ്രഥമികമായി ചെയ്യേണ്ടത്. അതായത് ഏതൊരാള്‍ക്കും അവന്റെ “മത”ത്തില്‍ നിന്ന് പുറത്ത് കടക്കാനും മറ്റൊരു “മത”ത്തില്‍ ചേരാനുംചേരാതിരിക്കാനും നിര്‍ഭയമായി അഭിപ്രായം പറയാനും അങ്ങിനെ വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം അംഗീകരിക്കുന്ന സംഘടനാ സംവിധാനങ്ങള്‍ക്ക് മാത്രമെ ചരിത്രത്തെ മുന്നോട്ട് നയിക്കാനാവു. പിന്നെയുള്ള ചോദ്യം നിയമാവലി അനുസരിച്ചുള്ള സംഘടനാസംവധാനങ്ങള്‍ എത്രനാള്‍ നിലനില്‍ക്കുമെന്നതാണ്. അത് പൂര്‍ണ്ണമായും മനുഷ്യന്റെ ബോധ്യത്തെ ആശ്രയിച്ചുകാണേണ്ടതാണ്.
എന്തുകൊണ്ടെന്നാല്‍ മനുഷ്യസമൂഹത്തിന്റെ മുമ്പിലുള്ള ദര്‍ശനധാരകള്‍ ഒന്ന് ആശയവാദത്തിന്റെയും മറ്റൊന്ന് ഭൗതികവാദത്തിന്റെയുമാണ്. ആശയവാദം പൂര്‍ണ്ണമായും പ്രപഞ്ചോല്‍പത്തിമുതല്‍ അനുനിമിഷം നടന്നുകൊണ്ടിരിക്കുന്ന എല്ലാറ്റിനും കാരണീഭൂതമായി പറയുന്നത് ദൈവമെന്ന അദൃശ്യശക്തിപ്രവാഹത്തെയാണ്. അതുകൊണ്ട് മനുഷ്യന് ഉത്തരം കണ്ടെത്താന്‍ കഴിയാത്ത സമസ്യകള്‍ നിലനില്‍ക്കുന്ന കാലത്തോളം മത ദര്‍ശനങ്ങളും അതിന്റെ സംഘടനാ സംവിധാനങ്ങളും പല രൂപത്തിലും നിലനില്‍ക്കും.കാരണം ഇത് വിശ്വാസമാണ്. വിശ്വാസത്തില്‍ യുക്തിചിന്തക്ക് സ്ഥാനമില്ല.
എന്നാല്‍ ഭൗതികവാദം തീര്‍ത്തും ആശയവാദത്തെ നിരാകരിക്കുകയാണ്. പ്രപഞ്ചോല്‍പത്തി അടക്കമുള്ള എല്ലാ “നിഗൂഢത”കളും ശാസ്ത്രത്തിന് മുമ്പില്‍ തെളിഞ്ഞുവരുമെന്നും ഇത്തരം നിഗൂഢതയ്ക്ക് പിന്നില്‍ പ്രത്യേകിച്ച് ഒരു നിഗൂഢശക്തിയുടെ ഇടപെടല്‍ ഭൗതികവാദികള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ മാര്‍ക്‌സിസമടക്കമുള്ള ഭൗതികവാദ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തെളിമയാര്‍ന്ന ശാസ്ത്രസത്യങ്ങള്‍ കൊണ്ടേ നിലനില്‍ക്കാനാവു എന്നതുകൊണ്ട് ജനാധിപത്യത്തിന്റെ ഇടപെടലുകളെ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. തീര്‍ച്ചയായും മാര്‍ക്‌സിസം ജനാധിപത്യത്തിന്റെ സാധ്യതകളെ ഗൗരവപൂര്‍വ്വം പരിശോധിക്കപ്പെട്ടതാണ്. എന്നാല്‍ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള മാര്‍ക്‌സിസ്റ്റ് വര്‍ഗ്ഗ വിശകലനത്തില്‍ വര്‍ഗ്ഗസമരം പൂര്‍ത്തീകരിക്കണമെങ്കില്‍ തീര്‍ത്തും സുതാര്യമായ ജനാധിപത്യ സങ്കല്‍പങ്ങള്‍ പ്രായോഗികമല്ലെന്ന് തിരിച്ചറിയപ്പെടുകയാണ് ഉണ്ടായത്.
മാര്‍ക്‌സിസമടക്കമുള്ള ഭൗതികവാദ ദര്‍ശനങ്ങള്‍ക്ക് കൂടുതല്‍ തെളിമയാര്‍ന്ന ശാസ്ത്രസത്യങ്ങള്‍ കൊണ്ടേ നിലനില്‍ക്കാനാവു എന്നതുകൊണ്ട് ജനാധിപത്യത്തിന്റെ ഇടപെടലുകളെ പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല.
പ്രത്യേകിച്ച് പാരീസ് കമ്മ്യൂണിന്റെ പരാജയത്തിന്റെ വെളിച്ചത്തില്‍ വര്‍ഗ്ഗരഹിത-കമ്മ്യൂണിസം സാമൂഹ്യവ്യവസ്ഥയെ വിഭാവനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലെനിനിസ്റ്റ് സംഘടനാരീതി ജനാധിപത്യസംവിധാനത്തിന് വിരുദ്ധമാണ്. ചരിത്രത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിലേക്ക് നയിച്ച സംഭവങ്ങളിലേക്ക് നോക്കുന്ന ആര്‍ക്കും ഇക്കാര്യം ബോധ്യമാകും. ഇത്തരം ഒരു സാഹചര്യത്തിലാണ് ലോകത്തിലെ പല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും സോഷ്യല്‍ ഡമോക്രാറ്റുകളാകുന്നതും മറ്റ് ചിലവ മാര്‍ക്‌സിസത്തെ പുനര്‍വായനക്ക് വിധേയമാക്കുന്നതും.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാര്‍ക്‌സിസം അഭിമൂഖീകരിച്ച സാഹചര്യങ്ങളില്‍ നിന്നും തികച്ച വ്യത്യസ്തമാണ് പുതിയ ലോകക്രമം എന്നതുകൊണ്ട് സിവില്‍ സമൂഹത്തെയും അവരുടെ ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളെയും കാണാതെ മുന്നോട്ടുപോകാന്‍ ആര്‍ക്കും കഴിയില്ല. വിധി വിശ്വാസത്തെ മാത്രം ആശ്രയിച്ചുള്ള ആശയവാദത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഭൗതികയാഥാര്‍ത്ഥ്യങ്ങളെയും, ശാസ്ത്രത്തെയും ,യുക്തിയെയും മുന്‍നിര്‍ത്തി വസ്തുനിഷ്ട സാഹചര്യങ്ങളെ പരിശോധിക്കുന്ന ഭൗതികാവദദര്‍ശനത്തിന് നിലനില്‍ക്കണമെങ്കില്‍ സ്വതന്ത്ര ചിന്തയും ജനാധിപത്യബോധവുമുള്ള ഒരു ജനതയുടെ പിന്‍ബലം അവശ്യം ആവശ്യമാണ്.
നാല്
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഒരു നിമിത്തമാണ്.അരുംകൊലകള്‍ അവസാനിപ്പിക്കാനുള്ള നിമിത്തം.ചരിത്രത്തിലെ ഒരു കൊലപാതകത്തിനും കണക്ക് തീര്‍ത്തുകൊണ്ട് ഒരു പരിഷ്‌കൃതസമൂഹത്തിനും മുന്നോട്ടുപോകാനാവില്ല. തീര്‍ച്ചയായും ചന്ദ്രശേഖരന് മുമ്പും നൂറുകണക്കിന് മനുഷ്യര്‍ ഇവിടെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്; അതിദാരുണമായി.ഏതെങ്കിലും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുവെന്ന ഒറ്റക്കാരണം കൊണ്ട് അവരുടെ നിലവിളികള്‍ ഇന്നും അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അത് നമ്മുടെ ബോധമണ്ഡലത്തില്‍ വല്ലാതെ അസ്വസ്ഥത ഉളവാക്കുന്നുണ്ട്. അവരുടെ അമ്മമാരുടെ കണ്ണീരിനും വിധവകളായ ഭാര്യമാരോടും അനാഥരായ കുട്ടികളോടും നമുക്ക് ഒരു സമാധാനവും പറയാനില്ല. ചെയ്യാന്‍ ഇത്രമാത്രം. എന്ത് ന്യായീകരണത്തിന്റെ പേരിലായാലും എന്ത് അക്രമത്തെയും അക്രമകാരികളെയും സംരക്ഷിക്കാതിരിക്കുക. വാളുകള്‍ക്ക് പകരം നാക്കുകള്‍ ആയുധമാക്കുക. നാക്കുകളില്‍ നിന്നും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും വാക്കുകള്‍ ഉതിരട്ടെ.