കോഴിക്കോട്: മുട്ടില്‍ മരംമുറി കേസില്‍ മലയാളത്തിലെ പ്രമുഖ ദൃശ്യ മാധ്യമങ്ങള്‍ തമ്മിലുള്ള ചാനല്‍ പോര് കടുക്കവെ സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി കിടിലന്‍ ട്രോളുകള്‍ വൈറലാകുന്നു. രസകരമായ കമന്റുകളാണ് ഈ പോസ്റ്റുകള്‍ക്ക് താഴെ ആളുകള്‍ കുറിക്കുന്നത്.
കൂട്ടത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനും മാതൃഭൂമി ന്യൂസ് ചാനലിനുമെതിരെയാണ് കൂടുതലും ട്രോളുകള്‍ ഇറങ്ങുന്നത്. മുട്ടില്‍ മരംമുറിക്കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ടി.വി ഉടമയുമായ റോജി അഗസ്റ്റിനെതിരെയും അവതാരകന്‍ അരുണ്‍ കുമാറിനെതിരെയുമാണ് കൂടുതലും ട്രോളുകള്‍ ഇറക്കിയിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ആരോപണത്തിന് പിന്നാലെ മാതൃഭൂമി ഗ്രൂപ്പ് എം.ഡി എം.വി. ശ്രേയാംസ് കുമാറും ട്രോളുകളില്‍ നിറയുന്നുണ്ട്.
മരംമുറി കേസുകളില്‍ റിപ്പോര്‍ട്ടര്‍ ചാനലും മാതൃഭൂമി ന്യൂസും പരസ്പരം മരം കള്ളന്മാരെന്ന് വിളിച്ച് കളിയാക്കുമ്പോള്‍, മനോരമ ന്യൂസ് ‘ഇനി കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യ തിങ്കളാഴ്ച’ എന്ന വാര്‍ത്തയുമായി വരുന്ന ട്രോളാണ് ഏറ്റവുമധികം വൈറലായിരിക്കുന്നത്.
ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷന്‍ കോമഡി സീന്‍ വെച്ചും റിപ്പോര്‍ട്ടര്‍ ചാനലിനെയും മാതൃഭൂമി ന്യൂസിനേയും ട്രോളുന്നുണ്ട്. ജോലി മാധ്യമ പ്രവര്‍ത്തനമാണെന്ന് ഒരാള്‍ പറയുമ്പോള്‍, യഥാര്‍ത്ഥ ജോലി മരം മുറിയാണെന്ന് സുഹൃത്ത് വെളിപ്പെടുത്തുന്ന ട്രോളും വൈറലാണ്.
പിന്നീട് ഈ വിഷയത്തില്‍ ഏറ്റവുമധികം ട്രോളുകള്‍ ഏറ്റുവാങ്ങിയത് റിപ്പോര്‍ട്ടര്‍ ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്ററായ അരുണ്‍ കുമാറാണ്. 24 ന്യൂസില്‍ നിന്ന് റിപ്പോര്‍ട്ടറില്‍ എത്തുമ്പോള്‍ അവതാരകന് ഉണ്ടായ നിലപാട് മാറ്റത്തെയാണ് കൂടുതല്‍ പേരും ട്രോളുന്നത്.
മുതലാളി മാറും തോറും വാര്‍ത്തയുടെ സ്വഭാവം മാറിക്കൊണ്ടേയിരിക്കും, പണത്തിന് മുന്നില്‍ എന്ത് ആദര്‍ശം എന്ത് ധാര്‍മ്മികത, കാശ് തരുന്ന മുതലാളിയെ എങ്ങനെ തള്ളിപ്പറയും, സിമ്പിള്‍.. മുതലാളി മാറുമ്പോ നിലപാടും മാറും, വീരപ്പന്മാര്‍ തങ്കപ്പന്മാര്‍ ആകുന്ന കാഴ്ച.. എന്നിങ്ങനെയാണ് ഇത്തരം ട്രോളുകള്‍ക്ക് കീഴില്‍ വരുന്ന കമന്റുകള്‍.
മരം മുറിക്കാന്‍ എം.വി. ശ്രേയാംസ് കുമാര്‍ വയനാടന്‍ കാട്ടില്‍ എത്തുമ്പോള്‍ പി.വി. അന്‍വറിനെ പേടിച്ച് മരത്തില്‍കയറി ഒളിച്ചിരിക്കുന്ന ഷാജന്‍ സ്‌കറിയയുടെ ട്രോളും കാഴ്ചക്കാരില്‍ ചിരിപടര്‍ത്തുന്നുണ്ട്.
നേരത്തെ മുട്ടില്‍ മരംമുറിക്കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുമായ റോജി അഗസ്റ്റിനെതിരെ മാതൃഭൂമി ന്യൂസ് ഉള്‍പ്പെടെയുള്ള ചാനലുകള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍ മാതൃഭൂമി ഗ്രൂപ്പ് എം.ഡിയും എല്‍.ജെ.ഡി നേതാവുമായ എം.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തില്‍ മരംകൊള്ള നടക്കുന്നുണ്ടെന്ന ആരോപണവുമായി റിപ്പോര്‍ട്ടര്‍ ചാനലും രംഗത്തെത്തിയിരിക്കുന്നത്.
ഇതില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്താന്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി. ആന്റോ അഗസ്റ്റിന്‍ ആരോപിച്ചു. ജൂലൈ 26ന് ചാനല്‍ എഡിറ്റര്‍ ഇന്‍ ചീഫ് എം.വി. നികേഷ് കുമാര്‍ നടത്തിയ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ആന്റോ അഗസ്റ്റിന്റെ ആരോപണം.
അതേസമയം, ആന്റോ അഗസ്റ്റിന്റേത് വെറും ജല്‍പനങ്ങള്‍ മാത്രമാണെന്നാണ് എം.വി. ശ്രേയാംസ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ അത് തെളിയിക്കട്ടെ. എന്റെ തോട്ടത്തില്‍ മരം മുറിച്ചോ എന്ന് ഉറപ്പുണ്ടോ? കണ്ടവരുടെ തോട്ടത്തില്‍ കണ്ടവര്‍ മുറിച്ച മരങ്ങളുടെ കുറ്റം എനിക്കെങ്ങനെ വരും?,’ ശ്രേയാംസ് കുമാര്‍ ചോദിച്ചു.
Content Highlights: muttil maram muri case, channel war gets trolled