തിരുവനന്തപുരം: വയനാട് മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പ്രതികളായ റോജോ അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവരാണു കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നു സര്‍ക്കാര്‍ പറഞ്ഞു.
പ്രതികള്‍ സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണു വനം കൊള്ള നടത്തിയത്. വില്ലേജ് ഓഫീസര്‍മാരടക്കം കേസില്‍ അന്വേഷണം നേരിടുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നേരത്തെ വിഷയം നിയമസഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. അതേസമയം ഉത്തരവു ദുര്‍വ്യാഖ്യാനം ചെയ്താണു കൊള്ള നടത്തിയതെന്നാണു വനംമന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞത്.