| Thursday, 10th June 2021, 7:59 am

മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: മുട്ടില്‍ വനംകൊള്ള മുന്‍ വനം വകുപ്പ് മന്ത്രി കെ. രാജുവിന്റെ അറിവോടെയെന്നു ആരോപണം. പ്രതി റോജി അഗസ്തിയുടെ സുഹൃത്ത് ബെന്നിയാണ് ആരോപണമുന്നയിച്ചത്.

മുട്ടില്‍ മരംമുറി മുന്‍ മന്ത്രി കെ. രാജുവിന്റെ അറിവോടെയായിരുന്നെന്നും സര്‍ക്കാരിനു നഷ്ടമുണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നതായും ബെന്നി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

മരം മുറിച്ചത് മന്ത്രിയെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്നും ബെന്നി പറഞ്ഞു.

മരം മുറിക്കാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടു തന്നെയാണ്. ഉദ്യോഗസ്ഥര്‍ എതിര്‍പ്പറിയിച്ചിട്ടും ഭരണ തലത്തില്‍ സമ്മര്‍ദ്ദമുണ്ടായതായും ബെന്നി പറഞ്ഞു. വിഷയം കളക്ടര്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരുത്തിയത് നാല് മാസം കഴിഞ്ഞാണെന്നും ബെന്നിപറഞ്ഞു.

പ്രതി റോജി അഗസ്തിക്കു ഇടതു മന്ത്രിസഭയിലെ ചില മന്ത്രിമാരുമായി ബന്ധമുണ്ടായിരുന്നെന്നു ബെന്നി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഏത് മന്ത്രിമാരുമായി ആണ് ബന്ധമെന്ന് പറഞ്ഞിരുന്നില്ല.

അതേസമയം മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ റോജി അഗസ്തി, ആന്റോ അഗസ്റ്റിന്‍ എന്നിവരടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി റദ്ദാക്കുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

പ്രതികള്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത ബന്ധമുള്ള കേസ് ആണെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വനം കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തുവന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്.

കോഴിക്കോട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥനു ഇക്കാര്യത്തില്‍ വീഴ്ച പറ്റി. 10 കോടി മതിപ്പ് വിലയുള്ള തടിയാണു മുറിച്ചു കടത്തിയത്. അതില്‍ അന്വേഷണം നടക്കുകയാണെന്നും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു.

ഈട്ടിത്തടി മുഴുവന്‍ കണ്ടെത്തിയതു വനം വകുപ്പ് പരിശോധനയില്‍ തന്നെയാണ്. ഇതെല്ലാം സര്‍ക്കാരിന്റെ കൈവശം തന്നെയാണു ഇപ്പോഴുള്ളത്. മന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷമാണു ഇക്കാര്യത്തെ കുറിച്ചു അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muttil forest fraud case allegation against former CPI minister K Raju

We use cookies to give you the best possible experience. Learn more