|

ലെജന്‍ഡ് ടു ലെജന്‍ഡ്; മുത്തയ്യ തിരിച്ചു വന്നു, ആദ്യ പന്തില്‍ സച്ചിന്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുത്തയ്യ മുരളീധരനും വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. 2024 വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പിലാണ് ഇരുവരും ക്രിക്കറ്റ് ജേഴ്സി വീണ്ടും അണിഞ്ഞത്. ശ്രീ മധുസൂദന്‍ സായ് ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ മിഷന്‍ സംഘടിപ്പിക്കുന്ന മത്സരമായിരുന്നു ഇത്.
വണ്‍ വേള്‍ഡും വണ്‍ ഫാമിലിയും തമ്മിലുള്ള മത്സരത്തിലാണ് ഇതിഹാസങ്ങള്‍ കളത്തില്‍ ഇറങ്ങിയത്.

കുട്ടികളുടെ ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഒരു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

സച്ചിന്‍ ടെണ്ടുല്‍ക്കറും ഓഫ് സ്പിന്‍ മാസ്ട്രോ മുത്തയ്യ മുരളീധരനും ഇന്ത്യ-ശ്രീലങ്ക പോരാട്ടങ്ങളില്‍ നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മുന്‍ ശ്രീലങ്കന്‍ സ്പിന്‍ മാന്ത്രികന്‍ ആക്രമണത്തിന് ഇറങ്ങിയപ്പോള്‍ ആദ്യ പന്തില്‍ തന്നെ സച്ചിനെ പുറത്താക്കുകയായിരുന്നു. ലോങ് ഓഫിലേക്ക് ഒരു കൂറ്റന്‍ ഷോട്ട് അടിച്ച സച്ചിനെ മുഹമ്മദ് കൈഫ് കയ്യിലൊതുക്കുകയായിരുന്നു. 16 പന്തില്‍ 27 റണ്‍സാണ് സച്ചിന്‍ നേടിയത്. 168.75 എന്ന സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും ആണ് സച്ചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നാല് ഓവര്‍ എറിഞ്ഞ മുത്തയ്യ 28 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിത്.

വണ്‍ വേള്‍ഡിനായി ബൗളിങ്ങിലും തന്റേതായ സംഭാവനകള്‍ ചെയ്യാന്‍ സച്ചിന് സാധിച്ചിരുന്നു. രണ്ട് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് സച്ചിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കിയത്. 41 പന്തില്‍ 51 റണ്‍സ് നേടിയ ഡാരന്‍ മാഡിയുടെ വിക്കറ്റ് ആണ് സച്ചിന്‍ നേടിയത്.

ബെംഗളൂരുവിലെ സായി കൃഷ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വണ്‍ ഫാമിലി 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വണ്‍ ഫാമിലിയുടെ ബാറ്റിങ്ങില്‍ ഡാരന്‍ മാഡി 41 പന്തില്‍ 51 റണ്‍സും യൂസഫ് പത്താന്‍ 24 പന്തില്‍ 38 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. വണ്‍ വേള്‍ഡ് ബൗളിങ് നിരയില്‍ ആര്‍.പി. സിങ് രണ്ട് വിക്കറ്റ് എട
ുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വണ്‍ വേള്‍ഡ് 19.5 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു. വണ്‍ വേള്‍ഡ് ബാറ്റിങ്ങില്‍ അല്‍വിരോ പീറ്റേഴ്സണ്‍ 50 പന്തില്‍ 74 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ സച്ചിനും കൂട്ടരും നാലു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: Muttiah Muralitharan took the wicket of Sachin Tendulkar