പുതിയ തലമുറയില്‍ വിശ്വാസമുണ്ട്: ശ്രീലങ്കന്‍ ക്രിക്കറ്റിനെക്കുറിച്ച് മുത്തയ്യ മുരളീധരന്‍
Sports News
പുതിയ തലമുറയില്‍ വിശ്വാസമുണ്ട്: ശ്രീലങ്കന്‍ ക്രിക്കറ്റിനെക്കുറിച്ച് മുത്തയ്യ മുരളീധരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 7th January 2024, 6:53 pm

2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ശ്രീലങ്ക മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇതേതുടര്‍ന്ന് മുന്‍ ചാമ്പ്യന്‍മാര്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയാണ് ലങ്ക പുറത്തായത്.

ലോകകപ്പ് യോഗ്യത നേടാന്‍ തന്നെ ലങ്ക ഏറെ വിയര്‍ത്തിരുന്നു. ഇപ്പോള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ തന്റെ ടീമിന്റെ അവസ്ഥയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐ.സി.സിയുടെ ഒരു ട്രോഫി പോലും ലങ്കക്ക് നേടാന്‍ സാധിച്ചില്ലായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ശ്രീലങ്കയുടെ പ്രകടനം മങ്ങിയിട്ടുണ്ടോ എന്ന ചോദ്യത്തോട് ഉത്തരം പറയുകയായിരുന്നു അദ്ദേഹം.

‘ കഴിഞ്ഞ അഞ്ച് പത്ത് കൊല്ലങ്ങളായി ഞങ്ങള്‍ തകര്‍ച്ചയിലായിരുന്നു. കളിക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ലായിരുന്നു. എന്നിരുന്നാലും പുതിയ തലമുറയിലെ കളിക്കാരില്‍ എനിക്ക് വിശ്വാസമുണ്ട്. അവര്‍ കാര്യങ്ങളെ മാറ്റിമറിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു,’ മുത്തയ്യ മീഡിയ വണ്‍ റിപ്പോര്‍ട്ടറോട് സംസാരിച്ചു.

നിലവില്‍ സിംബാബ്‌വെക്ക് എതിരെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന ഹോം പരമ്പരയിലാണ് ലങ്ക. ജനുവരി ആറിന് നടന്ന ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് നേടിയിരുന്നു.

ചരിത് അസലങ്കയുടെ മികച്ച സെഞ്ച്വറിയിലാണ് ലങ്ക സ്‌കോര്‍ ഉയര്‍ത്തിയത്. 95 പന്തില്‍ 101 റണ്‍സാണ് താരം നേടിയത്. കൂടാതെ കുശാല്‍ മെന്‍ഡിസ് 46 (48) റണ്‍സും സധീര സമരവിക്രമ 41 (31) റണ്‍സും നേടിയിരുന്നു. എന്നാല്‍ നാല് ഓവര്‍ പിന്നിട്ടപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സാണ് സിംബാബ്‌വെ നേടിയത്. ശേഷം മഴ കാരണം മത്സരം ഉപേക്ഷിക്കുകയായിരുന്നു.

Content Highlight: Muttiah Muralitharan speak About Sri Lanka Cricket