ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളറെന്ന് നിസ്സംശയം ചൂണ്ടിക്കാണിക്കാന്‍ സാധിക്കുന്ന താരമാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. വിക്കറ്റുകള്‍ വീഴ്ത്തുന്നത് ഹരമാക്കിയ താരത്തിന്റെ ദൂസരക്ക് മുമ്പില്‍ അടിയറവ് പറയാത്ത ബാറ്റര്‍മാര്‍ ചുരുക്കമായിരുന്നു.
അന്താരാഷ്ട്ര കരിയറില്‍ 1347 വിക്കറ്റുകളാണ് മുരളിയുടെ പേരിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഷെയ്ന്‍ വോണ്‍ 1001 വിക്കറ്റുകളാണ് നേടിയത്. ഇവര്‍ രണ്ട് പേരുമല്ലാതെ ഒരാള്‍ പോലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1,000 വിക്കറ്റ് പൂര്‍ത്തിയാക്കിയിട്ടില്ല എന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ടോട്ടല്‍ ഡോമിനേഷന്‍ എത്രത്തോളം വലുതായിരുന്നു എന്ന് മനസിലാകുക. ഏകദിനത്തിലും ടെസ്റ്റിലും 500+ വിക്കറ്റ് നേടിയ ഏക ബൗളറാണ് മുരളി.
കരിയറില്‍ താന്‍ പന്തെറിയാന്‍ ഏറ്റവും ഭയപ്പെട്ട ബാറ്ററെ കുറിച്ച് സംസാരിക്കുകയാണ് മുത്തയ്യ. ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സേവാഗിനെതിരെ പന്തെറിയാനാണ് ഏറ്റവും പേടിച്ചിരുന്നത് എന്നാണ് മുത്തയ്യ പറയുന്നത്. വിക്കറ്റ് നഷ്ടമാകുമെന്ന ഭയമില്ലാതെയാണ് സേവാഗ് കളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എസ്.ബി കോളേജില്‍ നടന്ന ഒരു ഇന്ററാക്ടീവ് സെഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.
‘സേവാഗിനെതിരെ പന്തെറിയാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ഭയപ്പെട്ടിരുന്നു. എതിരെ പന്തെറിയുന്ന ബൗളര്‍ ആരാണെന്നോ അല്ലെങ്കില്‍ വിക്കറ്റ് നഷ്ടപ്പെടുമോ എന്നൊന്നുമുള്ള പേടി അദ്ദേഹത്തിനുണ്ടായിരുന്നില്ല.
ആക്രമിച്ചുകളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന താരമാണ് അദ്ദേഹം. ഫോമിലെത്തുന്ന ദിവസം സേവാഗിനെ തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമാകില്ല. ആ ദിവസം അദ്ദേഹത്തെ തടഞ്ഞു നിര്‍ത്താന്‍ പ്രയാസമാണ്. അധികം താരങ്ങള്‍ക്കില്ലാത്ത ഗുണമാണ് ഇത്,’ മുത്തയ്യ പറഞ്ഞു.
തന്റെ വജ്രായുധമായ ദൂസരയെ കുറിച്ചും അതെറിയാന്‍ തന്നെ പഠിപ്പിച്ച താരത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ദൂസര ബൗള്‍ ചെയ്യുന്നതിന്റെ അടിസ്ഥാന വശങ്ങള്‍ ഞാന്‍ പഠിച്ചത് സാഖ്‌ലെയ്ന്‍ മുഷ്താഖില്‍ നിന്നാണ്. അത് പഠിക്കുന്നത് അത്ര എളുപ്പമല്ല. കൃത്യമായി ദൂസരെ എറിയാന്‍ എനിക്ക് മൂന്ന് വര്‍ഷത്തിലേറെ സമയമെടുത്തിരുന്നു,’ മുത്തയ്യ മുരളീധരന്‍ പറഞ്ഞു.
1996ലെ ഏകദിന ലോകകപ്പ് നേടിയ ശ്രീലങ്കയുടെ നിര്‍ണായക താരമായിരുന്നു മുത്തയ്യ. നിലവില്‍ മുന്‍ ഐ.പി.എല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ സ്പിന്‍ ബൗളിങ് കോച്ചായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.
Content Highlight: Muttiah Muralitharan says he was scared to bowl against Virender Sehwag