| Sunday, 17th September 2023, 12:54 pm

Random Cricket Facts | ഇങ്ങേര്‍ക്ക് ഇങ്ങനേം ഒരു റെക്കോഡോ!! ഇതൊക്കെ ആര് തകര്‍ക്കാന്‍, എപ്പോള്‍ തകര്‍ക്കാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍ എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന താരമാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ക്രിക്കറ്റിലെ എണ്ണമറ്റ ബൗളിങ് റെക്കോഡുകളില്‍ തന്റെ പേരെഴുതിവെച്ച മുരളീധരന്‍ തന്നെയാണ് ലോകം കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനും.

ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും 500 വിക്കറ്റ് പൂര്‍ത്തിയാക്കിയ ഏക ബൗളറാണ് മുത്തയ്യ മുരളീധരന്‍. ഏകദിനത്തില്‍ 534 വിക്കറ്റ് നേടിയ മുരളീധരന്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നേടിയത് 800 വിക്കറ്റുകളാണ്.

ഇതിന് പുറമെ ഏറ്റവുമധികം മെയ്ഡനുകള്‍, ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ എന്നുതുടങ്ങി സ്പിന്‍ വിസാര്‍ഡിന്റെ റെക്കോഡ് നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.

എന്നാല്‍ ഇതിന് പുറമെ ഒരു അത്യപൂര്‍വ റെക്കോഡും മുത്തയ്യ മുരളീധരന്റെ പേരിലുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവുമധികം റിട്ടേണ്‍ ക്യാച്ച് (കോട്ട് ആന്‍ഡ് ബൗള്‍ഡ്) സ്വന്തമാക്കിയ താരം എന്ന റെക്കോഡ് മുത്തയ്യ മുരളീധരന്റെ പേരിലാണെന്നത് അധികമാര്‍ക്കും അറിയാത്ത വസ്തുതയാണ്.

35 തവണയാണ് ഏകദിനത്തില്‍ മുത്തയ്യ മുരളീധരന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ എതിര്‍ ടീം ബാറ്റര്‍മാരെ പുറത്താക്കിയത്. താരത്തിന്റെ അജിലിറ്റിയും അവേര്‍നസും വ്യക്തമാക്കുന്നതായിരുന്നു പല ക്യാച്ചുകളും.

ടെസ്റ്റ് ക്രിക്കറ്റിലും ഇത്തരത്തില്‍ 35 താരങ്ങളെ പുറത്താക്കിയാണ് റെക്കോഡ് പട്ടികയില്‍ താരം ഒന്നാം സ്ഥാനത്ത് തുടരുന്നത്. എന്നാല്‍ ഈ പട്ടികയില്‍ മുത്തയ്യ ഒറ്റയ്ക്കല്ല. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബൗളറായ അനില്‍ കുംബ്ലെയും 35 റിട്ടേണ്‍ ക്യാച്ചുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ട്.

തന്റെ ടെസ്റ്റ് കരിയറില്‍ 70 ക്യാച്ചുകളാണ് മുത്തയ്യ നേടിയിട്ടുള്ളത്. ഇതില്‍ പകുതിയും റിട്ടേണ്‍ ക്യാച്ചിലൂടെയാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 132 ഇന്നിങ്‌സില്‍ നിന്നുമാണ് താരം 70 ക്യാച്ചുകള്‍ കൈപ്പിടിയിലൊതുക്കിയത്. 0.303 ആണ് താരത്തിന്റെ ക്യാച്ച് പെര്‍ ഇന്നിങ്‌സ് റേഷ്യോ.

ടെസ്റ്റില്‍ ശ്രീലങ്കക്കായി ഏറ്റവുമധികം ക്യാച്ചുകള്‍ കംപ്ലീറ്റ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് മുത്തയ്യ. 205 ക്യാച്ചുമായി മഹേല ജയവര്‍ധനെയാണ് പട്ടികയിലെ ഒന്നാമന്‍.

എന്നാല്‍ ഏകദിനത്തിലേക്ക് വരുമ്പോള്‍ താരത്തിന്റെ ഫീല്‍ഡിങ് സ്റ്റാറ്റ്‌സുകള്‍ ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. 130 ക്യാച്ചുകളാണ് മുത്തയ്യ ഏകദിനത്തില്‍ സ്വന്തമാക്കിയത്. ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും ലങ്കന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാമനുമാണ് മുത്തയ്യ. 218 ക്യാച്ചുമായി മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെയാണ് രണ്ട് പട്ടികയിലും ഒന്നാം സ്ഥാനത്ത് തുടരുന്നത്.

Content Highlight: Muttiah Muralitharan’s unique record in cricket

We use cookies to give you the best possible experience. Learn more