മുരളീധരന്‍ പോലും കലിപ്പാവണമെങ്കില്‍ അത് എത്രത്തോളമാണെന്ന് ഊഹിക്കാം
IPL
മുരളീധരന്‍ പോലും കലിപ്പാവണമെങ്കില്‍ അത് എത്രത്തോളമാണെന്ന് ഊഹിക്കാം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th April 2022, 2:19 pm

ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും സൗമ്യനായ താരങ്ങളിലൊരാളാണ് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ക്രിക്കറ്റ് മൈതാനത്തുവെച്ചോ പുറത്തുവെച്ചോ അതിരുവിട്ട പ്രവര്‍ത്തികള്‍ താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറില്ല.

പുഞ്ചിരിയോടെ എതിരാളിയെ നേരിടുന്ന മുരളീധരന്‍ സ്ലെഡ്ജിംഗില്‍ പോലും ഏര്‍പ്പെടാറില്ല. സച്ചിനെ പോലെ ലാറയെ പോലെ ക്രിക്കറ്റിലെ ജന്റില്‍മാനായിരുന്നു മുത്തയ്യ.

എന്നാല്‍ അത്തരത്തിലുള്ള മുത്തയ്യ പോലും തന്റെ നിയന്ത്രണം വിടുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ ഐ.പി.എല്‍ മത്സരത്തിനിടെ കണ്ടത്. സണ്‍റൈസേഴ്‌സ് ഹൈഗരാബാദ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തിലാണ് സ്വയം മറന്നുകൊണ്ട് ഹൈദരാബാദിന്റെ ബൗളിംഗ് കോച്ച് കൂടിയായിരുന്ന മുരളീധരന്‍ പൊട്ടിത്തെറിച്ചത്.

സുഖസുന്ദരമായി ജയിക്കാമായിരുന്ന കളി കൈവിട്ടതിന്റെ നിരാശകൊണ്ടായിരുന്നു താരം നിലമറന്നുപോയത്.

അവസാന ഓവറില്‍ 22 റണ്‍സായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്കന്‍ യുവതാരം മാര്‍കോ ജെന്‍സന്‍ എറിഞ്ഞ ഓവറില്‍ ഗുജറാത്ത് ലക്ഷ്യം കാണുകയായിരുന്നു. ഒരു ദയയും കാട്ടാതെയാണ് രാഹുല്‍ തെവാട്ടിയയും റാഷിദ് ഖാനും ജെന്‍സനെ അടിച്ചുകൂട്ടിയത്.

ഇതോടെ ഹൈദരാബാദ് പരാജയപ്പെടുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തില്‍ തന്നെ നായകന്‍ കെയ്ന്‍ വില്യംസണെ നഷ്ടമായിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മയും എയ്ഡന്‍ മര്‍ക്രമും ആഞ്ഞടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. ഇരുവരും യഥാക്രമം 65ഉം 56ഉം റണ്‍സ് നേടിയായിരുന്നു പുറത്തായത്.

പിന്നാലെയെത്തിയ യുവതാരം ശശാങ്ക് സിംഗിന്റെ പ്രകടനം സണ്‍റൈസേഴ്‌സ് ആരാധകരരെ ആവേശത്തിന്റെ ഉച്ഛസ്ഥായിയിലായിരുന്നു എത്തിച്ചത്. കേവലം ആറ് പന്തില്‍ 416.67 സ്‌ട്രൈക്ക് റേറ്റില്‍ 25 റണ്‍സായിരുന്നു താരം നേടിയത്. ഇതോടെ ഹൈദരാബാദ് ടീം ടോട്ടല്‍ 195ല്‍ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍മാര്‍ രണ്ട് പേരും ആഞ്ഞടിച്ചപ്പോള്‍ ഗുജറാത്ത് അനായാസ ജയം നേടുമെന്ന് തോന്നിച്ചു.

എന്നാല്‍ ജമ്മു എക്‌സ്പ്രസ് ഉമ്രാന്‍ മാലിക്കിന്റെ കൈയില്‍ പന്തെത്തിയതോടെ കളി മാറി. ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 4 ഓവറില്‍ 25 റണ്‍സിന് 5 വിക്കറ്റുകളായിരുന്നു താരം പിഴുതത്.

എന്നാല്‍ അവസാന ഓവറുകളില്‍ തെവാട്ടിയയും റാഷിദും നടത്തിയ ചെറുത്തുനില്‍പാണ് ഹൈദരാബാദില്‍ നിന്നും വിജയം തട്ടിത്തെറിപ്പിച്ചത്.

Content Highlight:  Muralitharan loses cool as Sunrisers lost to Gujarat Titans