ക്യാരക്ടർ റോളുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മുത്തുമണി. അന്നയും റസൂലും, ഹൗ ഓൾഡ് ആർ യു, കടൽകടന്ന് ഒരു മാത്തുക്കുട്ടി, ജോമോന്റെ സുവിശേഷങ്ങൾ, രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം ,രാമന്റെ ഏദൻതോട്ടം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ മുത്തുമണി അഭിനയിച്ചിട്ടുണ്ട്. മുത്തുമണിയുടെ പങ്കാളി തിരക്കഥാകൃത്ത് അരുൺ പി.ആർ. ആണ്. ജമ്നാപ്യാരി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയത് അരുണാണ്.
താനും അരുണുമായുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ തന്റെ അമ്മ ഭ്രാന്തനും ഭ്രാന്തിയുമെന്ന് ടാഗ് ചെയ്യാറുണ്ടെന്ന് മുത്തുമണി പറഞ്ഞു. തങ്ങൾക്ക് വട്ടാണെന്നാണ് അമ്മ വിശ്വസിക്കുന്നതെന്നും മുത്തുമണി പറയുന്നുണ്ട്. തങ്ങളുടെ കുടുംബത്തിൽ ആരും ഉണ്ടായിരുന്ന ജോലി രാജിവെച്ച് കലക്ക് വേണ്ടി ഇറങ്ങി തിരിച്ചിട്ടില്ലെന്ന് മുത്തുമണി കൂട്ടിച്ചേർത്തു. വണ്ടർവാൾ മീഡിയ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘എന്റെ അമ്മ ഞങ്ങൾ രണ്ടുപേരുടെയും ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇടുന്ന ഒരു ടാഗ് ഉണ്ട്. കഴിഞ്ഞ ഏഴെട്ട് വർഷമായിട്ട് അമ്മ തുടർച്ചയായിട്ട് ഭ്രാന്തനും ഭ്രാന്തിയും എന്ന് പറഞ്ഞിട്ടാണ് ഇടുന്നത്. അമ്മ സ്നേഹത്തിൽ പറയുന്ന കാര്യമാണിത്. ഞങ്ങൾക്ക് രണ്ടുപേർക്കും വട്ടാണ് എന്നുള്ളത് അമ്മ ശരിക്കും വിശ്വസിക്കുന്ന ഒരു കാര്യം കൂടിയാണത്.
നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ ഫാമിലി സർക്കിളിൽ ഒന്നും ഇങ്ങനെ ഉണ്ടായിരുന്ന ജോലി രാജിവെച്ച് കലക്കുവേണ്ടി ഇറങ്ങിത്തിരിച്ച ആളുകളില്ല. അതിന്റേതായ എല്ലാ ടെൻഷൻസെല്ലാം വീട്ടുകാർക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ഹാപ്പിയാണെന്ന് അവരെ ബോധ്യപ്പെടുത്തിയപ്പോൾ അവരുടെ ഭാഗത്തുനിന്നുള്ള ടെൻഷൻസ് കുറഞ്ഞു,’ മുത്തുമണി പറഞ്ഞു.
ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോറാണ് മുത്തുമണിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ സുധി കോഴിക്കോട്, ആർ.എസ്. പണിക്കർ, അനഘ, ജോജി ജോൺ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ജ്യോതികയുടെ വക്കീലായായി മുത്തുവും മമ്മൂട്ടിയുടെ വക്കീലായി ചിന്നു ചാന്ദിനിയുമാണ് അഭിനയിച്ചത്.
Content Highlight: Muthumani about her family’s response