കോട്ടയം: കോട്ടയത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ സി.ഐ.ടി.യുക്കാരുടെ കയ്യേറ്റ ശ്രമം. മുത്തൂറ്റ് ഫിനാന്‍സ് സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്.
ബേക്കര്‍ ജംഗ്ഷനിലായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് സമരം നടത്തിയിരുന്നു. പൊലീസ് നോക്കി നില്‍ക്കേ തന്നെ സിഐടിയു പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ ജോലിക്കെത്തിയ ജീവനക്കാരെ മുദ്രാവാക്യം വിളിച്ച് സി.ഐ.ടി.യു പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. സംഭവത്തില്‍ മനോരമ ന്യൂസ് ക്യാമറാമാന്‍ സി അഭിലാഷിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. അഭിലാഷിന്റെ ക്യാമറയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സി.ഐ.ടിയു പ്രവര്‍ത്തകന്‍ രാജു ബോസിന്റെ നേതൃത്വത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതേ സമയം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള കയ്യേറ്റത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകം പ്രതിഷേധം രേഖപ്പെടുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന സംഭവം അപലപനീയമാണെന്ന് കോട്ടയം ജില്ലാ പ്രസ്‌ക്ലബ് സെക്രട്ടറി എസ്.സനല്‍ കുമാര്‍ പറഞ്ഞു.
സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ രംഗത്തെത്തി.