മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങള്‍ 300 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നടന്ന പരിശോധനകളില്‍ ഇതുവരെ 840 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി.
മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങള്‍ 300 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൂന്ന് സ്ഥാപനങ്ങളുടെയും മാനേജിങ് ഡയറക്ടര്‍മാരെ അന്വേഷണത്തിന്റെ ഭാഗമായി ഒന്നിലധികം തവണ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ ഉടമകള്‍ സമ്മതിച്ച് ഒപ്പിട്ട് നല്‍കിയതാണ് 840 കോടിയുടെ ക്രമക്കേടിന്റെ കണക്ക്. യഥാര്‍ത്ഥത്തില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ള വെട്ടിപ്പിന്റെ കണക്ക് ഇതിനേക്കാള്‍ വളരെ കൂടുതലാണ്. അടുത്ത ഒരു മാസത്തിനുള്ളില്‍ അന്വേഷണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെ നികുതി വെട്ടിപ്പിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുമെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
മുത്തൂറ്റ് ഫിനാന്‍സാണ് ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് നടത്തിയിരിക്കുന്നത്. പണയ സ്വര്‍ണം ലേലം ചെയ്തതിലാണ് 60 ശതമാനം ക്രമക്കേടും നടന്നിരിക്കുന്നത്. അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും കൃത്രിമം കാട്ടിയാണ് ലേല സ്വര്‍ണത്തിന്റെ നികുതിയില്‍ വെട്ടിപ്പ് നടത്തിയിരിക്കുന്നത്.
ലാഭം കുറച്ച് കാണിച്ച് നടത്തിയ തട്ടിപ്പും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ വന്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കും. ശേഷം ആവശ്യമെങ്കില്‍ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറും. മൂന്ന് സ്ഥാപനങ്ങളിലും 2 ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള വന്‍കിട നിക്ഷേപകരില്‍ ആദായനികുതി നല്‍കാത്തവരെ കണ്ടെത്തി നോട്ടീസ് അയച്ച് നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.