|

മുത്തൂറ്റില്‍ സമരം മുറുകും; യൂണിയന്‍ പ്രവര്‍ത്തനം അംഗീകരിക്കില്ലെന്ന് ജോര്‍ജ്ജ് മുത്തൂറ്റ്; തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ച് സി.ഐ.ടി.യു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ പ്രവര്‍ത്തനം അംഗീകരിക്കില്ലെന്ന മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ്ജിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗം വിളിച്ച് സി.ഐ.ടി.യു. സെപ്റ്റംബര്‍ 21ന് യോഗം ചേരാനാണ് തീരുമാനം.

മുത്തൂറ്റിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാവാത്ത സാഹചര്യത്തില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കാനാണ് സി.ഐ.ടി.യു നീക്കം.

ജോലി ചെയ്യാന്‍ തയ്യാറായെത്തുന്നവരെ തടയരുതെന്നും സമാധാനപരമായി സമരംചെയ്യുന്നവരുടെ വിഷയത്തില്‍ ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു തരത്തിലും യൂണിയന്‍ പ്രവര്‍ത്തനം അംഗീകരിക്കില്ലെന്നാണ് ജോര്‍ജ്ജ് മുത്തൂറ്റ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.

തൊഴിലാളികളുടെ പിന്തുണയില്ലാതെ യൂണിയന്‍പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, നിലവില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ യൂണിയന്‍ അംഗങ്ങളായ 300 പേര്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നുമാണ് ജോര്‍ജ്ജിന്റെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

20 ശതമാനം ആളുകള്‍ എങ്കിലും യൂണിയനില്‍ ഉണ്ടാവണം. മുത്തൂറ്റിലെ 35,000ത്തോളം ജീവനക്കാരില്‍ 7000 പേരെങ്കിലും യൂണിയനില്‍ ചേരണം. അല്ലാത്ത സാഹചര്യത്തില്‍ യൂണിയന്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നിലവിലെ നിയമപ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്നായിരുന്നു ജോര്‍ജ്ജിന്റെ പ്രസ്താവന. എന്നാല്‍ 30 വര്‍ഷം ജോലിചെയതവര്‍ക്കും 13,000 രൂപയാണ് ശമ്പളം നല്‍കിയതെന്നു പറഞ്ഞപ്പോള്‍ അത് വസ്തുതയല്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

വേണ്ടി വന്നാല്‍ മുത്തൂറ്റിന്റെ കേരളത്തിലെ എല്ലാശാഖകളും പൂട്ടുമെന്നും, മുത്തൂറ്റിനെ കേരളത്തില്‍ നിന്ന് ഓടിക്കാനാണ് ശ്രമിക്കുന്നതെന്നും ജോര്‍ജ്ജ് മുത്തൂറ്റ ്പറഞ്ഞിരുന്നു.

സംഘടനാ ആവശ്യങ്ങളെ മുന്‍ നിര്‍ത്തി രൂപം കൊണ്ട തൊഴിലാളി യൂണിയനുകളെ അംഗീകരിക്കാത്ത മുത്തൂറ്റ് ഫിനാന്‍സ് മുതലാളിക്ക് മുന്നില്‍ കീഴടങ്ങാന്‍ ഒരു തൊഴിലാളി പ്രസ്ഥാനത്തിനും സാധിക്കില്ലെന്ന് സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ