| Thursday, 5th September 2019, 8:27 pm

സര്‍ക്കാരിനെയും ലേബര്‍ കമ്മീഷണറെയും വിശ്വാസമില്ല, കോടതി മധ്യസ്ഥതയ്ക്ക് വിളിച്ചിട്ടും വന്നില്ല; മുത്തൂറ്റ് തൊഴിലാളി സമരത്തെ നേരിടുന്നത് ഇങ്ങനെയാണ്- സമരനേതാവ് നിഷ സംസാരിക്കുന്നു

ജിതിന്‍ ടി പി

സി.ഐ.ടി.യു നേതൃത്വത്തില്‍ സമരം തുടരുന്ന സാഹചര്യത്തില്‍ മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് കമ്പനിയുടെ പ്രസ്താവന കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സമരങ്ങള്‍ കേരളത്തിലെ സ്ഥാപനങ്ങളെ തകര്‍ക്കുന്നെന്ന മിഥ്യാധാരണയിലും പൊതുബോധത്താലും മുത്തൂറ്റിലെ തൊഴിലാളി സമരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

മാന്യമായ ശമ്പളത്തിനും തൊഴില്‍ സാഹചര്യത്തിനും വേണ്ടിയുള്ള സമരത്തെ മുന്‍വിധികളോടെ കാര്യമറിയാതെ സമീപിച്ച മാധ്യമങ്ങളും പൊതുജനമധ്യത്തില്‍ പ്രതിക്കൂട്ടിലാക്കി. ഈ സാഹചര്യത്തില്‍ മുത്തൂറ്റില്‍ തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുന്ന മുത്തൂറ്റ് കൊച്ചി ഫിനാന്‍സ് ലിമിറ്റഡിലെ മനേജര്‍ നിഷ കെ. ജയന്‍ സമരത്തിലേക്കിറങ്ങിയതിന്റെ സാഹചര്യത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.

മുത്തൂറ്റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി?

17 വര്‍ഷമായി മുത്തൂറ്റില്‍ ജോലി ചെയ്യുന്നു. ക്ലര്‍ക്കായി തുടങ്ങിയതാണ്. നിലവില്‍ മാനേജറാണ്. എന്നാല്‍ ആ സാഹചര്യമൊക്കെ ഇപ്പോള്‍ മുത്തൂറ്റില്‍ മാറി.

മുത്തൂറ്റില്‍ തൊഴിലാളി യൂണിയന്‍ ആരംഭിക്കുന്നത് എങ്ങനെയാണ്?

നമുക്ക് ബുദ്ധിമുട്ട് വരുമ്പോഴാണല്ലോ സംഘടിക്കണമെന്ന് തോന്നുക. ഇവിടെ ജോലി ചെയ്യുന്ന സാധാരണ സ്റ്റാഫുകള്‍ക്ക് ശമ്പളം തീരെ കുറവാണ്. അതുമാത്രമല്ല ടാര്‍ജറ്റും അതിനനുസരിച്ചുള്ള സമ്മര്‍ദ്ദവും ഉണ്ട്. എന്നാല്‍ അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷയില്ല. ഒരുപാട് പണം കൈകാര്യം ചെയ്യേണ്ടുന്ന ജോലിയാണിത്.

അത് മാത്രമല്ല, ആളുകള്‍ പണയം വെക്കാന്‍ വരുന്നത് ചിലപ്പോള്‍ കളവ് മുതലൊക്കെയായിരിക്കാം. അതിന്റെ ഉത്തരവാദിത്വം ഞങ്ങളാണ് ഏറ്റെടുക്കേണ്ടി വരുന്നത്. അത് പണയം വെക്കാന്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ആ ബാധ്യത ഞങ്ങളുടെ തലയില്‍ കൊണ്ടുവെക്കും. ശമ്പളം കുറവാണ് എന്നതിന് പുറമെ ഇത്തരത്തിലുള്ള മാനസികസംഘര്‍ഷങ്ങളും അഭിമുഖീകരിക്കേണ്ടി വന്നപ്പോഴാണ് സംഘടിതരാകാന്‍ തീരുമാനിച്ചത്.

കമ്പനിയുടെ നയങ്ങളില്‍ മാറ്റം വന്ന സമയത്താണ് ഞങ്ങള്‍ യൂണിയന്‍ രൂപീകരിച്ചത്. 2016 ലായിരുന്നു അത്. സബ്സ്റ്റാഫ് കാറ്റഗറിയിലുള്ള 600 ഓളം പേരുണ്ട് ഇതിനകത്ത്. അവര്‍ക്കൊക്കെ സാലറി വളരെ കുറവാണ്. 12000-13000 രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്.

താങ്കള്‍ മാനേജര്‍ പദവിയിലിരിക്കുന്നയാളാണ്. ഒരുപക്ഷെ താങ്കളുടെ താഴെയുള്ള ആളുകള്‍ക്ക് വേണ്ടിയാണ് ഈ സമരത്തില്‍ നേതൃപരമായ പങ്ക് വഹിക്കുന്നത്?

അതെ.  2006 മുതല്‍ 2012 വരെയൊക്കെ ഇവിടെ അത്ര വലിയ പ്രശ്‌നമില്ലായിരുന്നു. കമ്പനിയുടെ വളര്‍ച്ചയുടെ കാലഘട്ടത്തിലുമൊക്കെ ആയതുകൊണ്ട് ആള്‍ക്കാര്‍ നിന്നു. അതിനുശേഷം സംഘടന രൂപീകരിക്കേണ്ട ഒരു ആവശ്യം വന്നു. ആവശ്യം വന്നപ്പോള്‍ എല്ലാവരും, അതില്‍ മാനേജേര്‍സ് എന്നോ സബ്സ്റ്റാഫെന്നോ എന്നൊന്നുമില്ലാതെ ഒരുമിച്ച് ഒറ്റ സംഘടനായായി നിന്നു.

യൂണിയന്‍ രൂപീകരിച്ച ശേഷം മാനേജ്‌മെന്റിന്റെ പ്രതികരണം എന്തായിരുന്നു?

2016 ല്‍ യൂണിയന്‍ ഉണ്ടാക്കിയ സമയത്ത് അതിന് നേതൃത്വം നല്‍കി എന്നുപറഞ്ഞ് 100 പേരെ കേരളത്തിനകത്തേക്കും പുറത്തേക്കുമൊക്കെ ട്രാന്‍സ്ഫര്‍ ചെയ്തു. നാല് മാസക്കാലം സസ്‌പെന്‍ഷനിലായി. ആന്ധ്രയിലും കര്‍ണാടകയിലുമൊന്നും നമുക്ക് പോവാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ട്രാന്‍സ്ഫര്‍ ഞങ്ങള്‍ അംഗീകരിച്ചില്ല.

സി.ഐ.ടി.യു സമരരംഗത്തേക്കെത്തുന്നത്?

ഞങ്ങളുടേത് നോണ്‍ ബാങ്കിംഗ് ആന്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ എന്ന സംഘടനയാണ്. സി.ഐ.ടി.യുവില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന സംഘടനയാണിത്. സി.ഐ.ടി.യുക്കാര്‍ വന്ന് ബ്രാഞ്ച് അടയ്ക്കുന്നു, ,സി.ഐ.ടി.യു വന്ന് സമരം നടത്തുന്നു എന്ന് പറയുന്നത് തെറ്റാണ്. ഞങ്ങളെ സഹായിക്കാനാണ് സി.ഐ.ടി.യു വന്നത്.

മാനേജ്‌മെന്റുമായി സമരത്തിന് മുന്‍പ് ചര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നോ?

യൂണിയന്‍ രൂപീകരിച്ചതോടെ അതിലുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചു. അതിനെതിരെ കമ്പനിയ്ക്ക് ലെറ്റര്‍ അയക്കേണ്ടി വന്നു. 2017 ല്‍ അവകാശപത്രിക സമര്‍പ്പിച്ചു. അതൊന്നും കമ്പനി കാണാന്‍ തയ്യാറായില്ല.

2018 ല്‍ വീണ്ടും അനിശ്ചിതകാല സമരം നടത്തേണ്ടി വന്നു. കാരണം അതിന് മുന്‍പ് നടന്ന കരാറൊന്നും പാലിക്കപ്പെടുന്നില്ല. 2018 ഡിസംബര്‍ 10 മുതല്‍ 14 വരെ ഞങ്ങള്‍ അഞ്ച് ദിവസത്തെ സമരം നടത്തേണ്ടി വന്നു. ആ പണിമുടക്കിലുണ്ടാക്കിയ കരാര്‍ കമ്പനി ഇതുവരെ പാലിച്ചിട്ടില്ല.


കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ആറ് തവണ ഞങ്ങള്‍ കമ്പനിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളെ സമരത്തിലേക്ക് തള്ളിവിടരുത് എന്ന് പറഞ്ഞു. അങ്ങനെ നിരവധി തവണ സമരരംഗത്തേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്.

ലേബര്‍ കമ്മീഷണറുമായി ബന്ധപ്പെട്ടിരുന്നോ?

ഈ പ്രശ്‌നം അറിഞ്ഞിട്ട് ലേബര്‍ കമ്മീഷണര്‍ ഞങ്ങള്‍ രണ്ട് കൂട്ടരേയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ആ ചര്‍ച്ചയില്‍ മുഖം കാണിച്ചു മടങ്ങി എന്നല്ലാതെ മാനേജ്‌മെന്റ് പ്രതിനിധികള്‍ ഒരു തീരുമാനവും എടുത്തില്ല. ജി.എം ലെവലിലുള്ള രണ്ട് പേരെയാണ് അവര്‍ ചര്‍ച്ചക്കയച്ചത്. അവര്‍ ഞങ്ങള്‍ക്കൊരു തീരുമാനമെടുക്കാനുമുള്ള അധികാരമില്ലെന്ന് പറഞ്ഞ് മിനുട്‌സിലൊപ്പിട്ട് പോവുകയാണ് ചെയ്തത്.

എങ്ങനെയാണ് കോടതിയിലേക്ക് എത്തുന്നത്.?

ഇതെല്ലം കഴിഞ്ഞ ശേഷം ചര്‍ച്ചയ്ക്ക് തയ്യാറാകാതെ കമ്പനി കോടതിയില്‍ പോയി സമരം ഇല്ലീഗലാണെന്നും നിരോധിക്കണം എന്നും ആവശ്യപ്പെട്ടു. പലപ്പോഴും സമരവുമായി ബന്ധപ്പെട്ട് സംരക്ഷണം തന്നിട്ടുള്ളതിനാല്‍ കോടതിയ്ക്ക് ഈ വിഷയം നേരത്തെ അറിയാം. സമരം നിരോധിക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. സമരം ഒത്തുതീര്‍ക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

സര്‍ക്കാരിനെയും ലേബര്‍ കമ്മീഷണറെയും വിശ്വാസമില്ലെന്നാണ് കമ്പനി പറഞ്ഞത്. അപ്പോള്‍ നമ്മുടെ വക്കീല്‍ ഇടപെട്ടാണ് അങ്ങനെയെങ്കില്‍ കോടതി മധ്യസ്ഥത വഹിക്കട്ടെ എന്ന് ആവശ്യപ്പെട്ടത്. അങ്ങനെ രണ്ട് കൂട്ടരും പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെങ്കില്‍ മധ്യസ്ഥത വഹിക്കാന്‍ കോടതി തയ്യാറാണെന്ന് പറഞ്ഞു.

യൂണിയനും അതിന് തയ്യാറാണെന്ന് പറഞ്ഞ് മെമ്മോ ഫയല്‍ ചെയ്തു. എന്നാല്‍ ആദ്യം സമ്മതിച്ച മാനേജ്‌മെന്റ് മെമ്മോ ഫയല്‍ ചെയ്യണ്ടേ സമയത്ത് അത് പറ്റില്ലെന്ന് പറഞ്ഞു. അതായത് കോടതി വിളിച്ച മീഡിയേഷനിലും വന്നില്ല.

മുത്തൂറ്റ് പൂട്ടുമെന്നാണല്ലോ പറയുന്നത്?

അതൊക്കെ സമരക്കാരെ ഭീഷണിപ്പെടുത്താന്‍ പറയുന്നതാണ്. എന്തിന്റെ പേരില്‍ പൂട്ടും.? പൂട്ടണമെങ്കില്‍ ആര്‍.ഡി മൂന്ന് മാസത്തെ നോട്ടീസ് കൊടുക്കണം. ആദ്യം പറഞ്ഞത് കേരളത്തിലെ ബ്രാഞ്ചുകളൊക്കെ പൂട്ടിക്കെട്ടുകയാണെന്നാണ്. പിന്നെ പറഞ്ഞു 300 ബ്രാഞ്ചെന്ന്. പിന്നെ പറഞ്ഞു ഇടക്ക് ഘട്ടം ഘട്ടമായിട്ട് ചെയ്യുമെന്ന്. ഇന്നലെ പറഞ്ഞു 15 ബ്രാഞ്ചുകള്‍ പൂട്ടും എന്ന്.

പൂട്ടുമെന്ന് പറയുന്ന 15 ബ്രാഞ്ചും ഞങ്ങളുടെ യൂണിയന്‍ നേതാക്കളുടെ ബ്രാഞ്ചാണ്. ഒന്നും നഷ്ടത്തിലല്ല.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ചല്ലേ ഇവിടെ ട്രേഡ് യൂണിയന്‍ ഉണ്ടാകുന്നത്. അവരോട് കമ്പനി ചര്‍ച്ചയ്ക്ക് തയ്യാറാവില്ല. അവരെ വളരാന്‍ അനുവദിക്കില്ല. അവരുള്ള ചാനല്‍ ചര്‍ച്ചയില്‍ പോലും വരില്ല.

അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ വരാത്തത് തൊഴിലാളികളുടെ ചോദ്യത്തിന് മറുപടിയുണ്ടാവില്ല എന്നുള്ളത് കൊണ്ടാണ്. എല്ലാ കമ്പനിയിലും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ച സ്റ്റാന്‍ഡിംഗ് റൂള്‍സ് വേണം. ഈ കമ്പനിയില്‍ സ്റ്റാന്‍ഡിംഗ് റൂള്‍സ് ഇല്ല.

എട്ടരമണിക്കൂറാണ് ജോലി സമയം. അഞ്ച് മിനിറ്റ് വൈകിയാല്‍ ശമ്പളം കട്ട് ചെയ്യും. വൈകിയാല്‍ അവധിയില്‍ നിന്നല്ലേ കട്ട് ചെയ്യേണ്ടത്.

ഹെഡ് ഓഫീസില്‍ സമരം ചെയ്യാന്‍ വേണ്ടി പോകുമ്പോഴാണ് മാനേജ്‌മെന്റിന്റെ കുറച്ച് ഗുണ്ടകള്‍ വന്ന് പ്രശ്‌നമുണ്ടാക്കുന്നത്. അവരും ജോലിക്കാരാണ്. അവരോട് പറഞ്ഞിരിക്കുന്നത് നിങ്ങള്‍ക്ക് ജോലി വേണമെന്നുണ്ടെങ്കില്‍ ഈ സമരക്കാരെ ഓടിച്ചോളൂ അല്ലെങ്കില്‍ ഞാനിവിടെ ഈ സ്ഥാപനം പൂട്ടും എന്നാണ്. ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ സി.ഐ.ടി.യു ഗോ ബാക്ക് എന്ന് പറഞ്ഞ് ഞങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു അവര്‍.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more