കേരളത്തിലെ ബ്രാഞ്ചുകള്‍ പൂട്ടുന്നതിനു മുമ്പു തന്നെ മറ്റിടങ്ങളില്‍ മൂന്നുദിവസം മുത്തൂറ്റ് ഫിനാന്‍സ് പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു; വ്യത്യസ്ത കാരണങ്ങള്‍ പറഞ്ഞ് കമ്പനി
മുംബൈ: മുന്നറിയിപ്പുകളൊന്നും തന്നെ നല്‍കാതെ ജൂലൈ 25 മുതല്‍ കേരളത്തിലേതൊഴികെയുള്ള മുത്തൂറ്റ് ഫിനാന്‍സ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. മൂന്നുദിവസത്തിനുശേഷം ജൂലൈ 29നാണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.
കേരളം ഒഴികെയുളള സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളോട് ലോണുകള്‍ നല്‍കേണ്ടെന്നും ബ്രാഞ്ചുകളിലുള്ള തുക ഹെഡ് ഓഫീസിലേക്ക് കൈമാറണമെന്നും നിര്‍ദേശിക്കുകയായിരുന്നു. പ്രത്യേകിച്ച് കാരണമൊന്നും നിരത്താതെയായിരുന്നു മാനേജ്‌മെന്റിന്റെ ഈ നീക്കം. 4480 ബ്രാഞ്ചുകളുള്ള മുത്തൂറ്റില്‍ 623 ബ്രാഞ്ചുകളാണ് കേരളത്തിലുള്ളത്.
ബാങ്കുകളിലെത്തിയ ഉപഭോക്താക്കളോട് കുറച്ചു ദിവസം കാത്തിരിക്കാനായി ആവശ്യപ്പെടുകയാണ് ചെയ്തതെന്നും ജൂലൈ 25ന് ഇതുസംബന്ധിച്ച് ബിസിനസ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പ്യൂട്ടറിലെ പ്രശ്‌നങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായി കമ്പനി അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ പിന്നീട് 29ന് പ്രവര്‍ത്തനം തുടങ്ങിയശേഷം സ്വര്‍ണ വില ഉയരുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമെന്നായിരുന്നു കമ്പനി നല്‍കിയ വിശദീകരണം.
‘ കഴിഞ്ഞ രണ്ടുമാസത്തില്‍ സ്വര്‍ണ വില വളരെയധികം ഉയര്‍ന്നിരുന്നു. വില റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. ഏറ്റവും ഉയര്‍ന്ന ലോണ്‍ ടു വാല്യൂ (എല്‍.ടി.വി) 70% ആയി കുറച്ചുകൊണ്ട് ഞങ്ങള്‍ ഗോള്‍ഡ് ലോണ്‍ സേവനങ്ങള്‍ ലഘൂകരിച്ചിരുന്നു. 75% ആണ് ആര്‍.ബി.ഐ ചട്ടപ്രകാരമുള്ള എല്‍.ടി.വി. ‘ എന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
തൊഴിലാളി സമരം കൊണ്ടാണ് കേരളത്തിലെ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതെന്നു പറയുന്ന മാനേജ്‌മെന്റ് എന്തുകൊണ്ടാണ് ഈ മൂന്ന് ദിവസം പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും ബ്രാഞ്ചുകളിലെ പൈസ മുഴുവന്‍ ഹെഡ് ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതെന്ന് വിശദീകരിക്കണമെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.