മാനേജ്മെന്റ് അനുകൂല തൊഴിലാളികളെ ഉപയോഗിച്ച് മുത്തൂറ്റ് ഗ്രൂപ്പിന്റെ 'റൈറ്റ് ടു വര്‍ക്ക് നാടകം'; 166 ജീവനക്കാരെ ഒറ്റരാത്രി കൊണ്ട് പുറത്താക്കിയവരുടെ തൊഴിലാളി സ്നേഹം പ്രഹസനമെന്ന് സമരക്കാര്‍
കൊച്ചി: ന്യൂനപക്ഷം വരുന്ന മാനേജ്മെന്റ് അനുകൂല ജീവനക്കാരെ ഉപയോഗിച്ച് മുത്തൂറ്റ് ഗ്രൂപ്പ് നാടകം കളിക്കുകയാണെന്ന് കമ്പനിയുടെ എറണാകുളത്തെ ആസ്ഥാനത്ത് സമരം ചെയ്യുന്ന തൊഴിലാളികള്‍. മുന്നറിയിപ്പില്ലാതെ 166 പേരെ ഒരു വൈകുന്നേരം പുറത്താക്കിയ മാനേജ്മെന്റ് തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന തൊഴിലാളികളുടെ കയ്യില്‍ റൈറ്റ് ടു വര്‍ക്ക് പ്ലക്കാര്‍ഡു നല്‍കി രംഗത്തെത്തിയിരിക്കുന്നത് പ്രഹസനം മാത്രമാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം മാനേജ്മെന്റ് അനുകൂല തൊഴിലാളികള്‍ക്കയച്ച സര്‍ക്കുലറിലാണ് മുത്തൂറ്റിന്റെ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ലെങ്കില്‍ റൈറ്റ് ടു വര്‍ക്ക് എന്ന് ആലേഖനം ചെയ്ത പ്ലക്കാര്‍ഡുയര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയത്. ഇതിനു പുറമെ ലോക്കല്‍ പൊലീസിനും, ജില്ലാ പൊലീസ് മേധാവിയ്ക്കും സമരക്കാര്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്ന കാണിച്ച് രേഖാമൂലമുള്ള പരാതി നല്‍കണമെന്നും കമ്പനി ജീവനക്കാര്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു.
എഴുതേണ്ട പരാതിയുടെ പകര്‍പ്പും മുത്തൂറ്റ് തൊഴിലാളികള്‍ക്ക് നല്‍കിയിട്ടിട്ടുണ്ട്. സമരം പൊളിക്കാന്‍ സഹായിക്കുന്നവര്‍ക്ക് നിയമ സഹായവും സാമ്പത്തിക സഹായവും കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതു വിധേനയും ഓഫീസില്‍ പ്രവേശിക്കണമെന്നും ഈ ദിവസങ്ങളിലെ ശമ്പളം കമ്പനി നിര്‍ദേശത്തോട് സഹകരിക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കുമെന്നും മുത്തൂറ്റ് എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ജീവനക്കാരുടെ അവസ്ഥ ചൂഷണം ചെയ്ത് കമ്പനി തൊഴിലാളികളെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനിയെന്ന് സമരത്തില്‍ അണിനിരന്ന മുത്തൂറ്റ് ജീവനക്കാര്‍ പറയുന്നു.
ഡിസംബര്‍ 7 നാണ് 43 ബ്രാഞ്ചുകളിലായി ജോലി ചെയ്യുന്ന 166 തൊഴിലാളികളെ മുത്തൂറ്റ് മുന്നറിയിപ്പു പോലുമില്ലാതെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. ഇതിനെതിരെ എറണാകുളത്തെ മുത്തൂറ്റ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് ഒരു മാസമായി സമരം നടത്തിവരികയാണ്് തൊഴിലാളികള്‍. ആഗസ്ത് 20ന് ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കിയ വ്യവസ്ഥകള്‍ എല്ലാം ലംഘിച്ചാണ് കമ്പനി 166 ജീവനക്കാരെ ഒറ്റയടിക്ക് പുറത്താക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ലാഭമല്ലാത്ത ബ്രാഞ്ചുകള്‍ പൂട്ടുന്നുവെന്നാണ് കമ്പനി കൂട്ടപിരിച്ചുവിടലിന് തൊഴിലാളികള്‍ക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുകയായിരുന്നുവെന്ന് യൂണിയന്‍ നേതാവും മുത്തൂറ്റ് കൊച്ചി ഫിനാന്‍സ് ലിമിറ്റഡിലെ മനേജര്‍റുമായ നിഷ.കെ ജയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ബ്രാഞ്ചുകള്‍ ലാഭമില്ലായ്മല്ല ‘നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് യൂണിയന്‍’ എന്ന പേരില്‍ മുത്തൂറ്റിലുള്ളവര്‍ ചേര്‍ന്ന് രൂപീകരിച്ച യൂണിയനാണ് എം.ഡിയുടെ പ്രശ്നം. വര്‍ഷങ്ങളായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ ജോലി ചെയ്ത് വരുന്ന ജീവനക്കാരെയാണ് കമ്പനി ഒരു മുന്നറിയിപ്പു പോലുമില്ലാതെ പുറത്താക്കിയത്,’ നിഷ പറയുന്നു
ഞങ്ങളുടെ കൂട്ടത്തില്‍ 20 വര്‍ഷത്തിനു മേലെ സര്‍വ്വീസുള്ള ആളുകള്‍ വരെ ഉണ്ട്. ഞാന്‍ മുത്തൂറ്റ് ഗ്രൂപ്പില്‍ 17 വര്‍ഷമായി ജോലി ചെയ്ത് വരുന്നയാളാണ്. കമ്പനിയിലെ മികച്ച പെര്‍ഫോമറില്‍ ഒരാള്‍ കൂടിയാണ്. എന്നിട്ടും ലാഭകരമല്ല എന്ന കാരണം ചൂണ്ടിക്കാണിച്ച് കമ്പനി ഞങ്ങളെ പുറത്താക്കാന്‍ ശ്രമിക്കുന്നത് തൊഴിലാളി യൂണിയന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കി എന്ന ഒറ്റ കാരണത്താലാണെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
‘ഇത് കൃത്യമായ പ്രതികാര നടപടിയാണ് എന്നത് വ്യക്തവുമാണ്. ഇപ്പോള്‍ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരൊക്കെ ആറ് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ള ആളുകളുമാണ്,’ നിഷ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
അതേസമയം സമരം ചെയ്യുന്നവരെ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍. സമരം ചെയ്യുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കാം എന്നാണ് എം.ഡിയുടെ നിലപാട്. കേരളത്തിലെ ശാഖകളില്‍ മുത്തൂറ്റിന് 800 ജീവനക്കാര്‍ അധികമാണ് എന്നും മുത്തൂറ്റ് എം.ഡി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
കഴിഞ്ഞ ആഗസ്ത് മാസം ആരംഭിച്ച മുത്തുറ്റ് തൊഴിലാളികളുടെ സമരം 52 ദിവസം നീണ്ടു നിന്നിരുന്നു. ഒറ്റകെട്ടായി സമരത്തിനിറങ്ങിയ തൊഴിലാളികളുടെ മുന്‍പില്‍ മുത്തൂറ്റ് മാനേജ്മെന്റിന്് മുട്ടുമടക്കേണ്ടിവരികയായിരുന്നു. പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് പറഞ്ഞ മാനേജ്്മെന്റിനു മുന്നില്‍ നിശ്ചയ ദാര്‍ഢ്യത്തോടെ സമരം ചെയ്ത് കേരളത്തില്‍ സമീപകാലത്ത് വിജയം വരിച്ച ഏറ്റവും വലിയ തൊഴിലാളി സമരമായിരുന്നു മുത്തൂറ്റിന്റേത്.
അന്ന് സമരം വിജയിച്ചെങ്കിലും തൊഴിലാളി വിരുദ്ധ നടപടികളുമായാണ് മുത്തൂറ്റ് മുന്നോട്ടുപോകുന്നതെന്നാണ് ഒറ്റയടിക്ക് 166 പേരെ വിട്ടയച്ച നടപടിയില്‍ നിന്ന് വ്യക്തമാകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.