| Wednesday, 9th October 2019, 8:23 am

മുത്തൂറ്റ് സമരം 50 ദിനങ്ങള്‍ പിന്നിട്ടു; തളരാതെ സമരക്കാര്‍, പിടിവാശിയില്‍ മാനേജ്‌മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തി വരുന്ന സമരം 50 ദിവസം പിന്നിട്ടു. 11 റീജിയണല്‍ ഓഫീസുകളിലെയും 611 ശാഖകളിലെയും 1800 വേറെ ജീവനക്കാരാണ് പണിമുടക്കി സമരം ചെയ്തു വരുന്നത്.

ഇത്രയും ജീവനക്കാര്‍ 50 ദിവസം സമരം ചെയ്തിട്ടും മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും യാതൊരു അനുകൂല നിലപാടും ഉണ്ടായിട്ടില്ല എന്നാണ് സമരക്കാര്‍ ഉയര്‍ത്തുന്ന പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനേജ്‌മെന്റും ജീവനക്കാരുമായുള്ള പ്രശ്‌ന പരിഹാരത്തിന് മൂന്നു തവണയാണ് ഇതുവരെ മധ്യസ്ഥചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ഈ ചര്‍ച്ചകളൊന്നും സമവായത്തിലെത്തിയില്ല.

ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ വട്ടചര്‍ച്ച ഒത്തു തീര്‍പ്പാകാതെ പിരിഞ്ഞു.

രണ്ടു തവണ മന്ത്രി ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിലും ഒരു വട്ടം സംസ്ഥാന ലേബര്‍ കമ്മീഷണറുടെ നേതൃതത്തിലും നടന്ന ഒത്തു തീര്‍പ്പു ചര്‍ച്ചകളും മാനേജ്‌മെന്റെിന്റെ പിടി വാശി കാരണം ഒത്തു തീര്‍പ്പാകാതെ പിരിഞ്ഞു. വ്യാഴാഴ്ച കൊച്ചിയില്‍ വീണ്ടും ചര്‍ച്ച നടത്തും.

പ്രധാനമന്ത്രി വന്നു പറഞ്ഞാലും യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന എന്നാണ് മുത്തൂറ്റ് ചെയര്‍മാന്‍ എം.ജി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്.

തൊഴിലാളികളുടെ പിന്തുണയില്ലാതെ യൂണിയന്‍പ്രവര്‍ത്തനത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, നിലവില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ യൂണിയന്‍ അംഗങ്ങളായ 300 പേര്‍ മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നുമാണ് ജോര്‍ജ്ജിന്റെ വാദം.

20 ശതമാനം ആളുകള്‍ എങ്കിലും യൂണിയനില്‍ ഉണ്ടാവണം. മുത്തൂറ്റിലെ 35,000ത്തോളം ജീവനക്കാരില്‍ 7000 പേരെങ്കിലും യൂണിയനില്‍ ചേരണം. അല്ലാത്ത സാഹചര്യത്തില്‍ യൂണിയന്‍ പ്രവര്‍ത്തനത്തെ അംഗീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിലെ നിയമപ്രകാരമുള്ള വേതനം തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്നായിരുന്നു ജോര്‍ജ്ജിന്റെ അവകാശവാദം. എന്നാല്‍ 30 വര്‍ഷം ജോലിചെയതവര്‍ക്കും 13,000 രൂപയാണ് ശമ്പളം നല്‍കിയതെന്നു പറഞ്ഞപ്പോള്‍ അത് വസ്തുതയല്ലെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്.

സമരം നടത്തുന്ന യൂണിയന്‍ നേതാക്കളെ പിരിച്ചു വിടുകയോ അല്ലെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തു.

യൂണിയന്‍ നേതാക്കള്‍ ജോലി ചെയ്യുന്ന ശാഖകള്‍ പലതും അടച്ചു പൂട്ടുകയുമുണ്ടായി. തൊഴില്‍മന്ത്രി കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ചെയര്‍മാന്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി പോകുകയാണുണ്ടായത്.

മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ ആഗസ്ത് 20 മുതല്‍ നടത്തുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ മാനേജ്മെന്റ് സന്നദ്ധമാകണമെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടിരുന്നു.

ശമ്പളപരിഷ്‌കരണം നടത്തുക, പ്രതികാരനടപടികള്‍ അവസാനിപ്പിക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉന്നയിച്ചത്. ആഗസ്ത് 17ന് സംസ്ഥാന ലേബര്‍ കമീഷണര്‍ അനുരഞ്ജനചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പുണ്ടായിരുന്നില്ല.

പണിമുടക്കാഹ്വാനം നല്‍കിയത് സി.ഐ.ടി.യു നേതൃത്വത്തിലുള്ള യൂണിയനാണെങ്കിലും, സംസ്ഥാനത്തെ മുഴുവന്‍ ട്രേഡ് യൂണിയനുകളും ഈ സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്.

മാനേജ്മെന്റിന്റെ കടുത്ത എതിര്‍പ്പും ഭീഷണിയും പ്രതികാരനടപടികളും നേരിട്ടാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 50 ദിവസം നീണ്ട സമരത്തെ വീര്യം ചോരാതെ നിലനിര്‍ത്തിയത്. ഇതിനിടെ ജീവനക്കാര്‍ക്കെതിരെ കൈയേറ്റ ശ്രമമുണ്ടാവുകയും ചിലരെ കള്ളക്കേസുകളില്‍ കുടുക്കിയെന്നും പരാതിയുണ്ടായിരുന്നു. സമരങ്ങള്‍ മൂലം സംസ്ഥാനത്തെ ഒട്ടുമിക്ക ശാഖകളിലേയും ബിസിനസ് കുറഞ്ഞിരുന്നു.

ഒരുഘട്ടത്തില്‍ സംഘടനാനേതാക്കള്‍ ജോലിയെടുത്തിരുന്ന ശാഖകള്‍ അടച്ചുപൂട്ടിയും മാനേജ്‌മെന്റ് രംഗത്തെത്തിയിരുന്നു. കോടതിയെ സമീപിച്ചും സമരത്തെ തകര്‍ക്കാന്‍ ശ്രമം നടന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more