|

'സമരത്തിന്റെ മറവില്‍ നടക്കുന്നത് അക്രമമെന്ന്' മൂത്തൂറ്റ് ഫിനാന്‍സിന്റെ പരസ്യം: അക്കമിട്ട് മറുപടി പറഞ്ഞ് തൊഴിലാളികള്‍

ആര്യ. പി

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസുകളില്‍ ഇപ്പോള്‍ നടക്കുന്നത് പണിമുടക്കല്ലെന്നും അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ മാത്രമാണെന്നും അവകാശപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്രപരസ്യം. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളായ മലയാള മനോരമ, മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളിലാണ് മുത്തൂറ്റ് ഫിനാന്‍സ് പരസ്യം നല്‍കിയിരിക്കുന്നത്. എന്നാല്‍ പത്രപരസ്യത്തിലൂടെ സ്വന്തം ന്യായങ്ങള്‍ നിരത്തുകയാണ് മുത്തൂറ്റ് എന്ന് യൂണിയന്‍ നേതാവും മുത്തൂറ്റ് കൊച്ചി ഫിനാന്‍സ് ലിമിറ്റഡിലെ മനേജരുമായ നിഷ.കെ ജയന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. പത്രപരസ്യത്തിലൂടെ മുത്തൂറ്റ് ഫിനാന്‍സ് ഉയര്‍ത്തിയ ഓരോ വാദത്തിനും മറുപടി പറയുകയാണ് തൊഴിലാളികള്‍.

പത്രപരസ്യം

1. ഇപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസുകളില്‍ നടക്കുന്നത് പണിമുടക്കല്ല, അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ മാത്രമാണ്

തൊഴിലാളികളുടെ മറുപടി:

”സമരത്തിന്റെ മറവില്‍ അക്രമം നടക്കുന്നു എന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ സി.ഐ.ടിയുവിന് കീഴിലുള്ള ഒരു സംഘടനയാണ്. സി.ഐ.ടി.യു സമരത്തിന് അനുകൂലമായി നില്‍ക്കുന്നു. എല്ലാ സംഘടനകളും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇത്രയും തൊഴിലാളികളുടെ ജീവിത പ്രശ്‌നമാണ്. യൂണിയനെ തന്നെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. യൂണിയനകത്തുള്ള എല്ലാവരേയും ഇനിയും അവര്‍ പുറത്താക്കും. നമ്മള്‍ മിണ്ടാതെ അവര്‍ തന്ന ഈ രണ്ട് മാസത്തെ ശമ്പളവും വാങ്ങി പോയാല്‍ എന്തായിരിക്കും വരാന്‍ പോകുന്നത്. അത് ആ ഗൗരവത്തില്‍ തന്നെ കാണണം

2. പത്രപരസ്യം

മുത്തൂറ്റ് ഫിനാന്‍സ് 28% ഓഹരികള്‍ പൊതുജനങ്ങളുടെ പക്കലുള്ള ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി ആണ്. ഈ കമ്പനിയുടെ സ്വതന്ത്ര ഡയരക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വളര്‍ച്ച മുരടിച്ചതും, ലാഭകരമല്ലാത്തതുമായ 43 ശാഖകള്‍ അടയ്ക്കുവാന്‍ ഇടയായത്. 2016 ല്‍ കേരളത്തിലെ ശാഖകളില്‍ 2650 കോടി രൂപയുടെ ബിസിനസ് ഉണ്ടായിരുന്നത് തുടര്‍ച്ചയായ സമരങ്ങള്‍ മൂലം കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിസിനസ് കുറഞ്ഞു 1200 കോടി രൂപ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. കേരളത്തിലെ ശാഖകളുടെ ശരാശരി ബിസിനസ് 2 കോടി രൂപയായി കുറഞ്ഞപ്പോള്‍ കേരളത്തിന് പുറത്തുള്ള ശാഖകളുടെ ബിസിനസ് ശരാശരി 9 കോടിയായി ഉയരുകയും ചെയ്തു. കമ്പനിയുടെ ആകെയുള്ള 37500 കോടി രൂപയുടെ ബിസിനസില്‍ കേരളത്തിന്റെ ഓഹരി വെറും 1200 കോടിര രൂപ(കേവലം 3%) മാത്രമാണ്.

തൊഴിലാളികളുടെ മറുപടി

ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്പനിയായ IL&FS ബാങ്കുകളില്‍ നിന്ന് 3000 കോടിയോളം കടമെടുത്ത് തിരിച്ചടക്കാതെ വന്നതോടെ ആര്‍.ബി.ഐയുടെ കടുത്ത നിയന്ത്രണം വന്നിരുന്നു. നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ നേരത്തെ അഞ്ച് ശതമാനത്തിനും ആറ് ശതമാനത്തിനും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്നും കാര്‍ഷിക വായ്പകള്‍ എടുത്തിരുന്നു. കോര്‍പ്പറേറ്റ് ലോണുകള്‍ എന്ന നിലയിലായിരുന്നു ഇത് കൊടുത്തു പോന്നത്. നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളില്‍ നിന്നായിരുന്നു വായ്പ എടുത്തത്. എന്നാല്‍ IL&FS ന്റെ പ്രശ്‌നം വന്നതോടെ ഇത്തരത്തില്‍ നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നു.

2018 ലും 19 ലും ഇവര്‍ക്ക് ബാങ്കുകളില്‍ നിന്ന് ലോണ്‍ കിട്ടുന്നത് കുറഞ്ഞതോടെ ഇവരുടെ ഫണ്ടിന്റെ ലഭ്യത കുറഞ്ഞു. അഡ്വാന്‍സ് കൊടുക്കുന്ന ഫണ്ടിന്റെ ലഭ്യത കുറഞ്ഞതോടെ ഒരു ഗ്രാമിന് 3000 രൂപയുണ്ടെങ്കില്‍ അതിന്റെ 70 ശതമാനമായിരുന്നു നമ്മള്‍ കൊടുക്കുന്ന റേറ്റ്. എന്നാല്‍ ഫണ്ട് ലഭ്യമല്ലാതെ വന്നതോടെ അത്രയും കൊടുക്കാതെ ലോണ്‍ കൊടുക്കുന്നത് കുറച്ചു. പിന്നെയുള്ളത് എന്‍.സി.ഡി ( നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സ്) അതായത് കസ്റ്റമേഴ്‌സിന്റെ അടുത്ത് നിന്നു വാങ്ങുന്ന ഡെപ്പോസിറ്റ്. അത് മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവര്‍ക്ക് 4500 ബ്രാഞ്ചുകളുണ്ട്. ഈ 4500 ബ്രാഞ്ചുകള്‍ നടത്തിക്കൊണ്ടുപോകാനുള്ള തുക ഭീമമാണ്. കമ്പനി റണ്‍ ചെയ്യാനുള്ള തുക എന്‍.സി.ഡിയിലൂടെ മാത്രം കിട്ടില്ല. ബാങ്കില്‍ നിന്നും ലോണ്‍ കിട്ടാതെ വന്നപ്പോള്‍ അവര്‍ പെര്‍ ഗ്രാം റേറ്റ് കുറച്ചു. കേരളത്തില്‍ ഞങ്ങളുടെ സമരം തുടങ്ങുന്നതിന് മുന്‍പ് തന്നെ മൂന്ന് ദിവസം അവര്‍ ഇന്ത്യയിലൂടനീളം (കേരളത്തിലൊഴികെ) ലോണ്‍ കൊടുക്കുന്നത് നിര്‍ത്തി.

മുത്തൂറ്റ് ഗ്രൂപ്പ് പ്രതിസന്ധിയിലേക്കെന്ന് പറഞ്ഞ് അന്ന് തന്നെ വാര്‍ത്തകളും വന്നിരുന്നു. അതിന് ശേഷം ലോണ്‍ കൊടുക്കുന്ന റേറ്റ് കുറച്ചു. മണപ്പുറം ഫിനാന്‍സ് 3000 രൂപ കൊടുക്കുമ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് 2500 രൂപയേ കൊടുക്കുന്നുള്ളൂവെങ്കില്‍ ഒരു കസ്റ്റമറും മുത്തൂറ്റിലേക്ക് പോകില്ല. കൂടുതല്‍ പലിശ കൊടുക്കാന്‍ തയ്യാറാകുന്നത് ഗ്രാം റേറ്റ് കൂടുതല്‍ കിട്ടുന്നതുകൊണ്ടാണ്. അത് കിട്ടാതെ വരുമ്പോള്‍ കസ്റ്റമര്‍ വരില്ല. അപ്പോള്‍ കമ്പനിക്ക് ലോണ്‍ കിട്ടില്ല.

2017 ല്‍ തന്നെ മൂന്ന് മാസം അങ്ങനെ പോയി. 2019 ല്‍ സമരം തുടങ്ങുന്നതിന് മുന്‍പ് തന്നെ അഞ്ചാറ് മാസം കമ്പനി അതേ രീതിയില്‍ തന്നെയാണ് മുന്നോട്ടുപോയത്. ഇപ്പോഴും പഴയ റേറ്റിലേക്ക് കമ്പനി തിരിച്ചെത്തിയിട്ടില്ലെന്നാണ് അറിയുന്നത്. ബ്രാഞ്ചുകളുടെ തകര്‍ച്ചയ്ക്ക് സമരം കാരണമായിട്ടില്ല എന്ന് പറയുന്നില്ല. മൂന്ന് വര്‍ഷമായി നടത്തിയ സമരം കമ്പനിയുടെ ബിസിനസ് കുറഞ്ഞതിന് ഒരു കാരണം മാത്രമാണ്. പക്ഷേ അതിന്റെ സാഹചര്യം എങ്ങനെയാണ് വന്നത്? 125 പേരെ 2016 ല്‍ ട്രാന്‍സ്ഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് ഞങ്ങള്‍ സമരത്തിലേക്ക് പോയത്. അതിന്റെ കാരണം യൂണിയന്‍ രൂപീകരിച്ചു എന്നതായിരുന്നു. എഗ്രിമെന്റ് പാലിക്കാതെ വരുമ്പോഴാണ് സമരത്തിലേക്ക് പോകുന്നത്. ഞങ്ങളെ സമരത്തിലേക്ക് വലിച്ചിഴച്ചതാണ് മാനേജ്‌മെന്റ്.

പത്രപരസ്യം

ശാഖകള്‍ അടയ്ക്കുവാന്‍ 2019 സെപ്റ്റംബറില്‍ തന്നെ തീരുമാനിക്കുകയും പത്രപരസ്യത്തിലൂടെയും എഴുത്തുകളിലൂടെയും ഈ ശാഖകളിലെ ഇടപാടുകാരേയും റിസര്‍വ് ബാങ്കിനേയും അറിയിക്കുകയും ചെയ്തു. നിയമമനുശാസിക്കുന്ന മൂന്ന് മാസത്തെ നോട്ടീസ് നല്‍കിയതിന് ശേഷം ഈ ശാഖകള്‍ 2019 ഡിസംബര്‍ 7 ന് അടയ്ക്കുകയും തന്‍മൂലം ആ ശാഖകളിലെ ജീവനക്കാര്‍ക്ക് അവരുടെ ജോലി നഷ്‌പ്പെടുകയും ചെയ്തു. ഈ ശാഖകളിലെ എല്ലാ കസ്റ്റമര്‍ അക്കൗണ്ടുകളും ഇതിനോടകം ക്ലോസ് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ കമ്പനിക്ക് 860 അധിക ജീവനക്കാര്‍ ഉണ്ട്. ആയതിനാല്‍ ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട ഈ ജീവനക്കാരെ ഉള്‍ക്കൊള്ളുവാന്‍ കമ്പനിക്ക് അവസരവുമില്ല. ആയതിനാല്‍ അവര്‍ക്ക് നിയമാനുസൃതമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഡിസംബര്‍ മാസം തന്നെ നല്‍കിയിട്ടുമുണ്ട്.

തൊഴിലാളികളുടെ മറുപടി

പരസ്യത്തില്‍ അവര്‍ പറയുന്ന ഒരു കാര്യം ബ്രാഞ്ച് പൂട്ടുന്ന കാര്യം തങ്ങള്‍ പത്രപരസ്യം കൊടുത്തിരുന്നു എന്നാണ്. ആര്‍.ബി.ഐക്ക് കൊടുത്തിരുന്നു, സ്റ്റാഫിന് കൊടുത്തിരുന്നു എന്നെല്ലാമാണ് അവര്‍ പറയുന്നത്. സ്റ്റാഫുകള്‍ക്ക് ഇതുവരെ അറിയിപ്പ് കൊടുത്തിട്ടില്ല. ബ്രാഞ്ച് പൂട്ടുന്നതോടെ നിങ്ങള്‍ 164 പേര്‍ക്ക് ജോലി പോകും, നിങ്ങള്‍ക്ക് മൂന്ന് മാസത്തെ സമയം ഉണ്ട്, അതിനുള്ളില്‍ നിങ്ങള്‍ ജോലി അന്വേഷിച്ചോളൂ എന്ന് അവര്‍ സ്വാഭാവികമായും പറയണ്ടേ, ഒരു മാസം മുന്‍പെങ്കിലും അറിയിപ്പ് തരണ്ടേ? അതൊന്നും ചെയ്യാതെ വൈകീട്ട് അഞ്ച് മണിയാകുമ്പോള്‍ ഞങ്ങള്‍ക്ക് ടെര്‍മിനേഷന്‍ ലെറ്റര്‍ അയച്ച് നിങ്ങള്‍ ഇതോടെ ടെര്‍മിനേറ്റ് ആയി എന്ന് പറയുകയായിരുന്നു.

ഡിസംബര്‍ 7 ാം തിയതി ഞങ്ങളുടെ അക്കൗണ്ടിലേക്ക് രണ്ട് മാസത്തെ സാലറി ക്രഡിറ്റ് ചെയ്തു. അതാണ് അവര്‍ പറയുന്ന ആനുകൂല്യം. നോട്ടീസ് തരുന്നതിന് പകരം നമുക്ക് ശമ്പളം തന്നു. ബാക്കി ടെര്‍മിനല്‍ ദിവസം ഗ്രാറ്റിവിറ്റി തന്നു. അത് ആനുകൂല്യമല്ല. അത് ഒരാളെ പിരിച്ചുവിടുമ്പോള്‍ നിയമപരമായി തരേണ്ട കോമ്പന്‍സേഷന്‍ മാത്രമാണ്. അതൊന്നും ഞങ്ങള്‍ ചോദിക്കുന്നില്ല. പിരിച്ചുവിടുമ്പോള്‍ ഞങ്ങള്‍ക്ക് ഇത്ര രൂപ തരണമെന്നോ ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. അത്തരമൊരു ചര്‍ച്ചയേ ഉണ്ടായിട്ടില്ല. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ ജോലി തിരിച്ചുകിട്ടണം. അത് മാത്രമാണ് ആവശ്യം.

പത്രപരസ്യം

52 ദിവസത്തെ പണിമുടക്കിന് ശേഷം ഒക്ടോബര്‍ 10 ന് ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ എല്ലാം കമ്പനി നടപ്പിലാക്കിയിട്ടുള്ളതാണ്. വീണ്ടും സി.ഐ.ടി.യു, 2020 ജനുവരി രണ്ട് മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്

തൊഴിലാളികളുടെ മറുപടി:

500 രൂപ ശമ്പളത്തില്‍ ഇടക്കാല വര്‍ധവന് പറഞ്ഞിരുന്നു. അതായത് മിനിമം ശമ്പളം സ്റ്റേ വാങ്ങിയിട്ട് അത് വെക്കേറ്റ് ചെയ്ത് സര്‍ക്കാര്‍ പാസാക്കുന്നതുവരെ 500 രൂപ ഇടക്കാല ആശ്വാസം നല്‍കണമെന്നായിരുന്നു അത് തന്നിട്ടുണ്ട്. അതിന്റെ സ്റ്റേ വെക്കേറ്റ് ചെയ്തു. ഞങ്ങളുടെ സമരത്തോടെ സര്‍ക്കാര്‍ ഇടപെട്ടു. അതില്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയാല്‍ മതി. അതോടെ ആ സാലറി തരും. അത് ശരിയാണ്.

തടഞ്ഞുവെച്ച ഇ.എസ്.ഒ.പി ഇതുവരെ തന്നിട്ടില്ല. ഒരു ഇന്‍സ്റ്റാള്‍മെന്റ് മാത്രമാണ് തന്നത്. തരാനുള്ള കുടിശികയാണ് അത്. പ്രതികാര നടപടി എടുക്കാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞിരുന്നു. എന്നാല്‍ പ്രതികാര നടപടിയെടുത്തു. ഇന്‍ക്രിമെന്റും സാലറി വര്‍ധവും മാത്രമാണ് മാനേജ്‌മെന്റ് ചെയ്തത്. ബാക്കിയെല്ലാം ചെയ്യാനുള്ളതാണ്. രണ്ടെണ്ണം ചെയ്ത് ബാക്കിയെല്ലാം ചെയ്യാനുണ്ടെങ്കില്‍ എല്ലാം ചെയ്തുവെന്നല്ലല്ലോ അവര്‍ പറയേണ്ടത്.

പത്രപരസ്യം

മുത്തൂറ്റ് ഫിനാന്‍സിന്റെ ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന 300 ഓളം ജീവനക്കാരില്‍ ആരും തന്നെ സമരത്തിന് അനുകൂലികള്‍ അല്ലാതിരിക്കെയാണ്, ഗുണ്ടാവിളയാട്ടം നടത്തി കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 568 ശാഖകളിലും സി.ഐ.ടി.യുക്കാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് ഒരു സമാന അന്തരീക്ഷം സൃഷ്ടിച്ച് ശാഖകള്‍ അടക്കുകയാണ്. 2-1-2020 മുതല്‍ ഈ ശാഖകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി ജീവനക്കാര്‍ എത്തുമ്പോള്‍ അവരെ ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചും ശാഖകള്‍ അടപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

തൊഴിലാളികളുടെ മറുപടി :

ഹെഡ് ഓഫീസില്‍ ജോലി ചെയ്യുന്ന 300 ഓളം സമരക്കാരില്‍ ആരും സമരത്തെ അനുകൂലിക്കില്ലെന്നാണ് മുത്തൂറ്റ് ഗ്രൂപ്പ് പരസ്യം ചെയ്ത് പറയുന്നത്. അവരാരും സംഘടനയില്‍ ഇല്ല. അവരെയൊന്നും സംഘടനയില്‍ നിര്‍ത്തില്ല. യൂണിയന്‍ മെമ്പര്‍ഷിപ്പ് എടുത്ത് നമുക്കൊപ്പം വരുന്നില്ല എന്ന് മാത്രമേയുള്ളൂ. അവര്‍ക്കൊപ്പം നില്‍ക്കുന്നവരില്‍ തന്നെ ഞങ്ങളോട് അനുഭാവം പുലര്‍ത്തുന്ന ഒരുപാട് പേരുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സി.ഐ.ടി.യുവില്‍ അംഗത്വമുള്ള സംഘടനയാണ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍. ഞങ്ങളുടെ സംഘടനയില്‍ 1200 പേര്‍ അംഗങ്ങളാണ്. മുത്തൂറ്റ് ഫിനാന്‍സില്‍ തന്നെ. അത്രയും പേര്‍ പണിമുടക്കുന്നുണ്ട്. അതില്‍ ഒരു ബ്രാഞ്ചിന്റെ കാര്യം എടുത്താല്‍ മാനേജര്‍മാര്‍ ഈ സമരത്തില്‍ ഇല്ല. അവര്‍ക്ക് യൂണിയന്റെ ആവശ്യമില്ല. മാനേജ്‌മെന്റിന്റെ പക്ഷത്ത് നില്‍ക്കുന്നത് അവരാണ്. അവര്‍ക്ക് 40000 രൂപ ഏതാണ്ട് കിട്ടും. മിക്കവരും ലേഡീസ് ആണ്. ഒരു സ്റ്റാഫും കൂടിയുണ്ടെങ്കില്‍ ആ ബ്രാഞ്ച് ഫങ്ഷന്‍ ചെയ്യാന്‍ സാധിക്കും. അവര്‍ക്ക് കീ ഹോള്‍ഡ് ചെയ്യാം. അങ്ങനെയുള്ള ബ്രാഞ്ചുകളെ കുറിച്ചാണ് അവര്‍ മുകളില്‍ പറഞ്ഞത്. സി.ഐ.ടി.യു പ്രസ്ഥാനങ്ങളെല്ലാം നമ്മളെ പിന്തുണയ്ക്കുന്നുണ്ട്. ഇത് ശമ്പളത്തിന് വേണ്ടിയുള്ള സമരമല്ല. നിരവധി കുടുംബങ്ങളുടെ കണ്ണീരിന് പരിഹാരം ഉണ്ടാക്കാന്‍ വേണ്ടിയാണ്. യൂണിയന്‍ രൂപീകരിച്ചതിന്റെ പേരിലാണ് ഈ നടപടി.

പത്രപരസ്യം:

നിലവിലുള്ള കോടതിയുത്തവരവുകള്‍ക്കോ നിയമവ്യവസ്ഥകള്‍ക്കോ യാതൊരു വിലയും കല്‍പ്പിക്കാതെയാണ് ഈ സമരാനുകൂലികള്‍ അക്രമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുക എന്ന ഗൂഢോദ്ദേശത്തോടെ മാത്രമാണ് ഈ അന്യായ സമരം നടക്കുന്നത്.

തൊഴിലാളികളുടെ മറുപടി

കോടതി വിധിയാണ് ഞങ്ങളുടെ സെറ്റില്‍മെന്റ്. അതാണ് അവര്‍ ലംഘിച്ചത്. കോടതിവിധി ആദ്യം ലംഘിച്ചത് അവരാണ്. ഇത്രയും കാര്യങ്ങള്‍ ചെയ്തിട്ട് അവര്‍ പറയുന്നു ഞങ്ങള്‍ കോടതിയെ അംഗീകരിച്ചില്ലെന്ന്. കോടതി ഉത്തരവ് ആദ്യം ലംഘിച്ചത് അവരല്ലേ? ഞങ്ങള്‍ക്കെതിരെ നടപടി പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. എന്നാല്‍ അവര്‍ ഞങ്ങളെ ആദ്യം പറഞ്ഞുവിട്ടു. വെറുതെ ഒരു ബ്രാഞ്ച് പൂട്ടി തൊഴിലാളികളെ വെറുതെ പറഞ്ഞുവിട്ടതല്ല. അവര്‍ എത്ര ലാഘവത്തോടെ പറയുന്നു, ഞങ്ങള്‍ക്ക് നഷ്ടമാണ് അതുകൊണ്ട് പൂട്ടുന്നു എന്ന്. അതൊന്നും അല്ല ഈ ബ്രാഞ്ചുകളെല്ലാം ലാഭത്തിലാണ്. ഈ ബ്രാഞ്ചുകളുടെയൊക്കെ ലാഭനഷ്ടക്കണക്കുകള്‍ എടുക്കുകയാണെങ്കില്‍ വേറെ ഒരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിച്ചാല്‍ അവര്‍ കുടുങ്ങും. നഷ്ടത്തില്‍ ഉള്ള എത്രയോ ബ്രാഞ്ചുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. എന്താണ് കാരണം അവിടെയൊന്നും യൂണിയന്‍ ഇല്ല.

പത്രപരസ്യം

ജോലി ചെയ്യാന്‍ തയ്യാറായ ജീവനക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്

തൊഴിലാളികളുടെ മറുപടി:

ഞങ്ങളെ പറഞ്ഞുവിട്ട് രണ്ട് പേരെ വെച്ച് സ്ഥാപനം നടത്താമെന്നാണ് അവര്‍ കരുതുന്നത്. അതൊരു ന്യായം അല്ലല്ലോ. ഇതേ കോടതിയുടെ ഉത്തരവ് അവര്‍ ലംഘിച്ചു. ഇവര്‍ പറയുന്നത് 860 പേര്‍ എക്‌സസ് ആണെന്നാണ്. അപ്പോള്‍ ആ 860 ല്‍ പെടാതിരിക്കാനുള്ള മത്സരം നടക്കുന്നുണ്ട് അവിടെ. 860 സ്റ്റാഫുകള്‍ അധികമാണെന്നും അവരെ പറഞ്ഞുവിടേണ്ടി വരുമെന്നുമാണ് അവര്‍ പറയുന്നത്. 166 പേര്‍ മാത്രമേ ഇപ്പോള്‍ പോയിട്ടുള്ളു. ബാക്കിയുള്ളവര്‍ ഇനിയും കിടക്കുകയാണ്. 860 ല്‍പെടാതിരിക്കാന്‍ മാനേജ്‌മെന്റിന്റെ ഏത് ഭീഷണിക്കും അവര്‍ വഴങ്ങും.

ഇന്ന് മുത്തൂറ്റിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് ഏതാണ്ട് 1000 പേരെ ഉള്‍പ്പെടുത്തി കളമശേരിയില്‍ ഒരു പരിപാടി നടക്കുന്നുണ്ട്. എല്ലാ ചിലവുകളും കമ്പനി വഹിക്കുകയാണ്. വരാന്‍ പറ്റില്ലെന്ന് പറയുന്നവരോട് ഭീഷണിയാണ്. സര്‍ക്കാരിനും സി.ഐ.ടി.യുവിനും എതിരായ ഒരു നടപടിയായാണ് അതിനെ കാണുന്നത്.

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Video Stories