കൊളംബോ: ക്രിക്കറ്റ് ഇതിഹാസം സച്ചിനെതിരെ പന്തെറിയുന്നതില്‍ ഭയം തോന്നിയിട്ടില്ലെന്ന് സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരന്‍. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കരിയറില്‍ ബൗള്‍ ചെയ്യാന്‍ ഏറ്റവും ഭയന്നിരുന്നത് ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്, വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറ എന്നിവര്‍ക്കെതിരെയാണ്. ഇതിഹാസമാണെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ ബൗള്‍ ചെയ്യാന്‍ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം ഒരിക്കലും വീരേന്ദര്‍ സേവാഗിനേപ്പോലെ നോവിച്ചിട്ടില്ല,’ മുരളീധരന്‍ പറഞ്ഞു.
സെവാഗിന്റെ ബാറ്റ് സമ്മാനിച്ച വേദനകള്‍ അനുഭവിച്ച താരമാണ് താനെന്നും മുരളി പറഞ്ഞു. സച്ചിന്‍ തിരിച്ചാണ്. അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, പുറത്താക്കാന്‍ ബുദ്ധിമുട്ടാണെന്നും മുരളീധരന്‍ പറഞ്ഞു.
സാഹചര്യം എന്തായാലും അതിവേഗം സ്‌കോര്‍ ചെയ്യുന്നതാണ് സെവാഗിന്റെ ശൈലിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയാണ് ഫീല്‍ഡിംഗ് ക്രമീകരിച്ചിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ലാറയേപ്പോലെയല്ല സെവാഗ്. ബൗളര്‍മാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കില്‍ യാതൊരു വെല്ലുവിളിയും ഉണ്ടാകില്ലെന്ന് സെവാഗിന് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും മുരളി പറഞ്ഞു.
ടെസ്റ്റിലാണെങ്കിലും രണ്ട് മണിക്കൂര്‍ ക്രീസില്‍നിന്നാല്‍ 150 റണ്‍സെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സെവാഗിന്റേത്. അതുകൊണ്ടുതന്നെ ഉച്ചഭക്ഷണത്തിനു മുന്‍പ് പുറത്തായാല്‍പ്പോലും സെവാഗിന്റെ പേരില്‍ 150 റണ്‍സെങ്കിലും കാണുമെന്നും അദ്ദേഹം പറഞ്ഞു.