| Tuesday, 30th January 2018, 12:41 pm

'അവന്‍ ക്രിക്കറ്റ് ലോകത്തിന് മുതല്‍ക്കൂട്ടാണ്'; ബേസില്‍ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് മുത്തയ്യ മുരളീധരന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: മലയാളി ക്രിക്കറ്റ് താരം ബേസില്‍ തമ്പി ഭാവിയുടെ വാഗ്ദാനമാണെന്ന് മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍. ബേസില്‍ ക്രിക്കറ്റ് ലോകത്തിന് ഒരു മുതല്‍ക്കൂട്ടാണെന്നും മുത്തയ്യ പറഞ്ഞു.

30 ലക്ഷം രൂപഅടിസ്ഥാന വിലയുണ്ടിയാരുന്ന ബേസിലിനെ 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ യുവ പേസര്‍മാരെ കൂടുതല്‍ ടീമിലെത്തിച്ചത് ഭാവി മുന്നില്‍ കണ്ടാണെന്നും സണ്‍റൈസേഴ്‌സിന്റെ മെന്റര്‍ ആയ മുരളീധരന്‍ വ്യക്തമാക്കി.

ഐ.പി.എല്‍ ലേലത്തില്‍ മലയാളി താരങ്ങള്‍ നേട്ടം കൊയ്യുകയായിരുന്നു. സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സ് എട്ടു കോടിയ്ക്ക് സ്വന്തമാക്കിയപ്പോള്‍ കരുണ്‍ നായരെ 5.6 കോടിയ്ക്ക് കിംഗ്സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി.

മലയാളിയായ കെ.എം ആസിഫും ഇത്തവണത്തെ ലേലത്തില്‍ നേട്ടമുണ്ടാക്കിയ താരമാണ്. ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സാണ് ആസിഫിനെ സ്വന്തമാക്കിയത്. 40 ലക്ഷത്തിനാണ് ചെന്നൈ ആസിഫിനെ ടീമിലെത്തിച്ചത്.

അണ്ടര്‍ 22, 25 ടീമുകളിലെ പ്രകടനത്തിന്റെ കരുത്തില്‍ കേരളാ രഞ്ജി ടീമിലെത്തിയ താരമാണ് ആസിഫ്. പക്ഷെ താരത്തിന് ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. ഫസ്റ്റ് ക്ലാസില്‍ അരങ്ങേറ്റം കുറിക്കും മുമ്പാണ് ഈ പേസര്‍ ചെന്നൈ ടീമിലെത്തിയത്.

We use cookies to give you the best possible experience. Learn more