ടോക്കിയോ ഒളിംപിക്‌സില്‍ ഹൈജംപില്‍ മത്സരിച്ച മുതാസ് ഈസ ബര്‍ഷിമിനെയും ജിയാന്‍മാര്‍ക്കൊ ടാംബേരിയെയും ആര്‍ക്കും മറക്കാന്‍ സാധിക്കില്ല . മത്സരബുദ്ധിക്ക് മുകളില്‍ അന്ന് ചര്‍ച്ചയായത് ഇരുവരുടെയും സൗഹൃദമായിരുന്നു. ഒളിംപിക്‌സിന്റെ ചരിത്രത്തില്‍ അന്നുവരെ പരിചയമില്ലാത്ത കാഴചക്കായിരുന്നു അന്ന് ടോക്കിയോ സാക്ഷിയായത്.
ഇറ്റലിക്കായി മത്സരിച്ച ടാബേരിയും ഖത്തറിനായി ട്രാക്കിലിറങ്ങിയ ബര്‍ഷിമും അന്ന് ഗോള്‍ഡ് മെഡല്‍ പങ്കിട്ടുകൊണ്ടായിരുന്നു അന്ന് ലോകത്തെ ഞെട്ടിച്ചത്. ഒരുപാട് ചര്‍ച്ചകളിലേക്ക് വഴി തിരിച്ച തീരുമാനമായിരുന്നു ആ പ്രവര്‍ത്തി. ഇരുവരും 2.37 മീറ്റര്‍ ചാടിയ പോരാട്ടത്തില്‍ ടൈ ബ്രെയ്ക്കറിന് പകരം സ്വര്‍ണം പങ്കിടാന്‍ തീരുമാനിക്കുകയായിരുന്നു.
അന്ന് സൗഹൃദത്തിന്റെ കഥ പറഞ്ഞ ഇരുവരും വീണ്ടും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയപ്പോള്‍ ബര്‍ഷിം വീണ്ടും ഒന്നാമത് എത്തിയിരിക്കുകയാണ്. എന്നാല്‍ ടാംബേരി ഇത്തവണ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ മുതാസ് ഒറ്റക്ക് ഗോള്‍ഡ് നേടിയപ്പോള്‍ നിറഞ്ഞ മനസോടെ കൈയടിക്കാന്‍ ടാംബേരിയുണ്ടായിരുന്നു.
ഒരഗോണില്‍ അരങ്ങേറുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഒളിംപിക്‌സില്‍ ചാടിയ 2.37 മീറ്റര്‍ ബര്‍ഷിം ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. സ്വര്‍ണം ഉറപ്പിച്ചതിന് ശേഷം വീണ്ടും ലോക റെക്കോഡായ 2.42ന് വേണ്ടി മത്സരിച്ച ബര്‍ഷിമിന് പക്ഷെ അത് മറികടക്കാനായില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ ഹാട്രിക്ക് സ്വര്‍ണമാണ് ബര്‍ഷിം സ്വന്തമാക്കിയത്.
നാലാം സ്ഥാനം കരസ്ഥമാക്കിയ ടാംബേരി 2.33 മീറ്ററാണ് മറികടന്നത്. വെള്ളിമെഡലുമായി രണ്ടാം സ്ഥാനം കരസ്തമാക്കിയത് കൊറിയയുടെ വു സാങ് ഹിയൊ ആണ്. വെങ്കലം നേടിയ ഉക്രൈനിന്റെ ആന്ദ്രി പ്രോത്സാങ്കോ 2.33 മീറ്റര്‍ തന്നെയാണ് പിന്നിട്ടത്. എന്നാല്‍ ടാംബേരിയക്കാള്‍ കുറഞ്ഞ ശ്രമത്തില്‍ അദ്ദേഹം അത് പിന്നിട്ടതിനാല്‍ വെങ്കലം സ്വന്തമാക്കുകയായിരുന്നു.
Content Highlights: Muthas Barshim won Gold in highjump and Tamberi finished at forth at World athletics meet