| Thursday, 24th February 2022, 1:35 pm

ആദ്യമായിട്ടാ മുത്തപ്പനെ കാണുന്നത്, അതിന് ഒരുപാട് പേര്‍ വിമര്‍ശിച്ചു; കൂടെ മുത്തപ്പന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ സങ്കടം വന്നു: റംലത്ത് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോട്: മുത്തപ്പന്‍ തന്നോട് സംസാരിക്കുന്ന വീഡിയോ വൈറലായതോടെ വിമര്‍ശനമാണ് കൂടുതല്‍ ഉണ്ടായതെന്ന് റംലത്ത്. പലരും സഹായവുമായും വരുന്നുണ്ടെന്നും റംലത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുസ്‌ലിം സ്ത്രീയെ അനുഗ്രഹിക്കുന്ന മുത്തപ്പന്‍ തെയ്യത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളില്‍ വൈറലായത്. തന്റെ മുന്നിലെത്തിയ മുസ്‌ലിം സ്ത്രീയെ നീ വേറെയല്ലെന്നും ഇങ്ങ് വായെന്നും സ്‌നേഹത്തോടെ വിളിച്ച് ആശ്വസിപ്പിക്കുകയാണ് മുത്തപ്പന്‍.

കാസര്‍കോട് വലിയപറമ്പ സ്വദേശിനിയായ റംലത്തിനേയാണ് മുത്തപ്പന്‍ തെയ്യം ആശ്വസിപ്പിക്കുന്നത്. വീട്ടിലെ പ്രശ്‌നങ്ങളും സാമ്പത്തിക ബാധ്യതയുമെല്ലാം മനസില്‍ പേറിയാണ് റംലത്ത് മുത്തപ്പന്റെ അടുത്തെത്തുന്നത്.

മുത്തപ്പന് കൊടുക്കാനായി 20 രൂപയും റംലത്ത് കൈപ്പിടിയില്‍ കരുതിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്നവരില്‍ താന്‍ മാത്രമേ മുസ്‌ലിം ആയിട്ടുള്ളൂവെന്ന ബോധം തന്നെ പിന്നിലേക്ക് മാറ്റി നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്ന് റംലത്ത് വീഡിയോയില്‍ പറയുന്നുണ്ട്.

അപ്പോഴാണ് ജാതി കൊണ്ടും മതം കൊണ്ടും വേറെയാണോയെന്ന് മുത്തപ്പന്‍ ചോദിക്കുന്നതും റംലത്തിനെ ചേര്‍ത്ത് പിടിക്കുന്നതും.

രണ്ട് വര്‍ഷം മുമ്പ് റംലത്തിന്റെ ഭര്‍ത്താവ് അബ്ദുള്‍ കരീമിന് ജോലി നഷ്ടമായി. മുംബൈയിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നുന കരിം. ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും രണ്ട് പെണ്‍മക്കളുമാണ്. ഭര്‍ത്താവിന്റെ ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കുടുംബം എത്തിപ്പെട്ടത്. ഈ സങ്കടമെല്ലാം ഉള്ളില്‍ പേറിയാണ് റംലത്ത് മുത്തപ്പനെ കാണാന്‍ പോകുന്നത്.

ആദ്യമായാണ് മുത്തപ്പനെ കാണുന്നതെന്നും വീഡിയോ ആക്കിയതൊന്നും താന്‍ അറിഞ്ഞില്ലെന്നുമാണ് റംലത്ത് പറയുന്നത്.

‘തൊട്ടടുത്ത വീട്ടില്‍ മുത്തപ്പന്‍ വന്നതറിഞ്ഞ് കാണാന്‍ പോയതാണ്. ആദ്യമായിട്ടാ മുത്തപ്പനെ കാണുന്നത്. തെയ്യം നിക്കണ കണ്ട് പൈസ കൊടുക്കാനായി വന്നതാണ്, അടുത്തേക്ക് വന്നപ്പോള്‍ വിഷമമെല്ലാം പറഞ്ഞു. വീഡിയോ ആക്കിയതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. പല ഭാഗത്ത് നിന്ന് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് വൈറലായതായി അറിഞ്ഞത്. ഒരുപാട് പേര്‍ വിളിച്ച് സഹായിക്കാമെന്ന് പറയുന്നുണ്ട്,’ റംലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അതേസമയം, മുത്തപ്പനെ കാണാന്‍ പോയതിന്റെ പേരില്‍ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്നും അതൊന്നും കാര്യമാക്കുന്നില്ലെന്നും റംലത്ത് പറയുന്നു.

‘കണ്ണ് കലങ്ങണ്ടാന്നും പേടിക്കണ്ട, മുത്തപ്പനുണ്ടെന്നും പറഞ്ഞപ്പോള്‍ സങ്കടം വന്നു. അങ്ങനെയാണ് എല്ലാ വിഷമങ്ങളും മുത്തപ്പനോട് പറഞ്ഞത്. ചിലര്‍ മുത്തപ്പനെ കാണാന്‍ പോയതിന് എന്നെ വിമര്‍ശിക്കുന്നുണ്ട്. അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല,’ റംലത്ത് കൂട്ടിച്ചേര്‍ത്തു.

മുത്തപ്പന്റെ വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.


Content Highlights: Muthappan Video fame Ramlath speaking about criticism against her

We use cookies to give you the best possible experience. Learn more