| Thursday, 14th January 2021, 11:47 am

നഷ്ടപരിഹാരത്തുകയ്ക്കു വേണ്ടിയല്ല 'മുത്തങ്ങ'യിലെ നീതിയ്ക്ക് വേണ്ടിയായിരുന്നു ഞാന്‍ പോരാടിയത്

രോഷ്‌നി രാജന്‍.എ

ഭരണകൂട സംവിധാനങ്ങളുടെ ക്രൂരമായ മര്‍ദനമുറകള്‍ക്ക് വിധേയനായ ഒരു അധ്യാപകന് പതിനേഴ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി ലഭ്യമായ കഥയാണ് എഴുത്തുകാരനും സുല്‍ത്താന്‍ ബത്തേരി ഡയറ്റില്‍ ലെക്ചററുമായിരുന്ന കെ.കെ സുരേന്ദ്രന്റെ ജീവിതത്തിലൂടെ കേരളം കേട്ടുകൊണ്ടിരിക്കുന്നത്. കേരള രാഷ്ട്രീയ ചരിത്രത്തിലെ ചോരക്കറ പുരണ്ട ഏടുകളിലൊന്നായ മുത്തങ്ങ ഭൂസമരത്തില്‍ ഭരണകൂടം ആദിവാസികള്‍ക്ക് നേരെ നടത്തിയ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കൊപ്പം തന്നെ ചേര്‍ത്തു വെയ്ക്കാവുന്നതാണ് കെ.കെ സുരേന്ദ്രന്റെ നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടവും വര്‍ഷങ്ങള്‍ക്കിപ്പുറം നേടിയ വിജയവും.

2003 ഫെബ്രുവരി 19ന് മുത്തങ്ങയില്‍ പൊലീസ് ആദിവാസികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ഒരു ആദിവാസി വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവം, സമരത്തില്‍ വെച്ചു തന്നെ കണ്ണൂരില്‍ നിന്നെത്തിയ ഒരു പൊലീസുകാരനും വെട്ടേറ്റ് മരിച്ചു. സമരഭൂമിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസെടുത്തെന്നും ആദിവാസികളെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും ആരോപിച്ചാണ് കെ.കെ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് വലിച്ചിഴച്ച് കൊണ്ടുപോയത്.

ബത്തേരി എസ്.ഐ പി. വിശ്വഭംരന്റെ നേതൃത്വത്തില്‍ നടന്ന പൊലീസ് മര്‍ദ്ദനമുറകളില്‍ സുരേന്ദ്രന്റെ കര്‍ണപടം തന്നെ പൊട്ടുകയുണ്ടായി. ബൂട്ടുകൊണ്ടുള്ള ചവിട്ടലുകളും ലാത്തികൊണ്ടുള്ള അടികളും ഏല്‍പ്പിച്ച വേദനയ്ക്കൊപ്പം ഒരു ചെവിയുടെ കേള്‍വി ശക്തി തന്നെ നഷ്ടപ്പെട്ട സുരേന്ദ്രന്‍ നിരപരാധിയാണെന്ന് സി.ബി.ഐ പിന്നീട് കണ്ടെത്തുകയായിരുന്നു.

നഷ്ടപരിഹാരതുകയ്ക്കായി 2004ല്‍ സബ് കോടതിയെ സമീപിക്കുമ്പോള്‍ സുരേന്ദ്രന്റെ മനസ്സിലുണ്ടായിരുന്നത് തനിക്ക് നേരിടേണ്ടി വന്ന ക്രൂര മര്‍ദനങ്ങള്‍ മാത്രമായിരുന്നില്ല, പാര്‍ശ്വവല്‍ക്കൃതരായ ജനതയ്ക്ക് ഒരിക്കലും നീതി ലഭ്യമാകാത്ത അധികാരനീതിന്യായ വ്യവസ്ഥയോടുള്ള കലഹമായിരുന്നു ആ അധ്യാപകന്റെ മനസ്സില്‍.

2004ല്‍ തുടങ്ങിയ നിയമപോരാട്ടം 2021ല്‍ അവസാനിക്കുമ്പോള്‍ വൈകി വന്ന നീതിയിലും മുത്തങ്ങയിലെ ഭൂമിയില്‍ ചോരചിന്തിയ ഓരോ ആദിവാസികളുടെയും അവകാശങ്ങളെയാണ് ഓര്‍മിപ്പിക്കാനുള്ളതെന്ന് കെ.കെ സുരന്ദ്രന്‍ പറയുന്നു. പതിനേഴ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ സുരേന്ദ്രന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ബത്തേരി സബ്കോടതിയുടെ വിധി വന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തെക്കുറിച്ചും തനിക്കും മുത്തങ്ങയിലെ ജനതയ്ക്കും നേരെയുണ്ടായ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും ഡൂള്‍ന്യൂസിനോട് സംസാരിക്കുകയാണ് കെ.കെ സുരേന്ദ്രന്‍.

വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണല്ലോ ഇപ്പോള്‍ നഷ്ടപരിഹാരത്തുക അനുവദിച്ചുകൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്. വൈകി വന്ന വിധിയെ എങ്ങനെ നോക്കിക്കാണുന്നു?

നീതി ലഭ്യമായി എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പൊലീസിന് എതിരായി നിയമനടപടികള്‍ സ്വീകരിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയ ചുറ്റുപാടില്‍ വളരെയധികം ബുദ്ധമുട്ടേറിയ കാര്യമാണ്. നിയമത്തിന്റെ സംരക്ഷണത്തില്‍ നില്‍ക്കുന്നവരാണ് അവര്‍. സിവില്‍ കേസ് കൊടുക്കുന്നതിന് മുന്‍പ് ക്രിമിനല്‍ കേസാണ് മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ ഞാന്‍ കൊടുത്തിരുന്നത്. എന്നാല്‍ തെളിവുകളെടുക്കലും സാക്ഷികളുടെ വിചാരണഘട്ടവും എല്ലാം കഴിഞ്ഞ് കോഗിനിസെന്‍സ് എടുക്കുമ്പോഴേക്കും വലിയ കാലതാമസം വരുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കൂടാതെ ക്രിമിനല്‍ കേസിനെതിരെ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആ കേസ് അവര്‍ക്കനുകൂലമായി മാറുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ സിവില്‍കേസിലേക്ക് മാറിയത്.

കേസ് നടത്താന്‍ വലിയ തുകയാണ് ചിലവാക്കേണ്ടി വന്നത്. ചില ഘട്ടങ്ങളില്‍ ഫീസടയ്ക്കാന്‍ കൈയ്യില്‍ കാശില്ലാതെ വന്നിട്ടുണ്ട്. ഉദ്യോഗം സസ്പെന്‍ഡ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. നിയമപോരാട്ടത്തിന്റെ ഭാഗമായാണ് ജയിലില്‍ കിടന്ന സമയത്തെ ശമ്പളം പിന്നീട് ലഭ്യമായതും ഉദ്യോഗത്തില്‍ തുടരാന്‍ കഴിഞ്ഞതും. നിരവധി സാധാരണക്കാരായ മനുഷ്യര്‍ പൊലീസിന്റെ ഇരകളായി മാറുന്ന കാഴ്ചയാണല്ലോ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മര്‍ദ്ദനമുറകള്‍ക്കെതിരെയുള്ള നീതി ലഭ്യമാവല്‍ തന്നെയാണ് ഈ കേസില്‍ ഉണ്ടായിരിക്കുന്നത്.

ഒരിക്കല്‍ പോലും പിന്നോട്ട് ചിന്തിക്കാതെ കേസുമായി മുന്നോട്ട് പോവാന്‍ പ്രേരിപ്പിച്ചത് മുത്തങ്ങയിലെ ജനങ്ങളോടുള്ള അധികാരവര്‍ഗത്തിന്റെ നീതിനിഷേധം തന്നെയായിരുന്നോ?

തീര്‍ച്ചയായും. ചെറുപ്പം മുതലേ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുള്ള കാര്യം കൂടിയാണ് പാര്‍ശ്വവത്കൃതരായ ജനതയോടും സാധാരണക്കാരോടുമുള്ള ഭരണകൂടത്തിന്റെ മനോഭാവം. അടിയന്തിരാവസ്ഥകാലത്ത് നക്സലൈറ്റ് ബന്ധം ആരോപിച്ച് എന്റെ അധ്യാപകരും ബന്ധുക്കളുമായ പലരെയും പൊലീസ് മര്‍ദിക്കുന്നതും ജയിലിടക്കുന്നതും കണ്ടിട്ടുള്ള ആളാണ് ഞാന്‍.

ദീര്‍ഘകാലം ജയിലില്‍ കിടന്ന് ജീവച്ഛവമായി പുറത്തുവന്നവരാണ് അതില്‍ പലരും. നിരപരാധികളായ മനുഷ്യര്‍ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവങ്ങളാണ് പലതും. നീതിനിഷേധത്തിനെതിരെ കോടതികള്‍ കയറി കേസ് നടത്താന്‍ സാധാരണക്കാര്‍ തയ്യാറാവില്ലെന്ന മനോഭാവവും പൊതുവില്‍ അധികാരവര്‍ഗത്തിനുള്ളതാണ്. ആ മനോഭാവത്തെ ചോദ്യം ചെയ്യണമെന്നുള്ളത് ഞാന്‍ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടാണ് ഇത്രയും എത്തിയത്.

പൊലീസിന്റെ ഭാഗത്തു നിന്നും ക്രൂരമായ മര്‍ദ്ദനങ്ങളാണല്ലോ ഉണ്ടായിട്ടുള്ളത്. കര്‍ണപടം പൊട്ടിയതുമായി ബന്ധപ്പെട്ട് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഇപ്പോഴും നേരിടുന്നുണ്ടോ?

ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. ചെറിയ ജലദോഷം വന്നാല്‍പോലും ചെവിയ്ക്ക് പ്രശ്നമാണ്. ദൂരെ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ പ്രയാസമാണ്. കസ്റ്റഡില്‍ ക്രൂരമായ മര്‍ദ്ദനമാണ് എനിക്കു നേരെയുണ്ടായത്. മുഷ്ടിചുരുട്ടി അടിവയറില്‍ മര്‍ദ്ദിക്കുകയും ബൂട്ടുകൊണ്ട് അടയാളം വരുംവരെ പുറത്ത് ചവിട്ടുകയും ചെയ്യുകയായിരുന്നു പൊലീസ്. ഓരോ വട്ടവും അടികൊണ്ട് വീഴാന്‍ പോവുമ്പോള്‍ ബലമായി പിടിച്ചുനിര്‍ത്തിക്കൊണ്ടായിരുന്നു മര്‍ദനം. എനിക്കൊപ്പം അറസ്റ്റിലായ സി.കെ ജാനുവും കസ്റ്റഡിയില്‍ അക്രമിക്കപ്പെട്ടിരുന്നു. സി.കെ ജാനുവിനെയും വിശ്വഭംരന്‍ എന്ന പൊലീസുകാരനാണ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതെന്ന് പിന്നീട് അറിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് എനിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോലുമായത്.

മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരും വിഷയത്തില്‍ കാട്ടിയ അശ്രദ്ധയോട് എങ്ങനെ പ്രതികരിക്കുന്നു?

മനുഷ്യാവകാശ കമ്മീഷന്റെ ഭാഗത്തു നിന്നും കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും ഖേദകരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. മുത്തങ്ങയിലെ ആദിവാസികള്‍ക്കും എനിക്കുമെല്ലാം ഏറ്റ മര്‍ദ്ദനങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടും കമ്മീഷനോ സര്‍ക്കാരുകളോ നീതി ലഭ്യമാക്കാന്‍ ഞങ്ങള്‍ക്കൊപ്പം നിന്നിട്ടില്ലെന്നു തന്നെ പറയാം.

ആന്റണി ഗവണ്‍മെന്റ് ആയാലും അതിന് ശേഷം വന്ന വി.എസ് ഗവണ്‍മെന്റ് ആയാലും ഞങ്ങളുടെ ചോദ്യങ്ങളെ തിരസ്‌കരിക്കുകയാണ് ഉണ്ടായത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് നീതി ലഭ്യമാവാത്തത് ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഗവണ്‍മെന്റുകള്‍ മാറി മാറി വന്നത് മുത്തങ്ങ കേസിലും ഞാന്‍ നടത്തിയ പോരാട്ടത്തിലും ആശ്വാസമായില്ലെന്ന് മാത്രമല്ല വിഷയം കൂടുതല്‍ ഗുരുതരമാക്കുകയാണ് പലപ്പോഴും ചെയ്തത്.

പതിനേഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സാധാരണക്കാരനായ എനിക്ക് നീതി കിട്ടുന്നത്. ആ വര്‍ഷങ്ങള്‍ മാത്രം പോരെ ഇവിടുത്തെ ഭരണകൂടത്തിന്റെ അക്രമ മനോഭാവം വ്യക്തമാവാന്‍. പൊലീസിന് അമിതാധികാരം നല്‍കുന്നത് ഭരണകൂടം തന്നെയാണ്. വലിയ രീതിയില്‍ പൊലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ പിണറായി വിജയന്‍ മുഖമന്ത്രിയായി ഭരിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങളും പൊലീസ് ക്രൂരതയും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് നിലവിലെ അവസ്ഥ.

പൊലീസ് മര്‍ദ്ദനങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ പിണറായി വിജയന്‍ തയ്യാറുവുന്നില്ലല്ലോ. അതുകൊണ്ടാണ് പറയുന്നത് ഭരണകൂടങ്ങള്‍ക്ക് പൊലീസിനെ പിണക്കാന്‍ പേടിയാണ്. അതുമാത്രവുമല്ല കസ്റ്റഡിയില്‍ കിട്ടുന്ന ഒരാളെ എന്തുചെയ്താലും ചോദ്യം ചെയ്യാന്‍ ഒരു വ്യവസ്ഥയില്ല എന്ന മനോഭാവമാണ് കേരളത്തിലെ പൊലീസിനെ അക്രമാസക്തരാക്കുന്നത്. പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള ചോദ്യം ചെയ്യലുകളെ അടിച്ചമര്‍ത്താനും ഭരണകൂടത്തിന് കഴിയും. പൊലീസ് അന്വേഷണം നടത്തുകയല്ല ചെയ്യുന്നത്. ശിക്ഷ വിധിക്കുകയാണ്. അത് എതിര്‍ത്തേ തീരൂ.

സ്വന്തം കൈയ്യില്‍ നിന്ന് കാശ് എടുത്താണ് ഇത്രയും വര്‍ഷം നീണ്ട കേസ് നടത്തിയതെന്ന് അറിഞ്ഞു. ഒരു സാധാരണക്കാരന് നീതി ലഭ്യമാവാന്‍ സാമ്പത്തികമായിപോലും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്ന സാഹചര്യമല്ലേ ഇവിടെയും ഉണ്ടായത്?

അതെ. സാമ്പത്തികമായ വലിയ നഷ്ടം തന്നെ വന്നിട്ടുണ്ട്. എന്നാല്‍ സാമ്പത്തികമായല്ല ഞാന്‍ ഈ കേസിനെയും ഇപ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയെയും നോക്കിക്കാണുന്നത്. തെറ്റു ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന, നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന, അധികാരമില്ലാത്തവര്‍ ചോദ്യംചെയ്യപ്പെടുന്ന, വ്യവസ്ഥയോടാണ് ഞാന്‍ വിജയിച്ചത്. അത് ഏറെ സന്തോഷം നല്‍കുന്നതാണ്. സ്വന്തമായി കിടന്നുറങ്ങാനുള്ള ഭൂമിയ്ക്ക് വേണ്ടി സമരം ചെയ്ത മുത്തങ്ങയിലെ ജനതയ്ക്ക് നേരെ ഭരണകൂടം നടത്തിയ അക്രമങ്ങളോടുള്ള മറുപടി കൂടിയാണ് ഈ വിധി. ആദിവാസികളും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും ഇങ്ങനെ എല്ലാകാലത്തും പറയേണ്ടി വരുന്നത് ഖേദകരമാണ്. പാവപ്പെട്ട മനുഷ്യരെ കള്ളക്കേസില്‍ കുടുക്കാനും ജയിലിലടക്കാനും തീവ്രവാദികളാക്കാനും ഭരണകൂടം ഇനിയെങ്കിലും ശ്രമിക്കരുത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Muthanga land strike K K Surendran interview

രോഷ്‌നി രാജന്‍.എ

മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.

We use cookies to give you the best possible experience. Learn more