കോഴിക്കോട്: ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ പൊലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. വാണിമേല്‍ ഉണ്ണിയോട്ട് കുനിയില്‍ ഫാത്തിമ ജുവൈരിയയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച സമീറിനെതിരെയാണ് കേസെടുത്തത്.
ഇവര്‍ അഞ്ചുദിവസമായി സമീറിന്റെ വീടിനു മുന്നില്‍ സമരത്തിലാണ്. ആറുവര്‍ഷം മുന്‍പാണ് സമീര്‍ ജുവൈരിയയെ വിവാഹം ചെയ്തത്. ഒരുവര്‍ഷം മുന്‍പാണ് തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി അയല്‍ക്കാരിയായ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജുവൈരിയ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. വിവാഹം കഴിച്ച കാര്യം അറിഞ്ഞതോടെയാണ് ജുവൈരിയയും മക്കളും സമീറിന്റെ വീടിനു മുന്നില്‍ സമരം ആരംഭിച്ചത്.
തന്നെയും മക്കളെയും ഉപേക്ഷിച്ച ഭര്‍ത്താവില്‍ നിന്നു ജീവനാംശം ആവശ്യപ്പെട്ട് ജുവൈരിയ കോടതിയെ സമീപിച്ചിരുന്നു. കോടതിയില്‍ നല്‍കിയ മറുപടിയില്‍ മൊഴി ചൊല്ലിയതിനാല്‍ ജീവനാംശം നല്‍കാന്‍ കഴിയില്ലെന്നാണ് സമീര്‍ അറിയിച്ചത്. അപ്പോഴാണു മൊഴി ചൊല്ലിയ വിവരം ജുവൈരി അറിയുന്നത്. പള്ളിയില്‍ തലാഖ് എഴുതി നല്‍കിയിട്ടുണ്ടെന്നാണു സമീര്‍ കോടതിയെ അറിയിച്ചത്.
ജീവനാംശം പോലും നല്‍കാതെ തന്നെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെതിരെയാണു താന്‍ സമരം ചെയ്യുന്നതെന്ന് ജുവൈരിയ പറഞ്ഞു. മക്കളായ അഞ്ചു വയസ്സുകാരി മെഹ്‌റിനെയും രണ്ടു വയസ്സുകാരന്‍ മുഹമ്മദിനെയും കൂട്ടിയാണു ജുവൈരിയ സമരം നടത്തുന്നത്. സമരത്തിന് രാജ്യസഭാ എം.പിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ജുവൈരിയക്കും മക്കള്‍ക്കും 3,500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ജുവൈരിയ വടകര കുടുംബ കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക പീഡന നിരോധന നിയമത്തിനു കീഴിലാണ് കേസ് നല്‍കിയിരിക്കുന്നത്.
തങ്ങള്‍ വീട്ടില്‍ കയറാതിരിക്കാന്‍ ഭര്‍ത്താവിന്റെ സഹോദരന്റെ പേര്‍ക്കു വീട് മാറ്റിയെഴുതിയതായും ജുവൈരിയ ആരോപിച്ചു. തനിക്കു താമസിക്കാന്‍ വേറെ വീടില്ലെന്നും തന്റെ സ്വന്തം വീട്ടില്‍ താമസിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ലെന്നും ജുവൈരിയ പറഞ്ഞു.
മതനിയമം അനുസരിച്ചാണ് മൊഴി ചൊല്ലിയതെന്ന് സമീറിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിച്ചതനുസരിച്ചുള്ള 3,500 രൂപ ജീവനാംശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടാതെ ഒരുവര്‍ഷം മുന്‍പ് നടത്തിയ വിവാഹമോചനത്തില്‍ അടുത്തിടെ വന്ന മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തതിനെ സമീറിന്റെ കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ സമീറോ വീട്ടുകാരോ തയ്യാറായിട്ടില്ല.
നേരത്തേ സമീറിന്റെ ജ്യേഷ്ഠന്‍ നിസാര്‍ ജുവൈരിയയെ കൊടുവാള്‍ വെച്ച് വെട്ടാന്‍ ശ്രമിച്ചതായി ജുവൈരിയയുടെ സഹോദരന്‍ ജസീല്‍ ആരോപിച്ചു. ഈ സംഭവത്തില്‍ വളയം പൊലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയിരുന്നെന്നും എന്നാല്‍ അന്വേഷണം നല്ല രീതിയിലല്ല പോകുന്നതെന്നും ജസീല്‍ പറഞ്ഞു.
മുത്വലാഖ് പ്രാകൃതമായ ചിന്താഗതിയാണെന്നും ഇതു വെച്ചുപൊറുപ്പിക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
‘ഒരു സ്ത്രീയെ കല്യാണം കഴിച്ച് ആ സ്ത്രീയില്‍ മക്കളുണ്ടായി, അതുകഴിഞ്ഞ് ഒരാള്‍ ഒ റ്റദിവസം തലാഖ്, തലാഖ്, തലാഖ് എന്നുപറഞ്ഞാല്‍ അതു ഭാര്യയല്ലാതാവുന്നില്ല.
ഇസ്‌ലാം ഒരിക്കലും അംഗീകരിക്കാത്ത, പ്രാകൃതമായിട്ടുള്ള ചിന്താഗതിയെയാണ് ചിലയാളുകള്‍ ഇപ്പോഴും മതത്തിന്റെ പേരില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ഇതൊന്നും ഒരിക്കലും വെച്ചുപൊറുപ്പിക്കേണ്ട വാദങ്ങളല്ല, വെച്ചുപൊറുപ്പിക്കാന്‍ പാടില്ല.’- അദ്ദേഹം പറഞ്ഞു.
മുത്വലാഖ് നിരോധന നിയമപ്രകാരം കേരളത്തിലെ ആദ്യ അറസ്റ്റും കോഴിക്കോടായിരുന്നു. മുക്കം ചുള്ളിക്കാംപറമ്പ് സ്വദേശി കണ്ടത്തില്‍ ഹൗസില്‍ ഉസാമിനെയാണ് താമരശ്ശേരി പോലീസ് ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്തത്.
താമരശ്ശേരി കോടതിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമായിരുന്നു അറസ്റ്റ്. മുക്കം കുമാരനെല്ലൂര്‍ സ്വദേശിയായ യുവതി താമരശ്ശേരി കോടതിയില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഉസാമിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ മുക്കം പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്നാണ് മുത്തലാഖ് കേസിലെ ആദ്യ അറസ്റ്റ് ഉണ്ടായത്. ഉസാമിനെ പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടു.
ഓഗസ്റ്റ് ഒന്നാം തിയതി വീട്ടിലേക്ക് വന്ന ഉസാം മുത്തലാഖ് ചൊല്ലിയെന്നാണ് പരാതി. മറ്റൊരു വിവാഹം ഇതിനിടെ കഴിച്ചെന്നും പറയുന്നു. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമം നടത്തുന്നതായും ആരോപണമുണ്ട്.