തിരുവനന്തപുരം: മുതലപ്പൊഴി അപകടങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫാ. യൂജിന്‍ പെരേര. അദാനിയും സര്‍ക്കാരും തമ്മില്‍ ഒത്തുകളിയാണ് നടക്കുന്നതെന്നും യൂജിന്‍ പെരേര ആരോപിച്ചു.
മരണങ്ങള്‍ ആവര്‍ത്തിച്ച് നടന്നാലും കണ്ണ് തുറക്കാത്ത കുറേ ഭരണാധികാരികളുടെ അനാസ്ഥ കാരണമാണ് മുതലപ്പൊഴിയില്‍ മരണങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
മുതലപ്പൊഴിയില്‍ നടക്കുന്ന അപകടങ്ങള്‍ അദാനിയുടെ ഉത്തരവാദിത്തമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരിന് ഇച്ഛാ ശക്തി ഉണ്ടായിരുന്നെങ്കില്‍ മുതലപ്പൊഴിയിലെ അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പുലിമുട്ടില്‍ ഉണ്ടായിരുന്ന ടെട്രോ പാഡുകളും വലിയ പാറകളുമെല്ലാം ഒഴുകി കടലില്‍ കിടക്കുകയാണ്. അതിന്റെ പൂര്‍ണ ഉത്തരവാദി അദാനിയാണ്. ഉത്തരവാദികളെ കൊണ്ട് അവര്‍ ചെയ്യേണ്ട ജോലി ചെയ്യിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം സുഗമമായി ചെയ്യാന്‍ സാധിക്കുമായിരുന്നു,’ യൂജിന്‍ പെരേര പറഞ്ഞു.
മൂന്ന് മാസം മത്സ്യബന്ധനത്തില്‍ നിന്ന് ലഭിക്കുന്ന പണം കൊണ്ടാണ് ഒരു വര്‍ഷം അവരുടെ കുടുംബങ്ങള്‍ ജീവിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയുള്ള അപകടങ്ങളില്‍ മത്സ്യബന്ധന തൊഴിലാളികളെ കടലില്‍ ഇറങ്ങി രക്ഷപ്പെടുത്തിയത് രക്ഷാ സേനയല്ല പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തര ഡ്രഡ്ജിങ് നടത്താമെന്ന് സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അത് പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാകുന്നില്ലെന്നും യൂജിന്‍ പെരേര പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് നിലപാടില്ലാത്തതാണ് അടിക്കടെ ഉണ്ടായ മരണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
Content Highlight: Muthalappozhi: Govt’s negligence, Adani should be sued; Fr Eugene Pereira