| Wednesday, 15th September 2021, 7:29 pm

ലീഗിന്റെ ചരിത്രത്തെ, ഭരണഘടനയെ, താത്പര്യങ്ങള്‍ക്ക് വേണ്ടി അട്ടിമറിച്ചതാര്?

മുസ്തുജാബ് മാക്കോലത്ത്

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പുതുതായി ‘പ്രഖ്യാപിച്ച’ എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റിക്ക് അഭിവാദ്യങ്ങള്‍!
പുതുചരിത്രങ്ങള്‍ രചിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു!

എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ‘പ്രഖ്യാപനത്തിനു’ ശേഷം മുസ്‌ലിം യൂത്ത് ലീഗിന്റെ വിവിധ ജില്ലാ കമ്മിറ്റികളുടെ ‘പ്രഖ്യാപനങ്ങള്‍ക്കു’ ശേഷം മുസ്‌ലിം ലീഗിലെ പുതിയ ഭാരവാഹിത്വ ‘പ്രഖ്യാപനത്തിനു’ ശേഷം എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി ‘പ്രഖ്യാപനത്തിനു’ ശേഷം ഹരിതയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ‘പ്രഖ്യാപനത്തിനു’ ശേഷം ഭരണഘടനാ വിരുദ്ധമായ മറ്റൊരു ‘പ്രഖ്യാപനം’ കൂടി!
‘ഉന്നതാധികാരികള്‍ക്ക്’ സ്തുതിയായിരിക്കട്ടെ!

പിരിച്ചുവിടപ്പെട്ടവരും നീക്കപ്പെട്ടവരും തുടക്കം കുറിച്ച ശബ്ദങ്ങള്‍ ചരിത്രമാണ്. അത് കണ്ടില്ലെന്ന് നടിക്കുന്ന ഒരു ഉന്നതാധികാര സഭക്കും നിലനില്‍പ്പുണ്ടാവില്ല. തീര്‍ച്ചയാണ്.

ഈ പ്രഖ്യാപനങ്ങളുടെയും പിരിച്ചുവിടലിന്റെയും നീക്കലുകളുടെയും ഭരണഘടനാ സാധുത ചര്‍ച്ച ചെയ്യാനും ചോദ്യം ചെയ്യാനും മുസ്‌ലിം ലീഗിനകത്ത് ഒരാളും തയ്യാറാകാത്തതെന്ത്? ഭരണഘടനയെ കുറിച്ച് ഉന്നതാധികാര സമിതിക്കെതിരെ ആകെ മുരടനക്കിയ കെ.എം. ഷാജി ഇപ്പോള്‍ നിശബ്ദനായി പരിപൂര്‍ണ അച്ചടക്കത്തിലായതെങ്ങനെ?

നമുക്കിനി ഉന്നതാധികാര സമിതിയെ കുറിച്ച് സംസാരിക്കാം:
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയും ആക്ടിങ് ജനറല്‍ സെക്രട്ടറിയും ദേശീയ ഭാരവാഹികളായ ആളുകളും മലപ്പുറം ജില്ലാ പ്രസിഡണ്ടും ഉള്‍പ്പെടെ പത്താളുകള്‍ മാത്രമുള്ള ഉന്നതാധികാര സമിതിയെ ആരാണ് തെരഞ്ഞെടുത്തത്? ഉന്നതാധികാര സമിതിയുടെ അധികാരം സംസ്ഥാന കമ്മിറ്റിക്കു മുകളിലാണോ? മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിക്കും മുകളിലാണോ?

ഉന്നതാധികാര സമിതിയുടെ അധികാര പരിധിയും വിവേചനാധികാരവും എന്തൊക്കെയാണ്? ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള മാനദണ്ഡങ്ങളെന്ത്?

പി.കെ. കുഞ്ഞാലിക്കുട്ടി എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ ആയിരിക്കേ, സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ആളാണ് ഉമ്മര്‍ പാണ്ടികശാല. അദ്ദേഹം ഇപ്പോള്‍ മുസ്‌ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ പ്രസിഡണ്ടാണ്. അതുപോലെ സീനിയോറിറ്റിയും പ്രാഗത്ഭ്യവുമുള്ള നിരവധി നേതാക്കള്‍ പല ജില്ലകളിലും ലീഗിന്റെ പ്രസിഡണ്ടുമാരായുണ്ട്. ഇവര്‍ക്കാര്‍ക്കും ഇടമില്ലാത്ത ഉന്നതാധികാരസമിതിയില്‍ മലപ്പുറം ജില്ലാ പ്രസിഡണ്ടായ സാദിഖലി തങ്ങള്‍ മാത്രം ഉള്‍പ്പെട്ടതെങ്ങനെ? അതിന്റെ മാനദണ്ഡമെന്ത്? ലീഗില്‍ ‘മലപ്പുറം’ ഒരു മാനദണ്ഡമാണോ? ഉന്നതാധികാരസമിതിയിലെ പത്തില്‍ എട്ടുപേരും മലപ്പുറത്തുനിന്നാവുന്നത് യാദൃശ്ചികമാണോ?

പി.കെ. കുഞ്ഞാലിക്കുട്ടി

മുസ്‌ലിം ലീഗിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ പരമാധികാരമുള്ള ഉന്നതസമിതിയെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം:
‘ജില്ലാ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും ജില്ലാ കൗണ്‍സിലുകളില്‍ നിന്നും തിരഞ്ഞെടുത്തു വരുന്ന പ്രതിനിധികളും സംസ്ഥാന മുസ്‌ലിം ലീഗ് പ്രസിഡണ്ട് നോമിനേറ്റ് ചെയ്യുന്ന അഞ്ചു പേരും എക്‌സ് ഒഫിഷ്യോ മെമ്പര്‍മാരും ഉള്‍പ്പെടുന്ന സമിതിയാണ് സ്റ്റേറ്റ് കൗണ്‍സില്‍. സംഘടനയുടെ ഉന്നതാധികാരസഭയും നയരൂപീകരണ സമിതിയും സ്റ്റേറ്റ് കൗണ്‍സില്‍ ആകുന്നു.'(Article 23)

മുസ്‌ലിം ലീഗിന്റെ സംഘടനാ പാരമ്പര്യം എന്തായിരുന്നു?
ബഹുമാനപ്പെട്ട ഹൈദരലി ശിഹാബ് തങ്ങള്‍ ദീര്‍ഘകാലം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ആയിരുന്ന കാലഘട്ടത്തില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. ഹൈദരലി തങ്ങള്‍ ഒരിക്കലും മുഹമ്മദലി ശിഹാബ് തങ്ങളുടെ അധികാര പരിധിയില്‍ ഇടപെട്ടിട്ടില്ല. പാണക്കാട് കുടുംബത്തില്‍ ഒരു തരത്തിലുമുള്ള ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ആ ബഹുമാനം അവര്‍ പരസ്പരം കാത്തുസൂക്ഷിച്ചതായി കാണാന്‍ സാധിക്കും.

മുസ്‌ലിം ലീഗിന്റേയോ പോഷകഘടകങ്ങളുടെയോ സംസ്ഥാന കമ്മിറ്റിയുടെ എന്തെങ്കിലും വിഷയങ്ങളുമായോ പ്രശ്‌നങ്ങളുമായോ ആരെങ്കിലും ഹൈദരലി തങ്ങളെ സമീപിച്ചാല്‍ ‘അത് നിങ്ങള്‍ ഇക്കാക്കനോട് പറഞ്ഞാല്‍ മതി’യെന്ന് പറഞ്ഞു മുഹമ്മദലി തങ്ങളുടെ അടുത്തേക്ക് പറഞ്ഞു വിടാറായിരുന്നു പതിവ്. ഇത്തരത്തില്‍ സൂക്ഷ്മത പുലര്‍ത്തിയവരാണ് ബാഫഖി തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും ഹൈദരലി തങ്ങളും ഉമറലി തങ്ങളുമടക്കം മുസ്‌ലിം ലീഗിലെ മുന്‍ കാല നേതാക്കള്‍.

മുസ്‌ലിം ലീഗിന്റെ പാരമ്പര്യം അനുസരിച്ച് വിശാലമായ മുശാവറകള്‍ക്കു ശേഷമേ തീരുമാനങ്ങള്‍ എടുത്തിരുന്നുള്ളു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ പ്രസിഡണ്ട് ആയിരുന്ന കാലത്ത് അന്ന് സംസ്ഥാന തലത്തില്‍ മുസ്‌ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒന്നുമില്ലാതിരുന്ന പാണക്കാട് പൂക്കോയ തങ്ങളോട് അഭിപ്രായം ആരായവുവാന്‍ ‘പൂക്കോയക്കുട്ടിയോട് ആലോചിക്കട്ടെ’ എന്ന് പറഞ്ഞു അവിടെ പോവുകയും ആലോചിക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം തന്നെ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളാണെങ്കിലും പൂക്കോയ തങ്ങളാണെങ്കിലും മുഹമ്മദലി ശിഹാബ് തങ്ങളാണെങ്കിലും വിദഗ്ദ്ധരുടെ സഹായം ആവശ്യമുള്ള മേഖലകളില്‍ ടി.പി. കുട്ട്യാമു സാഹിബിനെപോലുള്ള വ്യക്തികളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ തേടുമായിരുന്നു.

മുഹമ്മദലി ശിഹാബ് തങ്ങള്‍

അന്നവര്‍ക്ക് മുസ്‌ലിം ലീഗിനെ കുറിച്ചൊരു ബോധ്യമുണ്ടായിരുന്നു. ഇതൊരു പാര്‍ട്ടിയല്ല, കേവലം പ്രസ്ഥാനമല്ല, അതിനുമപ്പുറം മുസ്‌ലിം സമുദായത്തെ മുഴുവന്‍ പ്രതിനിധീകരിക്കുന്ന ഒരു സംവിധാനമാണ്. അപ്പോള്‍ അവരെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അങ്ങനെയൊരു ഉത്തരവാദിത്വം കൂടി ഉണ്ടായിരുന്നു. പാര്‍ട്ടിയെ മാത്രമല്ല, മുസ്‌ലിം സമുദായത്തെ മൊത്തം ബാധിക്കുന്നതായിരിക്കും തങ്ങളുടെ തീരുമാനങ്ങള്‍ എന്ന കണിശവും സൂക്ഷ്മവുമായ ഉത്തരവാദിത്വ ബോധത്തിന്റെ പുറത്താണ് അവര്‍ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നത്.

മണിക്കൂറുകള്‍ നീണ്ടുനിന്നിരുന്ന പ്രവര്‍ത്തക സമിതി മുസ്‌ലിം ലീഗില്‍ കൂടിയിരുന്ന ചരിത്രം അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ കാലത്തും പൂക്കോയ തങ്ങളുടെ കാലത്തുമൊക്കെ ഉണ്ടായിട്ടുണ്ട്. നിലവില്‍ ഉള്ളതിനേക്കാള്‍ എത്രയോ വലിയ കള്‍ട്ട് സ്റ്റാറ്റസ് ഉള്ള നേതാക്കള്‍ ഉണ്ടായിരുന്ന കാലത്തുപോലും വളരെ വിശാലമായ രീതിയില്‍ പാര്‍ട്ടിക്കകത്തും പുറത്തുമുള്ള സമുദായത്തിലെ അഭ്യുദയകാംക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമായിരുന്നു. മുസ്ലിം ന്യൂന പക്ഷ പ്രസ്ഥാനം അല്ലെങ്കില്‍ സമുദായത്തിന്റെ പ്രസ്ഥാനം എന്ന ഉത്തരവാദിത്വത്തില്‍ നിന്നും വരുന്ന ഒന്നാണത്. ആ പ്രവര്‍ത്തനരീതി ഇപ്പോള്‍ നമുക്കില്ല. ആ വിശാല മനസ്‌കത മുസ്‌ലിം ലീഗിന് കൈമോശം വന്നിരിക്കുന്നു. എട്ടോ പത്തോ ആളുകള്‍ മാത്രം കൂടിയിരുന്ന് തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

ഭരണഘടനാ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഉന്നതാധികാര സഭയില്‍ എം.കെ. മുനീര്‍ സാഹിബും വി.കെ. ഇബ്രാഹിം കുഞ്ഞും ഒഴികെയുള്ള എട്ടുപേരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ്. ദേശീയതലത്തില്‍ നിന്ന് സംസ്ഥാന തലത്തിലേക്കും ഇപ്പോള്‍ മലപ്പുറം ജില്ലയിലേക്കും പാര്‍ട്ടി ചുരുങ്ങി. പാണക്കാട്ടോ മലപ്പുറം ജില്ലാ ഓഫീസിലോ അല്ലാതെ യോഗങ്ങള്‍ ചേരുന്നത് അപൂര്‍വ്വമായാണ്. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ നിന്ന്, സ്വാര്‍ത്ഥമതികളായ രണ്ടോ മൂന്നോ ആളുകള്‍ വിചാരിച്ചാല്‍ എന്ത് തീരുമാനവും എടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് പാര്‍ട്ടിയെ ചുരുക്കിയതായി കാണുവാന്‍ സാധിക്കും.

ദേശീയ രാഷ്ട്രീയ കാഴ്ചപ്പാടും ഇടപെടലും ഈ നേതൃത്വം എന്നോ ഉപേക്ഷിച്ചുകഴിഞ്ഞു. ബഹുമാന്യനായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പല ഇടപെടലുകളും മുസ്‌ലിം ലീഗിന്റെ ഈ പാരമ്പര്യത്തിന് വിരുദ്ധമായ തരത്തിലാണെന്ന് കാണുവാന്‍ സാധിക്കും. ഹൈദരലി തങ്ങള്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് ആയതിനു ശേഷം വിശേഷിച്ചും ഇത്തരത്തിലുള്ള ഇടപെടലുകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത് കാണുവാന്‍ സാധിക്കും. സംസ്ഥാന കമ്മിറ്റിയുമായും പോഷക ഘടകങ്ങളുമായും ബന്ധപ്പെട്ട തീരുമാനങ്ങള്‍ക്ക് പിറകില്‍ സാദിഖലി തങ്ങള്‍ ഉണ്ടെന്ന് കേള്‍ക്കുമ്പോളോ സാദിഖലി തങ്ങളുടെ പിന്തുണയോട് കൂടി എന്ന് പറയുമ്പോഴോ എതിര്‍പ്പുകള്‍ നിശബ്ദമാക്കപ്പെടുന്നു.

സാദിഖലി ശിഹാബ് തങ്ങള്‍

2017ല്‍ ഹരിത സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കണ്‍വെന്‍ഷനില്‍ ഹരിതയുടെ സംസ്ഥാന പ്രസിഡണ്ടാക്കണം എന്നാവശ്യപ്പെട്ട് സാദിഖലി തങ്ങളുടെ കത്തുമായി ഒരു കുട്ടി വരികയും അന്നത്തെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയും ഹരിത നേതാക്കളും നോമിനേഷന്‍ പ്രവണതക്കെതിരെ നിലപാട് എടുക്കുകയും പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. സാദിഖലി തങ്ങളുടെ ആ ശുപാര്‍ശക്കത്ത് നിരാകരിക്കപ്പെട്ടതിന്റെ പേരില്‍ 3 മാസത്തോളം ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഉണ്ടായിരുന്നില്ല (മുന്‍ കമ്മിറ്റിയെ കാലാവധി കഴിഞ്ഞതിനാല്‍ പ്രസ്തുത കണ്‍വെന്‍ഷനില്‍ പിരിച്ചു വിട്ടിരുന്നു).

പിന്നീട് നടന്ന എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിനായി കൂടിയ കൗണ്‍സില്‍ യോഗത്തിലും സാദിഖലി തങ്ങള്‍ കൃത്യമായി ഇടപെട്ടിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ജില്ലകളുടെ അഭിപ്രായം തേടുന്ന ഇടത്തില്‍ അദ്ദേഹം ഇരിക്കുകയും ചെയ്തിരുന്നു (മുസ്‌ലിം ലീഗ് തീരുമാനിച്ച എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകന്മാര്‍ പി.എം. സാദിഖ് അലി, സി.പി. ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി സാഹിബ് എന്നിവര്‍ ആയിരുന്നു). കൗണ്‍സില്‍ അടിപിടിയില്‍ കലാശിക്കുകയും പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാതെ അവിടെയെത്തിയ മുനീര്‍ സാഹിബ് പിരിച്ചു വിടുകയുമായിരുന്നു.

‘എം.എസ്.എഫ് ഉണ്ടാക്കിയ സി.എച്ചിന്റെ മകനാണ് പറയുന്നത്, നിങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞു പോവണം. അടുത്ത 16 നു കൗണ്‍സില്‍ കൂടി ജനാധിപത്യ രീതിയില്‍ മാത്രമേ പുതിയ കമ്മിറ്റി വരൂ’ എന്ന മുനീര്‍ സാഹിബിന്റെ ഉറപ്പിന്‍ മുകളില്‍ ആണ് കൗണ്‍സില്‍ യോഗം പിരിഞ്ഞത്. പിന്നീട് കൗണ്‍സില്‍ പോലും നടത്താതെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് 12 ജില്ലാ കമ്മിറ്റികളും എതിര്‍ത്ത ആളെ തന്നെ ‘പ്രഖ്യാപിക്കുന്ന’ തരത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത് സാദിഖലി തങ്ങളുടെ വാശി തന്നെയായിരുന്നു.

എം.കെ. മുനീര്‍

പാര്‍ട്ടിക്കകത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന വിഭാഗീയതക്ക് ആക്കം കൂട്ടുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു അത്. ഹരിതയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന മേഖലകളില്‍ ഇല്ലാതിരുന്ന ഒരാളെ ഹരിത മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പ്രഖ്യാപിക്കുന്നതും സാദിഖലി തങ്ങളുടെ ‘പിന്തുണയോട്’ കൂടിയായിരുന്നു എന്നാണ് അറിയുവാന്‍ സാധിക്കുന്നത്.

കഴിഞ്ഞ ദിവസം സാദിഖലി തങ്ങള്‍ പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയുടെ ഫോട്ടോയുടെ കൂടെ ഫെയ്ബുക്കില്‍ ഇട്ട കാപ്ഷന്‍ ഇപ്രകാരമായിരുന്നു ‘ചരിത്രം ചിലരെ കാത്തിരിക്കാറുണ്ട്. ഈ നിയോഗം അതിനാകട്ടെ’ എന്നായിരുന്നു. 2017ല്‍ സാദിഖലി തങ്ങള്‍ ഹരിത കമ്മിറ്റിയിലെ പ്രസിഡണ്ടാവാന്‍ കത്തു നല്‍കി വിട്ട ആള്‍ നിലവിലെ ഹരിത കമ്മിറ്റിയിലെ പ്രധാന ഭാരവാഹിത്വത്തിലേക്ക് പ്രഖ്യാപിക്കപ്പെട്ടു എന്നതിനെ കൂടി ഈ ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി (ആക്റ്റിംഗ്) ദര്‍ശന ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് കേട്ടപ്പോള്‍ പാര്‍ട്ടി സംവിധാനങ്ങളെ നേതാക്കള്‍ക്ക് എത്രത്തോളം അറിയാം എന്ന് മനസ്സിലായി. അദ്ദേഹം പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘ഹരിതയെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ലീഗിന്റെ പോഷക സംഘടനയായ എം.എസ്.എഫ് കാമ്പസുകളുടെ മുസ്‌ലിം പെണ്‍കുട്ടികളുടെ പിന്തുണയും കൂട്ടായ പ്രവര്‍ത്തനയും കാംക്ഷിച്ചു കൊണ്ട് ഒരു വനിതാ വിംഗിന് താത്കാലികമായി രൂപം കൊടുത്തതാണ് ഹരിത. അതിനു മുസ്‌ലിം ലീഗിന്റേയോ എം.എസ്.എഫിന്റെയോ ഭരണഘടനയുമായി യാതൊരു ബന്ധവുമില്ല. ഭരണഘടനാ വിധേയമായി ഉണ്ടാക്കിയ ഒരു സംഘടനയൊന്നുമല്ല അത്. താല്‍ക്കാലിക പ്രവര്‍ത്തന സൗകര്യത്തിനു വേണ്ടി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതാണ്.’

ബഹുമാനപ്പെട്ട സലാം സാഹിബ് എം.എസ്.എഫ് ഭരണഘടന വായിച്ചിട്ടില്ലെന്ന് തോന്നുന്നു.
‘ഉപസമിതികള്‍:
2. ഹരിത (വനിതാ വിംഗ്)
a) കോളേജ് യൂണിറ്റുകള്‍ക്കൊപ്പം തെരഞ്ഞെടുക്കപ്പെടുന്ന വനിതാ വിംഗ് ഭാരവാഹികളെ ഉള്‍പ്പെടുത്തി ജില്ലാ തലത്തിലും, ജില്ലാ ഭാരവാഹികളെ ഉള്‍പ്പെടുത്തി സംസ്ഥാന തലത്തിലും രൂപീകരിക്കുന്ന വനിതാ വിംഗാണ് ‘ഹരിത’.
b) ഹരിതയുടെ പൂര്‍ണ്ണ നിയന്ത്രണം എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കായിരിക്കും’
(Article 22/2, msf ഭരണഘടന )

എം.എസ്.എഫ് ഭരണഘടന ഇങ്ങനെ പറഞ്ഞുവെക്കുമ്പോള്‍ ആളുകളെ തറ്റിദ്ധരിപ്പിക്കുന്ന വിധം സംസ്ഥാന ജനറല്‍ സെക്രട്ടറി സംസാരിക്കുന്നത് തെറ്റല്ലേ? അച്ചടക്ക ലംഘനമല്ലേ? അതുപോലെ സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങള്‍ പ്രാദേശിക തലത്തിലെ ലീഗ് പരിപാടിയിലാണോ വിശദീകരിക്കേണ്ടത്? സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പറയേണ്ട കാര്യങ്ങള്‍ കീഴ്ഘടകങ്ങങ്ങളിലെ പരിപാടികളില്‍ വിശദീകരിക്കേണ്ട ആവശ്യം എന്താണ്. എന്ത് മാതൃകയാണ് ഇവരുണ്ടാക്കുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ അതിനു മുമ്പേ പ്രാദേശിക യോഗങ്ങളില്‍ (പൊന്നാനി മണ്ഡലം എം.എസ്.എഫ് ശില്‍പശാലയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോളാണ് ഇത്രയും ഗൗരവുള്ള ഒരു വിഷയം അദ്ദേഹം സംവദിച്ചത്) പറയാന്‍ പറ്റുമോ?

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടും ഇത്തരത്തില്‍ പ്രാദേശിക ലീഗ് പരിപാടികളെ ഉപയോഗിച്ച് വിവാദ വിഷയങ്ങളില്‍ വിശദീകരണം നല്‍കുവാന്‍ ഉപയോഗിച്ചതായി കണ്ടു. യഥാര്‍ത്ഥത്തില്‍ സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അല്ലേ ഇത്തരത്തില്‍ ഉള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും വിശദീകരിയ്‌ക്കേണ്ടതും. പാര്‍ട്ടി വേദി എന്നര്‍ത്ഥമാക്കുന്നത് കെട്ടി വെച്ച സ്റ്റേജുകള്‍ മാത്രമാണോ?

പാര്‍ട്ടി അല്ലെങ്കില്‍ സംഘടന എന്നത് സാമൂഹിക ജീവികളായ മനുഷ്യരുടെ കൂട്ടായ്മയാണ്. മനുഷ്യര്‍ക്ക് തെറ്റുകുറ്റങ്ങള്‍ ജീവിതത്തില്‍ ഏതു സന്ദര്‍ഭത്തിലും വരാന്‍ സാധ്യത ഉണ്ട്. സംഘടനക്കുള്ളിലെ മനുഷ്യരെ തിരുത്തുവാനും നേരായ വഴിയിലൂടെ നടത്തുവാനും സംഘടനാംഗങ്ങള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുവാനുമാണ് അതിന്റെ ഭരണഘടനയില്‍ അച്ചടക്കത്തെ പറ്റി പറയുന്നത്. സംഘടനക്കുള്ളിലെ അച്ചടക്ക സമിതിയെ പറ്റിയും പരാതി പരിഹാരത്തെ പറ്റിയും അച്ചടക്ക നടപടികളെ പറ്റിയും കൃത്യമായി പറഞ്ഞു വെക്കുന്ന മുസ്‌ലിം ലീഗ് ഭരണഘടനയെ എന്തു കൊണ്ട് പാര്‍ട്ടി പിന്തുടരുന്നില്ല?

ഹരിതയുമായി ബന്ധപ്പെട്ട വിഷയം മുസ്‌ലിം ലീഗ് ഭരണഘടനാനുസൃതമായി കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ രമ്യമായി പരിഹരിക്കാമായിരുന്നില്ലേ?
എം.എസ്.എഫ് പ്രസിഡണ്ടിനു നേരെ ഉണ്ടായ ഒരു ആരോപണത്തെ വനിതാ കമ്മീഷനിലേക്കെത്തിക്കുന്നതിലും പര്‍വ്വതീകരിക്കുന്നതിലും അതു അറസ്റ്റിലേക്കെത്തിക്കുന്നതടക്കം വേദനാജനകമായ തരത്തിലേക്ക് ഈ വിഷയത്തെ മാറ്റിയതില്‍ പാര്‍ട്ടി ഇത് കൈകാര്യം ചെയ്ത രീതിയിലെ പ്രശ്‌നങ്ങളും കൂടി ഉണ്ടെന്നാണു മനസ്സിലാക്കുന്നത്.

ഒരു സംഘടനക്കകത്തെ പ്രശ്‌നങ്ങള്‍ അതിനകത്തു തന്നെ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്നത് നിരാശാജനകമാണ്. പരസ്പരം പറഞ്ഞും ക്ഷമിച്ചും തിരുത്തിയും മുന്നോട്ട് പോകേണ്ടവരല്ലേ ഒരു സംഘടനയിലെ സഹപ്രവര്‍ത്തകര്‍. അതിനു വേണ്ടിയല്ലേ പാര്‍ട്ടി സംവിധാനങ്ങളും ഭരണഘടനയുമൊക്കെ. എല്ലാ പാര്‍ട്ടി സംവിധാനങ്ങളെയും ഭരണഘടനെയും മറികടന്നു അവര്‍ക്ക് വേണ്ടപോലെ സമിതികളുണ്ടാക്കി തോന്നുന്നപടി പ്രവര്‍ത്തിക്കുന്ന നേതൃത്വമല്ലേ ഒന്നാമത്തെ പ്രതികള്‍.

വിഭാഗീയത ഇല്ലാതെ എങ്ങനെ സംഘടനാ തെരെഞ്ഞെടുപ്പ് നടത്താമെന്ന് പറഞ്ഞുവെക്കുന്ന മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭരണഘടനകള്‍ കാറ്റില്‍ പറത്തി പ്രഖ്യാപനങ്ങളും നോമിനേഷനുകളും നടത്തി ജനാധിപത്യപരമായ കൗണ്‍സില്‍ നടത്താതെ ജനാധിപത്യ വിരുദ്ധമായി കമ്മിറ്റികള്‍ ഉണ്ടാക്കുന്നവര്‍/പ്രഖ്യാപിക്കുന്നവര്‍ ആണ് മുസ്‌ലിം ലീഗില്‍ ഗ്രൂപ്പിസത്തിനു വളം വെച്ചു കൊടുക്കുന്നത്. മുസ്‌ലിം ലീഗ് അതിന്റെ ഭരണഘടനയിലേക്ക് തിരിച്ചു നടക്കുക. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പുന:സ്ഥാപിക്കുക. അതു മാത്രമാണു ഇനി പരിഹാരം.

നാളെ സംഭവിക്കാന്‍ പോകുന്നത്: മുസ്‌ലിം ലീഗ് ഭരണഘടനയില്‍ ഭേദഗതി നടത്തി ഉന്നതാധികാര സമിതിയെ ഉള്‍പ്പെടുത്തി മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി എല്ലാത്തിനും പരിഹാരം കാണും.
ശുഭം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Musthujab Makkolath writes about Muslim League – History and Policies

മുസ്തുജാബ് മാക്കോലത്ത്

എം.എസ്.എഫ് മുഖ മാസികയായിരുന്ന മിസ്സീവിന്റെ എഡിറ്റര്‍ കൂടിയായിരുന്നു ലേഖകന്‍

We use cookies to give you the best possible experience. Learn more