വേര് മറക്കുന്ന ചന്ദ്രിക
Column
വേര് മറക്കുന്ന ചന്ദ്രിക
മുസ്തുജാബ് മാക്കോലത്ത്
Saturday, 26th March 2022, 5:15 pm
'1934ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍ സേട്ട് സാഹിബും പ്രവര്‍ത്തകരെ രണ്ട് ചേരിയാക്കി. സേട്ട് ജയിച്ചതോടെ അബ്ദുറഹിമാന്‍ ഗ്രുപ്പുകാര്‍ ചന്ദ്രികാബന്ധം വിടര്‍ത്തി' ഇതോടെ ചന്ദ്രികയുടെ സ്വതന്ത്ര നിലപാടിന് ഒരു മാറ്റം വന്നു. ഇന്നത്തെ സ്റ്റാര്‍ കഫെ ചന്ദ്രിക ആപ്പീസാക്കി. എം. എം. പ്രസ്സ് അതിനടുത്ത പീടികയിലേക്കും മാറ്റപ്പെട്ടു. ഖാദിബോര്‍ഡില്‍ ജോലികിട്ടിയ തയ്യിലക്കണ്ടി പത്രാധിപസ്ഥാനമൊഴിയുകയും ജ: കെ.കെ. മുഹമ്മദ് ഷാഫി സാഹിബ് തല്‍സ്ഥാനമേറ്റെടുക്കുകയും ചെയ്തു. '

ചരിത്രത്തിന്റെ താളുകളില്‍ ചന്ദ്രികയുടെ ആരംഭദിനത്തെ പറ്റി പ്രബലമായ രണ്ടു വാദങ്ങള്‍ കാണുവാന്‍ സാധിക്കും. അതിലൊന്ന് രേഖപ്പെടുത്തിയത് സാക്ഷാല്‍ സി. എച്ച് മുഹമ്മദ് കോയ സാഹിബും മറ്റൊന്ന് മുസ്‌ലിം ലീഗിന്റെ ആധികാരിക ചരിത്രകാരനായ എം.സി വടകരയുമാണ്.

ചന്ദ്രിക രൂപം കൊണ്ടത് 1934 മാര്‍ച്ച് 24 ആണ് എന്ന് സി. എച്ച് പറഞ്ഞു വെക്കുമ്പോള്‍ എം.സി രേഖപ്പെടുത്തിയത് 1934 മാര്‍ച്ച് 26 എന്നാണ്. ചന്ദ്രികയില്‍ 2019 മാര്‍ച്ച് 25ന് അന്നത്തെ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ‘ചന്ദ്രിക: ശബ്ദമില്ലാത്തവരുടെ ശബ്ദം’ എന്ന ലേഖനത്തില്‍ എം. സിയുടെ വാദത്തോട് ചേര്‍ന്ന് മാര്‍ച്ച് 26നു തന്നെയാണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത് എന്നാണ് പറയുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷ-പിന്നാക്ക-ദലിത് മുന്നേറ്റത്തിന്റെ ഇതിഹാസ പന്ഥാവിലെ നാഴികക്കല്ലുകളിലൊന്നിന്റെ പേരാണ് ചന്ദ്രിക. പ്രസിദ്ധീകരണത്തിന്റെ എണ്‍പത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ചന്ദ്രികക്ക് പറയാന്‍ രാജ്യത്തിന്റെയും കേരളത്തിന്റെയും വിശിഷ്യാ മലബാറിന്റെയും അധഃസ്ഥിത-മര്‍ദ്ദിത വിഭാഗങ്ങളുടെ ഉയര്‍ച്ചകളുടെ ഉജ്വല കഥകളാണ്.

സി. എച്ച് മുഹമ്മദ് കോയ

1934 മാര്‍ച്ച് 26ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയുടെ കഴിഞ്ഞ എട്ടരപ്പതിറ്റാണ്ട് കേരളീയ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ കൂടിയാണ്,‘ പ്രസ്തുത ലേഖനത്തിലൂടെ ചന്ദ്രിക സ്ഥാപനവും 1934 മാര്‍ച്ച് 26 ആണ് ചന്ദ്രികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

എം.സി വടകര

1965ലെ ചന്ദ്രിക റിപബ്ലിക് പതിപ്പില്‍ സി. എച്ച് മുഹമ്മദ് കോയ സാഹിബ് ‘ചന്ദ്രിക: നമ്മുടെ ശക്തിയും ശബ്ദവും’ എന്ന ലേഖനത്തിലാണ് 1934 മാര്‍ച്ച് 24ന് ആണ് ചന്ദ്രിക ആരംഭം കുറിച്ചത് എന്ന് രേഖപ്പെടുത്തത്തിയിരിക്കുന്നത്.

‘1934 മാര്‍ച്ച് 24 കേരളത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു സുദിനമാണ്. അന്നാണ് മുസ്‌ലിം സമുദായത്തിനു വെളിച്ചവും മാര്‍ഗ ദര്‍ശനവും നല്‍കുന്ന ‘ചന്ദ്രിക’ ആദ്യമായുദിച്ചത്. സമുദായത്തില്‍ നിന്ന് ശരിയായ പ്രോത്സാഹനം ലഭിക്കാതെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും വീണ്ടും മുടങ്ങിയും കൊണ്ടിരുന്ന മുസ്‌ലിം പത്രങ്ങളുടെ ശ്മശാനഭൂവിലാണ് ആശയുടെ തീനാളംപോലെ ഈ കൊച്ചു ശിശു പിറന്നു വീണത്.

 

വക്കം മൗലവിയുടെ ‘ദീപിക’ സീതി സാഹിബിന്റെ ‘ഐക്യം’ അബു മുഹമ്മദിന്റെ ‘മലബാര്‍ ഇസ്‌ലാം’ മുതലായ പത്രങ്ങള്‍ ബാലാരിഷ്ടതകള്‍ മൂലം അകാല ചരമമടഞ്ഞ മുസ്‌ലിം പത്രങ്ങളുടെ കൂട്ടത്തില്‍പ്പെടുമെന്നു പറഞ്ഞാല്‍ അന്നൊരു പത്രം നടത്താനുള്ള വിഷമം എത്രയായിരുന്നു എന്ന് ഈഹിക്കാം!

No description available.

അക്കാലത്ത് മലബാറിലെ മുസ്‌ലിം സാമുദായിക പ്രവര്‍ത്തനത്തിന്റെ തലസ്ഥാനമായിരുന്ന തലശ്ശേരിയിലാണ് ‘ചന്ദ്രിക’ ആദ്യമായാരംഭിച്ചത്. തിങ്കളാഴ്ച തോറും പ്രസിദ്ധപ്പെടുത്തുന്ന ആ പ്രതിവാര പത്രത്തിന്റെ ആദ്യപ്രതി ഒരു ഈദുല്‍ അദ്ഹാ ദിനത്തിലാണ് പുറത്തുവന്നത്.

തലശ്ശേരിയിലെ മുസ്‌ലിങ്ങള്‍ പ്രസ്തുത പത്രത്തിനു ശരിയായ പ്രോത്സാഹനം നല്‍കി. മലബാര്‍ മുസ്‌ലിങ്ങളുടെ അഭിവന്ദ്യ നേതാക്കളായിരുന്ന കെ. എം. സീതി സാഹിബ്, അബ്ദുല്‍സത്താര്‍ സേട്ട്, സി. പി. മമ്മുക്കേയി മുതലായവരുടെ അവിശ്രമപരിശ്രമ ഫലമായാണ് പത്രം ആരംഭിച്ചത്.

ആദ്യത്തെ പ്രതാധിപര്‍ തയ്യിലക്കണ്ടി സി. മുഹമ്മദ് ആയിരുന്നെങ്കിലും പത്രസംബന്ധമായ ചുമതലകളെല്ലാം നിര്‍വഹിച്ചിരുന്നത് കെ. കെ. മുഹമ്മദ് ഷാഫി ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ പ്രതാധിപത്യം സ്വീകരിക്കുകയും ചെയ്തു,”

പ്രസ്തുത ലേഖനത്തില്‍ സി. എച്ച് വളരെ ഗഹനവുമായും ആധികാരികമായും ചന്ദ്രികയുടെ ചരിത്രത്തെ അടയാളപ്പെടുത്തിയതായി കാണുവാന്‍ സാധിക്കും.

1934 മാര്‍ച്ച് 26 ആണ് ചന്ദ്രിക പ്രസിദ്ധീകരണം ആരംഭിച്ചത് എന്ന് പറയുന്ന എം. സി യുടെ തൂലികയും വായനക്ക് വിധേയമാക്കെണ്ടാതാണ്.

‘1932ലാണ് ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ഒരു സ്വതന്ത്രവാരികയായി സൂര്യപ്രകാശം കണ്ടു തുടങ്ങിയത്. അതിന്റെ ആരംഭത്തിനു നിമിത്തമായിത്തീര്‍ന്ന കാരണങ്ങളെക്കുറിച്ച് അന്നുമുതല്‍ ചന്ദ്രികയുടെ പത്രാധിപസമിതിയില്‍ ഉണ്ടായിരുന്ന മൊയ്തു കരിയാടന്‍ ഇങ്ങനെ അനുസ്മരിക്കുന്നു.

No description available.

‘ഒ.വി. മൊയ്തീന്‍ അബ്ദുല്‍ ഖാദര്‍ (അല്ലുക്ക) സാഹിബിന്റെ പലചരക്കു കടയില്‍ സമ്മേളിക്കുകയായിരുന്ന ജ: തയ്യിലക്കണ്ടി സി. മുഹമ്മദ്, മര്‍ഹും പി. സി. മൊയ്തു കേയി സാഹിബ്, മര്‍ഹൂം പി. പി. മമ്മു സാഹിബ്, മര്‍ഹൂം മുക്കാട്ടുംപ്രത്ത് മൊയ്തു സാഹിബ്, ജ: ഒ. ഉമ്മര്‍കുട്ടി സാഹിബ് എന്നീ ചെറുപ്പക്കാര്‍ക്ക് മര്‍ഹൂം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രത്തിലെ ചില വീക്ഷണങ്ങളെ എതിര്‍ക്കണമെന്നു തോന്നി.

അധികം വൈകാതെ ഒരു വാരിക തുടങ്ങാന്‍ അവര്‍ തീരുമാനിക്കുകയും 5 രൂപ വീതം വാങ്ങി നൂറുപേരെ ചേര്‍ത്ത് ഒരു ഫണ്ട് ഉണ്ടാക്കുകയും ചെയ്തു. മര്‍ഹൂം സി. പി. മമ്മുക്കേയി സാഹിബ് നേതാവായുള്ള മുസ്‌ലിം ക്ലബ്ബ് ആയിരുന്നു ഇവരുടെ ആലോചനാകേന്ദ്രം.

വാരികയുടെ അധിപരായി തയ്യിലക്കണ്ടി സി. മുഹമ്മദ് സാഹിബിനെ എല്ലാവരു അംഗീകരിച്ചു. അച്ചടി മലബാര്‍ മുസ്‌ലിം പ്രസ്സില്‍ (ഇന്നത്തെ ജാഫര്‍ കമ്പനി എടുപ്പിലായിരുന്നു ഈ പ്രസ്സ്) ആവാനും നിശ്ചയിച്ചു.

വാരികക്ക് പലരും പല പേരും നിര്‍ദേശിച്ചുവെങ്കിലും യാദൃച്ഛികമായി ഇടപെടേണ്ടിവന്ന മര്‍ഹൂം സെയ്ത് മുഹമ്മദ് സാഹിബ് (അല്‍ അമീന്‍ സഹപത്രാധിപര്‍) അഭിപ്രായപ്പെട്ട ചന്ദ്രിക എല്ലാവര്‍ക്കും സ്വീകാര്യമായി. മര്‍ഹൂം സീതി സാഹിബിന് ഈ പേര്‍ ഹൃദ്യമായിരുന്നുവത്രെ.

പക്ഷേ ഈ സ്വതന്ത്രവാരികാ പരിപാടി വളരെക്കാലം തുടര്‍ന്നില്ല. രാഷ്ട്രീയം തന്നെ അതിനു കാരണം. ജ: മൊയ്തു സാഹിബ് ഇങ്ങനെ തുടര്‍ന്നു:-

1934ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍ സേട്ട് സാഹിബും പ്രവര്‍ത്തകരെ രണ്ട് ചേരിയാക്കി. സേട്ട് ജയിച്ചതോടെ അബ്ദുറഹിമാന്‍ ഗ്രുപ്പുകാര്‍ ചന്ദ്രികാബന്ധം വിടര്‍ത്തി’

ഇതോടെ ചന്ദ്രികയുടെ സ്വതന്ത്ര നിലപാടിന് ഒരു മാറ്റം വന്നു. ഇന്നത്തെ സ്റ്റാര്‍ കഫെ ചന്ദ്രിക ആപ്പീസാക്കി. എം. എം. പ്രസ്സ് അതിനടുത്ത പീടികയിലേക്കും മാറ്റപ്പെട്ടു. ഖാദിബോര്‍ഡില്‍ ജോലികിട്ടിയ തയ്യിലക്കണ്ടി പത്രാധിപസ്ഥാനമൊഴിയുകയും ജ: കെ.കെ. മുഹമ്മദ് ഷാഫി സാഹിബ് തല്‍സ്ഥാനമേറ്റെടുക്കുകയും ചെയ്തു. ‘

ജ: കെ.എം. സീതി സാഹിബ് താമസിച്ചിരുന്ന തിരുവങ്ങാട്ടെ വീട്ടില്‍ അദ്ദഹത്തിന്റെ ക്ലാര്‍ക്കായിരുന്ന വി. മുഹമ്മദുസാഹിബിന്റെ മുറിയില്‍ ഒരു മുലയില്‍ ഇരുന്നുകൊണ്ടാണ് ജ: ഷാഫി സാഹിബ് പത്രാധിപജോലി നിര്‍വഹിച്ചുപോന്നത്. പിന്നീട് ഒരു ചെറിയ ഓഫീസ് വാടകക്ക് വാങ്ങി.

പുനര്‍ജ്ജന്മം ലഭിച്ച ചന്ദ്രികയുടെ ആദ്യലക്കം പൃറത്തുവന്നത് ഒരു വലിയപെരുന്നാള്‍ ദിവസത്തിലാണ് . 1934 മാര്‍ച്ച് മാസം 26ാം തീയതി.’

എം. സി വടകര തന്റെ ‘സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം’ എന്ന പുസ്തകത്തിലെ ‘ചന്ദ്രിക’ എന്ന അദ്ധ്യായത്തിലാണ് ചന്ദ്രികയുടെ ചരിത്രത്തെ രേഖപ്പെടുത്തി വെച്ചത്.

സി. എച്ച് മുഹമ്മദ് കോയ സാഹിബും എം. സി വടകരയും ചന്ദ്രികയുടെ പ്രസിദ്ധീകരണ ദിനത്തെ സൂചിപ്പിക്കുന്നതില്‍ ഒരു സാമ്യം നമുക്ക് കാണുവാന്‍ സാധിക്കും. രണ്ടു പേരും പറയുന്നത് ചന്ദ്രിക പത്രം ആദ്യമായി വെളിച്ചം കണ്ടത് 1934ലെ ഈദുല്‍ അദ്ഹാ/വലിയ പെരുന്നാള്‍ ദിനത്തിലാണ് എന്നാണ്.

ചന്ദ്രിക പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് 1934 മാര്‍ച്ച് ഇരുപത്തിനാലോ അല്ലെങ്കില്‍ ഇരുപത്തിആറോ ആവട്ടെ. പക്ഷേ ഈ രണ്ടു ദിവസവും അടയാളപ്പെടുത്തുവാന്‍ ചന്ദ്രിക ദിനപത്രം മറന്നു എന്നതാണ് സങ്കടകരം.

88 വര്‍ഷങ്ങള്‍ക്കിപ്പുറം മാര്‍ച്ച് 24നോ 26നോ പത്രത്തില്‍ തങ്ങളുടെ ചരിത്രത്തെ കുറിച്ചിടുവാന്‍ മറന്ന ചന്ദ്രികയുടെ പത്രാധിപ സമിതി തീര്‍ച്ചയായും വിമര്‍ശനം അര്‍ഹിക്കുന്നു. വേര് മറന്നു പടു വൃക്ഷമായിട്ട് ഒരു കാര്യവുമില്ല, അത് എളുപ്പം നിലം പതിക്കും.

തങ്ങളുടെ സാഹിത്യ-സാംസ്‌കാരിക ചരിത്രത്തില്‍ ഊറ്റം കൊള്ളുന്ന ചന്ദ്രിക, അതില്‍ പ്രധാന പങ്കു വഹിച്ച ചന്ദ്രിക ആഴ്ച്ചപതിപ്പ് പ്രസിദ്ധീകരണം നിര്‍ത്തിയിട്ട് രണ്ടു വര്‍ഷത്തോളമായി. ചന്ദ്രിയുടെ ചരിത്രത്തെ വീണ്ടെടുക്കയും നവീകരണം സാധ്യമാവുകയും വേണം. ചന്ദ്രിക ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരണം പുനരാരംഭിക്കേണ്ടതുണ്ട്.

No description available.

പുതുതായി ചന്ദ്രികയുടെ നേതൃനിരയിലേക്ക് വന്ന (പുതിയ എക്‌സിക്യുട്ടീവ് കം ഡയറക്ടര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ട) പാണക്കാട് സയ്യിദ് റഷീദലി തങ്ങളടക്കമുള്ളവര്‍ക്കും പത്രാധിപസമിതിക്കും ചന്ദ്രികയെന്ന ആശയുടെ തീ നാളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

അവലംബം:
1.സി.എച്ചിന്റെ തൂലിക, എഡിറ്റര്‍: മലയില്‍ അബ്ദുല്ലകോയ, ഒലിവ് പബ്ലിക്കേഷന്‍സ്
2. സി.എച്ച് ജീവിതവും വീക്ഷണവും, പി.എ മഹ്ബൂബ്, ഗ്രെയ്സ് ബുക്ക്‌സ്
3. സി.എച്ച് മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം, എം.സി വടകര, ഗ്രെയ്സ് ബുക്ക്‌സ്
4. ചന്ദ്രിക ദിനപത്രം, മാര്‍ച്ച് 25, 2019

 

Content Highlight: Musthujab Makkolath about Chandrika Daily

 

മുസ്തുജാബ് മാക്കോലത്ത്
എം.എസ്.എഫ് മുഖ മാസികയായിരുന്ന മിസ്സീവിന്റെ എഡിറ്റര്‍ കൂടിയായിരുന്നു ലേഖകന്‍