| Monday, 30th July 2012, 3:50 pm

റോഹിംഗ്യാ കലാപവും മാധ്യമങ്ങളുടെ മൗനവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ലക്ഷത്തിലധികം പേര്‍ മ്യാന്‍മറിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടെന്നാണ് കണക്ക്. തിങ്ങി നിറഞ്ഞ് കവിഞ്ഞ ക്യാമ്പുകളില്‍ ശുദ്ധ ജലവും ഭക്ഷണവുമില്ല. ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. അന്താരാഷ്ട്ര ഏജന്‍സികളും ചില സന്നദ്ധ സംഘടനകളും എത്തിക്കുന്ന സഹായം ക്യാമ്പുകളില്‍ എത്താതിരിക്കാന്‍ ബുദ്ധ ഭീകരവാദികള്‍ കാവലിരിക്കുകയാണ്.


ലോകവിശേഷം/മുസ്തഫ പി. എറയ്ക്കല്‍

പടിഞ്ഞാറന്‍ മ്യാന്‍മറിലെ റോഹിംഗ്യാ മുസ്‌ലിംകളുടെ സ്ഥിതി പരിതാപകരമായി തുടരുകയാണ്. നിരന്തരം ആക്രമിക്കപ്പെടുകയാണ് അവര്‍. വീടുകളും സ്വത്തുക്കളും ബുദ്ധ തീവ്രവാദ ഗ്രൂപ്പുകള്‍ കൊള്ളയടിച്ചു. കൃഷി നശിപ്പിച്ചു. മീന്‍ പിടിച്ച് ജീവിക്കാനും പലായനം ചെയ്യാനും ഉപയോഗിച്ചിരുന്ന തോണികള്‍ക്ക് തീയിട്ടു.  സ്ത്രീകളെ  തെരുവില്‍ വലിച്ചിഴക്കുന്നു. കുട്ടികളെ പച്ചക്ക് കൊല്ലുന്നു. ശരിയായ ഊരുവിലക്ക് തന്നെ.

[]

ഈ മാസം 17 ന് “ലോകവിശേഷ”ത്തില്‍ ഏഴ് ലക്ഷത്തോളം വരുന്ന റോഹിംഗ്യാ മുസ്‌ലിംകളുടെ വേദനയുടെ കൊടും വേനല്‍ അവതരിപ്പിച്ചിരുന്നു. വായിച്ചവര്‍ ഓരോരുത്തരും വല്ലാത്ത ഉള്‍ക്കിടിലത്തോടെയാണ് ആ പൊള്ളുന്ന സത്യങ്ങളിലൂടെ കടന്നുപോയത്.

ലോകത്ത് ഇങ്ങനെയും ചിലത് നടക്കുന്നുവെന്ന തിരിച്ചറിവ് പലരെയും കൂടുതല്‍ അറിയുകയെന്ന ഐക്യദാര്‍ഢ്യത്തിലേക്ക് നയിച്ചു. ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകളില്‍ ഈ മനുഷ്യര്‍ വലിയ ചര്‍ച്ചയായി.  ഒരു മാസം പിന്നിടുമ്പോഴും റോഹിംഗ്യകള്‍ ഭൂമിയില്‍ കാലൂന്നി നില്‍ക്കാന്‍  ഇടമില്ലാതെ അഭയാര്‍ഥി ക്യാമ്പുകളുടെ ഇത്തിരി ഔദാര്യത്തില്‍  ജീവിക്കുകയാണ്.

ലോകത്ത് ഇങ്ങനെയും ചിലത് നടക്കുന്നുവെന്ന തിരിച്ചറിവ് പലരെയും കൂടുതല്‍ അറിയുകയെന്ന ഐക്യദാര്‍ഢ്യത്തിലേക്ക് നയിച്ചു. ഫേസ്ബുക്ക് പോലുള്ള കൂട്ടായ്മകളില്‍ ഈ മനുഷ്യര്‍ വലിയ ചര്‍ച്ചയായി.

ഒരു ലക്ഷത്തിലധികം പേര്‍ മ്യാന്‍മറിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടെന്നാണ് കണക്ക്. തിങ്ങി നിറഞ്ഞ് കവിഞ്ഞ ക്യാമ്പുകളില്‍ ശുദ്ധ ജലവും ഭക്ഷണവുമില്ല. ക്യാമ്പുകള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. അന്താരാഷ്ട്ര ഏജന്‍സികളും ചില സന്നദ്ധ സംഘടനകളും എത്തിക്കുന്ന സഹായം ക്യാമ്പുകളില്‍ എത്താതിരിക്കാന്‍ ബുദ്ധ ഭീകരവാദികള്‍ കാവലിരിക്കുകയാണ്. സൈന്യത്തിന്റെ പിന്തുണയുണ്ട് ഇവര്‍ക്ക്. അപമാനത്തില്‍ നിന്ന് രക്ഷ തേടി സൈനിക ചെക്‌പോസ്റ്റില്‍ അഭയം തേടിയ സ്ത്രീകളെ ഇറക്കിവിട്ടത് അക്രമികളുടെ മുന്നിലേക്കാണ്.

ക്യാമ്പുകളില്‍ ഇടമില്ലാതെ വരുമ്പോള്‍ പലായനം എന്ന പതിവിലേക്ക് കൂപ്പുകുത്തുകയാണ് ഈ വെറും മനുഷ്യര്‍. അവര്‍ തോണികളില്‍, ചിലപ്പോള്‍ അത് മരങ്ങള്‍ കെട്ടിയുണ്ടാക്കിയ ചെറു ചങ്ങാടങ്ങളിലായിരിക്കും, ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു.  അഭയാര്‍ഥി ക്യാമ്പുകള്‍ ഇതിനകം തന്നെ നിറഞ്ഞുവെന്നും ഇനി ഒരാളെപ്പോലും സ്വീകരിക്കാനാകില്ലെന്നുമാണ് ബംഗ്ലാദേശ് അധികൃതര്‍ പറയുന്നത്. അതോടെ നില്‍ക്കക്കള്ളിയില്ലാത്ത ആ യാത്ര പിന്നെയും നീളുന്നു.നീണ്ടു നീണ്ട് അത് ന്യൂദല്‍ഹി വരെ എത്തുന്നു.

യാത്ര തുടരാനാകാത്ത കുട്ടികളും വൃദ്ധരും അടങ്ങുന്ന സംഘങ്ങള്‍ ഇറക്കിവിട്ടിടത്തേക്ക് തന്നെ മടങ്ങുന്നു. അവിടെ അവരെ  കാത്തിരിക്കുന്നത് പഴയ അക്രമി സംഘങ്ങള്‍ തന്നെയാകും. നീന്തിത്തകര്‍ന്ന് വരുന്നവരെ കരയിലിരുന്ന് വെള്ളത്തിലേക്ക് തന്നെ കുത്തിയിറക്കുകയെന്ന ക്രൂരമായ ആനന്ദമാണ് ബുദ്ധ തീവ്രവാദികള്‍ അനുഭവിക്കുന്നത്. പിന്നെ യാത്ര തായ്‌ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഇടങ്ങളിലേക്കായിരിക്കും. കരയെത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്ര.

ക്യാമ്പുകളില്‍ ഇടമില്ലാതെ വരുമ്പോള്‍ പലായനം എന്ന പതിവിലേക്ക് കൂപ്പുകുത്തുകയാണ് ഈ വെറും മനുഷ്യര്‍

ആശയുടെ കിരണം

റോഹിംഗ്യ മുസ്‌ലിംകളുടെ അവസ്ഥ പഠിച്ച് ആംനസ്റ്റി ഇന്റര്‍നാഷനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നതും 53 സിവില്‍ സംഘടനകള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ തേടി ഒരു സംയുക്ത പ്രസ്താവന ഇറക്കി എന്നതും മാത്രമാണ് ഈ ഒരു മാസത്തിനിടെ സംഭവിച്ച ആശാവഹമായ കാര്യം.

റോഹിംഗ്യകളുടെ സ്ഥിതി “ഡസ്പറേറ്റ്” എന്നാണ് ആംനസ്റ്റി പറയുന്നത്. മ്യാന്‍മര്‍ അനുഭവങ്ങളിലൂടെ സഞ്ചരിച്ച ആംനസ്റ്റി പ്രതിനിധി ബെഞ്ചമിന്‍ സവാക്കി പ്രശ്‌നത്തിന്റെ നെഞ്ചില്‍ തൊടുന്നു. യഥാര്‍ഥ തുടച്ചു നീക്കലാണ് അവിടെ നടക്കുന്നത്. വംശശുദ്ധീകരണം. അവര്‍ മ്യാന്മറുകാരല്ലെന്ന വാദം സര്‍ക്കാറും ഭൂരിപക്ഷ സമൂഹവും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോള്‍ ഒരു മനുഷ്യാവകാശ സംഘടനയുടെയും ഇടപെടല്‍ ഫലം കാണില്ലെന്ന നിസ്സഹായാവസ്ഥയും ബെഞ്ചമിന്‍ പങ്ക് വെക്കുന്നു.

പ്രസിഡന്റ് തീന്‍ സീന്‍ ഒടുവില്‍ നടത്തിയ പ്രസ്താവനയും സാക്ഷാല്‍ ആംഗ് സാന്‍ സൂക്കിയുടെ പോലും മൗനവും ബെഞ്ചമിന്റെ ഈ നിഗമനത്തിന് അടിവരയിടുന്നു. റോഹിംഗ്യകള്‍ ഇവിടുത്തുകാരല്ല. ഇരുപത് വര്‍ഷങ്ങള്‍ക്കിടെ കുടിയേറിയ നിയമവിരുദ്ധ ദേശാടനക്കാരാണവര്‍. അവരുടെ ഇടം അവര്‍ തന്നെ കണ്ടെത്തണമെന്നാണ് തീന്‍ സീന്‍ പറയുന്നത്.

ചരിത്രത്തെ ഇത്ര ക്രൂരമായി നിരാകരിക്കുന്ന ഒരു പ്രസിഡന്റും അദ്ദേഹം കൈകാര്യം ചെയ്യുന്ന സൈന്യവും നിയമ വ്യവസ്ഥയും ഉള്ളപ്പോള്‍ റോഹിംഗ്യകളുടെ ദുരിത വേനല്‍ എന്ന് ഒടുങ്ങും? വംശ വെറിയുടെ ആള്‍രൂപമായി മാറിയ ആയുധധാരികള്‍ റോന്ത് ചുറ്റുമ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അക്രമികള്‍ക്ക് സൗകര്യമൊരുക്കുകയല്ലാതെ മറ്റെന്ത് മാറ്റമുണ്ടാക്കാനാണ്?

മാധ്യമങ്ങളുടെ ആലസ്യം

മാധ്യമ വിപ്ലവത്തിന്റെ കാലമാണല്ലോ ഇത്. ഏത് മുക്കിലും മൂലയിലും ഒളിഞ്ഞും തെളിഞ്ഞും ചെന്ന് “സത്യങ്ങളുടെ കലവറ” തുറക്കുന്ന മാധ്യമ ലോകം റോഹിംഗ്യാ മുസ്‌ലിംകളുടെ കാര്യം വരുമ്പോള്‍ എത്ര ക്രൂരമായ അലംഭാവമാണ് കാണിക്കുന്നത്. ഈ ആലസ്യത്തിന്റെ അടിസ്ഥാനം മാധ്യമലോകത്തിന്റെ വര്‍ഗീയ അജന്‍ഡ തന്നെയാണ്.

റോഹിംഗ്യകളോട് മ്യാന്‍മര്‍ ഭരണകൂടം ചെയ്യുന്നത് തന്നെയാണ് മാധ്യമ ലോകവും അവരോട്  ചെയ്യുന്നത്.

പാശ്ചാത്യ മാധ്യമ ഭീമന്‍മാര്‍ തമസ്‌കരിക്കാന്‍ തീരുമാനിച്ചാല്‍ ആ വാര്‍ത്ത മുഖ്യധാരയുടെ പരിലാളനകളില്‍ നിന്ന്  ആട്ടിയോടിക്കപ്പെടും. റോഹിംഗ്യകളോട് മ്യാന്‍മര്‍ ഭരണകൂടം ചെയ്യുന്നത് തന്നെയാണ് മാധ്യമ ലോകവും അവരോട്  ചെയ്യുന്നത്. ഈ മനുഷ്യരെക്കുറിച്ച് പരതി നോക്കൂ. ചില ഇറാനിയന്‍ പത്രങ്ങള്‍, മുസ്‌ലിം വെബ്‌സൈറ്റുകള്‍, തുര്‍ക്കിയില്‍ നിന്നുള്ള ചില സംഘടനകളുടെ അത്ര പ്രചാരമില്ലാത്ത പ്രസിദ്ധീകരണങ്ങള്‍, ഏതാനും ചില എഴുത്തുകാര്‍… കഴിഞ്ഞു, മാധ്യമ പ്രതിനിധാനം.

അല്‍ ജസീറക്ക് പോലും ആലസ്യം ബാധിച്ചിരിക്കുന്നു. റോയിട്ടേഴ്‌സിനും ന്യൂയോര്‍ക്ക് ടൈംസിനും  വാഷിംഗ്ടണ്‍ പോസ്റ്റിനും  എന്തൊരു പിശുക്ക്.  ഫോക്‌സ് ന്യൂസിന്റെ മനുഷ്യാകാശ സെന്റിമെന്റ്‌സ് വിജൃംഭിക്കാത്തതെന്ത്?  എന്തിന് അങ്ങോട്ടൊക്കെ പോകുന്നു, മലയാളത്തിലെ മാധ്യമ സിംഹങ്ങള്‍ എത്ര മനോഹരമായാണ് ഉറക്കം നടിക്കുന്നത്.

അതുകൊണ്ട് ബുദ്ധഭിക്ഷുക്കള്‍ കൊടും ഭീകരവാദികളാകുന്നത് ലോകം അറിയാതെ പോകുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിച്ഛായയില്‍ അഭിരമിക്കുന്ന ബുദ്ധമത സങ്കല്‍പ്പം പരുക്കില്ലാതെ അവശേഷിക്കുന്നു. തങ്ങള്‍ ഭൂരിപക്ഷമാകുന്ന സാമൂഹിക സാഹചര്യത്തില്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരു സമുദായത്തിന്റെ അളവുകോലാകേണ്ടത്.

ബാമിയാന്‍ പ്രതിമ താലിബാന്‍ തകര്‍ത്തത് കൊണ്ടാടിയ മാധ്യമങ്ങള്‍ റാഖിനയിലെ ബുദ്ധഭിക്ഷുക്കള്‍ ലഘുലേഖയിറക്കി  മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ ആഹ്വാനം ചെയ്യുന്നത് കാണുന്നേയില്ല. താലിബാനെ മുസ്‌ലിം മുഖ്യധാര തള്ളിപ്പറയുമ്പോള്‍ മ്യാന്‍മറിലെ ബുദ്ധസമൂഹവും മതനേതൃത്വവും ബുദ്ധഭീകരവാദികളെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ്. എന്നിട്ടും ഇസ്‌ലാമിക ചിഹ്നങ്ങള്‍ ഭീകരതയുടെ പ്രതീകങ്ങള്‍; ബുദ്ധ വിഹാരങ്ങള്‍ ശാന്തിയുടെ വിളനിലങ്ങള്‍!

ബുദ്ധഭിക്ഷുക്കള്‍ കൊടും ഭീകരവാദികളാകുന്നത് ലോകം അറിയാതെ പോകുന്നു. സമാധാനത്തിന്റെയും ശാന്തിയുടെയും പ്രതിച്ഛായയില്‍ അഭിരമിക്കുന്ന ബുദ്ധമത സങ്കല്‍പ്പം പരുക്കില്ലാതെ അവശേഷിക്കുന്നു.

യംഗ് മങ്ക്‌സ് അസോസിയേഷന്‍ ഓഫ് സിത്‌വെ, മറൗക് ഓ മങ്ക്‌സ് അസോസിയേഷന്‍ തുടങ്ങിയ ബുദ്ധഭിക്ഷു സംഘടനകള്‍ ഇറക്കിയ ലഘുലേഖകള്‍ അത്യന്തം പ്രകോപനപരമാണ്. റോഹിംഗ്യകളോട് മിണ്ടരുത,് പച്ചവെള്ളം കൊടുക്കരുത് എന്നാണ് ആഹ്വാനം. മാധ്യമങ്ങളുടെ പക്ഷപാതിത്വവും മ്യാന്‍മര്‍ ഭരണകൂടം തീര്‍ത്ത  ഇരുമ്പു മറയും അവിടെ നിന്നുള്ള വസ്തുതകള്‍ പുറം ലോകത്തെത്തുന്നത് തടയിടുകയാണ്. 80 പേരേ മരിച്ചിട്ടുള്ളൂവെന്നാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പറയുന്നത്. ഇത് വസ്തുതാവിരുദ്ധമാണെന്ന് വിവിധ സന്നദ്ധ സംഘടനകള്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശാക്തിക വടംവലിയുടെ ഇര

ഐക്യരാഷ്ട്ര സംഘടനയില്‍ അമിത പ്രതീക്ഷ വെക്കുന്നതില്‍ അര്‍ഥമില്ലെങ്കിലും ഒരു പൊതു സമീപനം സൃഷ്ടിക്കാന്‍ യു എന്നിന് സാധിക്കുമായിരുന്നു. എന്നാല്‍, റോഹിംഗ്യകളുടെ കാര്യത്തില്‍  യു  എന്‍ രക്ഷാസമിതി  ഒരു പ്രമേയം കൊണ്ടുവരാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. റോഹിംഗ്യാ മേഖലയിലേക്ക് കടക്കാന്‍ ശ്രമിച്ച 10 യു എന്‍ ഉദ്യോഗസ്ഥരെ മ്യാന്‍മര്‍ അറസ്റ്റ് ചെയ്തുവെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഹൈക്കമ്മീഷണര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സഭാ നേതൃത്വം മിണ്ടുന്നില്ല. ഇതില്‍  ചൈനക്കും അമേരിക്കക്കും ഒരു പോലെ പങ്കുണ്ട് ( എത്ര വിചിത്രമായ സൗഹൃദം!).

കഴിഞ്ഞ രണ്ട് ദശകങ്ങളായി മ്യാന്‍മറില്‍ ചൈന സ്വാധീനമുറപ്പിച്ചിരിക്കുകയാണ്.  അവിടുത്തെ അടിസ്ഥാന സൗകര്യ വികസനത്തിലും മറ്റും ചൈന കോടികള്‍ മുടക്കിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ മ്യാന്‍മറിനോട് ഒട്ടി നില്‍ക്കുന്നത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കാര്യമാണെന്ന് ചൈന തിരിച്ചറിയുന്നു.

മേഖലയുടെ  രാഷ്ട്രീയ നേതൃസ്ഥാനം  നേടുന്നതിനായി ഒരുക്കിയ ദീര്‍ഘകാല പദ്ധതിയുടെ വെളിച്ചത്തിലും മ്യാന്‍മറുമായുള്ള സൗഹൃദം നിര്‍ണായകമാണ്. മ്യാന്‍മറില്‍ തീന്‍ സീന്‍ വലിയ രാഷ്ട്രീയ വിപ്ലവം ഉണ്ടാക്കിയെന്ന് ലോകത്താകെ പ്രചരിപ്പിക്കുന്നത് ചൈനയാണ്. ഇക്കാര്യങ്ങളെല്ലാം അമേരിക്ക വളരെ ഗൗരവത്തോടെയാണ് കാണുന്നുന്നത്.  ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന നേടുന്ന മേല്‍ക്കൈ അവര്‍ക്ക് സഹിക്കാനാകില്ല. അതുകൊണ്ട് ഹിലാരി ക്ലിന്റനെ അയച്ചും തീന്‍ സീനെ അമേരിക്കയിലേക്ക് ക്ഷണിച്ചും വാതോരാതെ പുകഴ്ത്തിയും അടുത്തു കൂടുകയാണ് അമേരിക്കയും.  മ്യാന്‍മറില്‍ ജനാധിപത്യ മുന്നേറ്റമെന്ന വായ്ത്താരി ഒബാമ ഭരണകൂടവും ഏറ്റുചൊല്ലുന്നുണ്ട്.

അപ്പോള്‍ വീറ്റോ രാജ്യങ്ങളായ അമേരിക്കയും ചൈനയും മ്യാന്‍മറിലെ  സംഭവവികാസങ്ങളില്‍ ഒരക്ഷരം മിണ്ടാന്‍ അനുവദിക്കില്ല. ഈ കളിയില്‍ ഇന്ത്യ പോലുമുണ്ടെന്നതാണ് വേദനാജനകം. ഈയിടെ മ്യാന്‍മര്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ചങ്ങാത്തത്തിന്റെ പങ്ക് പറ്റാനും കരാറുകള്‍ ഒപ്പിക്കാനും വല്ലാത്ത മെയ്‌വഴക്കം പുറത്തെടുത്തിരുന്നു. റോഹിംഗ്യകളുടെ കാര്യത്തില്‍ ഇന്ത്യക്ക് ഒരുപാട് ചെയ്യാനാകുമെന്നിരിക്കെ, ഡല്‍ഹിയില്‍ അഭയം ചോദിച്ചെത്തുന്നവരെ സ്വീകരിക്കുന്നതില്‍ ഐക്യദാര്‍ഢ്യം ഒതുങ്ങുന്നത് രാജ്യാന്തര താത്പര്യങ്ങളുടെ പിറകേ പോകുന്നതുകൊണ്ടാണ്.

ജനാധിപത്യ വിജയം ഉദ്‌ഘോഷിച്ച് ആംഗ് സാന്‍ സൂക്കി ആദ്യമായി പാര്‍ലിമെന്റില്‍ പ്രസംഗിച്ചു. വംശീയ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ നിയമം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു പോലും. എന്ത് നിയമം മാഡം? റോഹിംഗ്യാ എന്ന പേര് ഉച്ചരിക്കാന്‍ പോലും ധൈര്യമില്ലാത്ത  വിധം  ഭൂരിപക്ഷപ്രാര്‍ഥിയായിപ്പോയ അങ്ങയെപ്പോലുള്ളവര്‍ ഇരിക്കുന്ന പാര്‍ലിമെന്റില്‍ നിന്ന് എന്ത് നിയമമാണ് പ്രതീക്ഷിക്കാനാകുക?

അസമില്‍ നിന്നുള്ള വാര്‍ത്ത കേട്ടില്ലേ? അവിടുത്തെ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പോയ്‌ക്കൊള്ളണമെന്നാണ് ബോഡോ തീവ്രവാദികള്‍ ആക്രോശിക്കുന്നത്. “വന്നവര്‍ നിന്നവര്‍” വാദമുയര്‍ത്തി ലോകത്താകെ ആട്ടിയോടിക്കലിന്റെ ഭീകരകാലമാണോ പിറക്കുന്നത്? ചിന്തിക്കുന്നവര്‍ക്ക് വേദനിക്കാനേറെയുണ്ട്.
കടപ്പാട്: സിറാജ് ദിനപത്രം


മുസ്തഫ പി. എറയ്ക്കലിന്റ ലേഖനം “വംശശുദ്ധിക്കായി മുസ്‌ലീംകളെ കൂട്ടക്കുരുതി നടത്തുന്ന മ്യാന്‍മാര്‍” എന്ന ലേഖനം വായിക്കൂ..


We use cookies to give you the best possible experience. Learn more