എസ്സേയ്‌സ്/ മുസ്തഫ പി.എറയ്ക്കല്‍
ഈജിപ്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കഴിഞ്ഞ ദിവസം ജീവപര്യന്തത്തിന് ശിക്ഷിച്ചപ്പോഴും “ജനങ്ങള്‍” തെരുവിലിറങ്ങി ആനന്ദം പങ്ക് വെക്കുന്നത് കണ്ടു. രണ്ട് ദിവസം പിന്നിടുമ്പോള്‍ ജനങ്ങള്‍ തഹ്‌രീര്‍ ചത്വരത്തിലാണ്. മുബാറക്കിന്റെ ശിക്ഷ പോരെന്നാണ് ചത്വരത്തില്‍ തടിച്ചു കൂടിയ ജനാവലി വിളിച്ചു പറയുന്നത്.
ഒരു വര്‍ഷം മുമ്പ് നടന്ന ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ 800 ലധികം പേരെ കൊന്നതുമായി ബന്ധപ്പെട്ട കേസുകളാണ് കോടതി പരിഗണിച്ചത്. മുബാറക്കിനും അദ്ദേഹത്തിന്റെ ആഭ്യന്തര മന്ത്രിയായ ഹബീബ് അല്‍ അദ്‌ലിക്കും ജീവപര്യന്തം വിധിച്ചു. പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിട്ടു. മുബാറക്കിന്റെ മക്കളെയും കുറ്റവിമുക്തരാക്കി.
പക്ഷേ ഇവിടെ കോടതിയില്‍ ഉന്നയിക്കാനാകാത്ത നിരവധി സന്ദേഹങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ തഹ്‌രീര്‍ ചത്വരം കീഴടക്കിയവര്‍ തന്നെയാണോ ഈജിപ്തിന്റെ രാഷ്ട്രീയ പരിഷ്‌കരണത്തിനായി ഒരു വര്‍ഷം മുമ്പ് ചത്വരത്തിലേക്ക് ഇരച്ചു വന്നവര്‍? അന്നത്തെ മുദ്രാവാക്യം പോലെ വിശാലവും നിസ്വാര്‍ഥവുമാണോ ഇന്നത്തേത്? മാറ്റത്തിനായുള്ള ഈജിപ്ഷ്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ മുബാറക്കിനെ യഥാവിധി ശിക്ഷിക്കുകയെന്നതില്‍ അവസാനിക്കുന്നതാണോ? .
ചോദ്യങ്ങള്‍ പോലെ ലളിതമാകില്ല ഉത്തരങ്ങള്‍. ഒറ്റവാക്കില്‍ നിന്നും ഒറ്റ വാക്യത്തില്‍ നിന്നും അത് പടര്‍ന്ന് കയറും. ഇപ്പോഴത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത് മുസ്‌ലിം ബ്രദര്‍ഹുഡ് ആണെന്നതാണ് ഒന്നാം ചോദ്യത്തിന്റെ ഒറ്റ വാക്കിലെ ഉത്തരം. പഴയ പ്രക്ഷോഭകാരികള്‍ അക്കൂട്ടത്തിലില്ല. തങ്ങളുടെ സംഘടനാ സംവിധാനത്തിന്റെ പിന്‍ബലത്തില്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയത് ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ രൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയാണ്.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാനാകാത്തതിനാല്‍ ഈ മാസം 16നും 17നും രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയും മുബാറക് ഭരണകൂടത്തില്‍ പ്രധാനമന്ത്രിയായിരുന്ന അഹ്മദ് ശഫീഖുമാണ് ഗോദയിലുള്ളത്. ഒന്നാം ഘട്ടത്തില്‍ മുര്‍സിക്ക് 24ശതമാനവും ശഫീഖിന് 23 ശതമാനവും വോട്ടുകളാണ് കിട്ടിയത്. ഒപ്പത്തിനൊപ്പമെന്ന് കണക്ക്.
രാജ്യത്തുടനീളം മുബാറക്‌വിരുദ്ധ പ്രക്ഷോഭം ആഞ്ഞടിക്കുമ്പോള്‍ സംശയിച്ചു നില്‍ക്കുകയായിരുന്നു ബ്രദര്‍ഹുഡ്. പ്രക്ഷോഭം വിജയിക്കുമെന്ന് കണ്ടപ്പോള്‍ മെല്ലെ വെളിച്ചത്തിലേക്ക് നീങ്ങി നിന്നവരാണ് അവര്‍. തഹ്‌രീര്‍ ചത്വരത്തില്‍ വന്ന് പ്രക്ഷോഭകരെ അഭിസംബോധന ചെയ്യാന്‍ പോലും ഇഖ്‌വാന്‍ നേതാക്കള്‍ തുടക്കത്തില്‍ തയ്യാറായില്ല.
ആ ബ്രദര്‍ഹുഡ് ഇപ്പോള്‍ എത്ര തിടുക്കപ്പെട്ടാണ് തങ്ങളുടെ പ്രവര്‍ത്തകരെ തഹ്‌രീറിലേക്ക് ആട്ടിത്തെളിക്കുന്നത്. “ജനങ്ങളെ” ആവേശഭരിതരാക്കാന്‍ സാക്ഷാല്‍ മുഹമ്മദ് മുര്‍സി ചത്വരത്തില്‍ വരികയും ചെയ്തു.
ലക്ഷ്യം വളരെ വ്യക്തമാണ് മുബാറക്കിന്റെ പാരമ്പര്യം പേറുന്ന അഹ്മദ് ശഫീഖിനെതിരായ വികാരം ആളിക്കത്തിക്കണം. ജനകീയ മുന്നണിയിലെ ഒരേയൊരു പ്രതീക്ഷ ബ്രദര്‍ഹുഡ് ആണെന്ന് സ്ഥാപിച്ചെടുക്കണം. അങ്ങനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അനായാസ വിജയം അടിച്ചെടുക്കണം.
വിപ്ലവഗ്രൂപ്പുകള്‍ക്ക് ഒരു പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് വലിയ വീഴ്ചയായത്. സമവായത്തിനുള്ള എല്ലാ സാധ്യതകളേയും തകര്‍ത്ത് ഡോ. അബ്ദുല്‍ മുനീം അബ്ദുല്‍ ഫത്തഹും ഹംദിന്‍ സ്വബാഹിയും സ്ഥാനാര്‍ഥികളായി. സ്വബാഹി 20 ശതമാനം വോട്ടുകള്‍ നേടി. ഫതഹ് 17ശതമാനവും. ഈ കണക്ക് പരിശോധിക്കുന്ന ഏതൊരാള്‍ക്കും ജനവിധി അട്ടിമറിക്കപ്പെട്ടത് വ്യക്തമാകും.
പാര്‍ലിമെന്റില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബ്രദര്‍ഹുഡിന് പ്രസിഡന്റ് സ്ഥാനം കൂടി തളികയില്‍ വെച്ച് നല്‍കി അവരെ സ്വേച്ഛാധിപതികളാക്കേണ്ടതില്ലെന്ന് തന്നെയായിരുന്നു ജനഹിതം. ഫതഹിനും സ്വബാഹിനും കിട്ടിയ വോട്ടുകള്‍ കൂട്ടി നോക്കൂ. 37 ശതമാനമാണ് അത്. എന്നു വെച്ചാല്‍ ബ്രദര്‍ഹുഡിനെ ബഹുദൂരം പിന്തള്ളി രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് ആധികാരികമായ അര്‍ഹത നേടാന്‍ വിപ്ലവ ഗ്രൂപ്പുകള്‍ക്ക് സാധിക്കുമായിരുന്നുവെന്ന് വ്യക്തം. സ്വയമൊരു ഇസ്‌ലാമിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന അബ്ദുല്‍ ഫതഹ് ആണ് സമവായ ശ്രമങ്ങള്‍ വിഫലമാക്കിയത്.
സ്വന്തം സംഘടനാ സംവിധാനത്തില്‍ അവര്‍ക്കുള്ള ആത്മവിശ്വാസം അഹങ്കാരമായി പരിണമിച്ചു. ഇതിനെ നേരിടാന്‍ വിപ്ലവ ഗ്രൂപ്പുകള്‍ക്ക് കെല്‍പ്പില്ലായിരുന്നു. അതുകൊണ്ട് അവര്‍ നിശ്ശബ്ദരായി. അവര്‍ വോട്ട് ചെയ്യാനേ പോയില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ പ്രവണത രൂക്ഷമായി.
മുബാറക്കിനെ കൊല്ല്, കൊല്ല് എന്ന് ആക്രോശിച്ച് പുതിയ തന്ത്രം പുറത്തെടുക്കുമ്പോള്‍ തന്നെ മുബാറക് കൂട്ട് ചേര്‍ന്ന എല്ലാ ശക്തികളുമായും രാജിയാകുന്ന ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയും പഴയ പ്രധാനമന്ത്രി അഹ്മദ് ശഫീഖും മാത്രമേയുള്ളൂ മുന്നില്‍. ഈജിപ്ത് ജനത ആരെ തിരഞ്ഞെടുക്കും. ജനാധിപത്യം കൊള്ളാവുന്ന ഭരണ സമ്പ്രദായമാണെന്ന പൊതുധാരണ തകര്‍ന്നു തരിപ്പണമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
കടപ്പാട്: സിറാജ് ദിനപത്രം