2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ആറു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ നാല് വിജയവും രണ്ട് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ്. അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെയുടെ മണ്ണില്‍ 20 റണ്‍സിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു ചെന്നൈ ജയിച്ചു കയറിയത്.
ഇപ്പോഴിതാ ചെന്നൈയ്ക്ക് നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൂപ്പര്‍ കിങ്‌സിന്റെ ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ മെയ് ഒന്നിന് ശേഷമുള്ള ചെന്നൈയുടെ മത്സരങ്ങളില്‍ പങ്കെടുക്കില്ല എന്നാണ്.
മെയ് മൂന്ന് മുതലാണ് സിംബാബ്വെക്കെതിരെയായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പരക്കായി മുസ്തഫിസുര്‍ നാട്ടിലേക്ക് മടങ്ങും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് മൂന്ന് മുതല്‍ മെയ് 12 വരെയാണ് പരമ്പരയിലെ മത്സരങ്ങള്‍ നടക്കുക. അതുകൊണ്ടുതന്നെ മെയ് 12ന് ശേഷം താരം ടീമിനൊപ്പം വീണ്ടും ചേരുമോ എന്ന് കണ്ടു തന്നെ അറിയണം.
അതേസമയം ഈ സീസണില്‍ ചെന്നൈയുടെ ബൗളിങ്ങിലെ പ്രധാന താരമാണ് മുസ്തഫിസുര്‍. ഈ സീസണില്‍ ഇതിനോടകം തന്നെ 10 വിക്കറ്റുകള്‍ നേടിക്കൊണ്ട് പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തിന്റെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ബംഗ്ലാദേശ് സ്റ്റാര്‍ പേസര്‍.
ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയുള്ള ആദ്യ മത്സരത്തില്‍ തന്നെ മിന്നും പ്രകടനമായിരുന്നു താരം പുറത്തെടുത്തത്.മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്.
റോയല്‍ ചലഞ്ചേഴ്സിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു കൊണ്ടായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്. നാല് ഓവറില്‍ 29 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്. ഇതിനു പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബംഗ്ലാദേശ് ബൗളര്‍ ആയി മാറാനും മുസ്തഫിസുര്‍ റഹ്‌മാന് സാധിച്ചു. താരത്തിന്റെ അഭാവം ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.
അതേസമയം ഏപ്രില്‍ 19ന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ചെന്നയുടെ അടുത്ത മത്സരം. ലഖ്നൗവിന്റെ തട്ടകമായാ ഏകാനാ സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.
Content Highlight: Mustafizur Rahman will miss Chennai team starting of May