ചെന്നൈ സിംഹം വരവറിയിച്ചു; ബെംഗളൂരുവിനെ എറിഞ്ഞുവീഴ്ത്തി ഇവൻ നേടിയത് ഒന്നൊന്നര റെക്കോഡ്
Cricket
ചെന്നൈ സിംഹം വരവറിയിച്ചു; ബെംഗളൂരുവിനെ എറിഞ്ഞുവീഴ്ത്തി ഇവൻ നേടിയത് ഒന്നൊന്നര റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd March 2024, 7:58 am

2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റുകള്‍ക്ക് തകര്‍ത്തണ് ചെന്നൈ ടൂര്‍ണമെന്റില്‍ തേരോട്ടം ആരംഭിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ചെന്നൈയുടെ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ടോപ്പ് ഓര്‍ഡര്‍ തകര്‍ത്തു കൊണ്ടായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ തകര്‍പ്പന്‍ ബൗളിങ്. നാല് ഓവറിൽ 29 റൺസ് വിട്ടുനൽകിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

വിരാട് കോഹ്‌ലി (21), ഫാഫ് ഡുപ്ലസിസ് (35), രജത് പടിതാര്‍ (0) , കാമറൂണ്‍ ഗ്രീന്‍ (18) എന്നിവരെ പുറത്താക്കിയാണ് മുസ്തഫിസുര്‍ കരുത്ത് കാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും മുസ്തഫിസുറിന് സാധിച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നേടുന്ന ആദ്യ ബംഗ്ലാദേശ് ബൗളര്‍ ആയി മാറാനാണ് മുസ്തഫിസുര്‍ റഹ്‌മാന് സാധിച്ചത്.

അതേസമയം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബെംഗളൂരു തുടക്കത്തില്‍ തകര്‍ന്നെങ്കിലും വിക്കറ്റ് കീപ്പര്‍ അനുജ് റാവത്ത് 25 പന്തില്‍ 48 റണ്‍സും ദിനേശ് കാര്‍ത്തിക്ക് 26 പന്തില്‍ 38 റണ്‍സും നേടി നിർണായകമാവുകയായിരുന്നു.

ചെന്നൈ ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡ് യുവ താരം രചിൻ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും ശിവം ദൂബെ 28 പന്തില്‍ 34 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈ ആദ്യവിജയം സ്വന്തമാക്കുകയായിരുന്നു.

മാര്‍ച്ച് 26ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പോക് ആണ് വേദി.

Content Highlight: Mustafizur Rahman create a new record in IPL