ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ സ്വന്തമാക്കാന്‍ ബിഗ് ബാഷ് ലീഗിലെ പ്രമുഖ ടീമുകള്‍ രംഗത്ത്. മുസ്തഫിസുറിനായി ഏഴ് ബിഗ് ബാഷ് ഫ്രാഞ്ചൈസികളാണ് രംഗത്തുളളത്. ഐ.പി.എല്ലില്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ഒരു മൂന്ന് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 13 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
അതെസമയം ബിഗ് ബാഷ് ലീഗില്‍ മുസ്തഫിസുര്‍ മെല്‍ബണ്‍ റെനഗേഡിനായി കളിക്കാനാണ് കൂടുതല്‍ സാധ്യത. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരിശീലകനായ ടോം മൂഡിയാണ് മെല്‍ബണ്‍ ടീമിന്റെ ഡയറക്ടര്‍. മുസ്തഫിസുറും മൂഡിയും തമ്മിലുള്ള ബന്ധം ബിഗ് ബാഷില്‍ യുവതാരത്തെ സ്വന്തം നിരയില്‍ അണിനിരത്താന്‍ അവരെ തുണയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ രണ്ട് വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ മെല്‍ബണ്‍ റെനഗേഡിന് കഴിയും. ഒരു മികച്ച ബൗളറെ സ്വന്തമാക്കാനാണ് അവരുടെ ശ്രമവും.
അതേസമയം സിഡ്‌നി സിക്‌സേഴ്‌സും സിഡ്‌നി തണ്ടേഴ്‌സും മുസ്തഫിസുറിനായി ശക്തമായി രംഗത്തുണ്ട്. സിക്‌സേഴ്‌സ് ക്യാപ്റ്റനായ ഹെന്റിക്വെസ് ഹൈദരാബാദ് ടീമില്‍ മുസ്താഫിസുറിന്റെ സഹതാരവുമാണ്. രണ്ട് വിദേശ താരങ്ങളുമായി കരാറിലെത്താനുള്ള അവസരം സിക്‌സേഴ്‌സിനുമുണ്ട്. അതേസമയം നിലിവുള്ള ചാമ്പ്യന്മാരായ തണ്ടേഴ്‌സിന് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ് പോയ ഒഴിവിലേക്ക് ഒരു വിദേശ താരത്തെ സ്വന്തമാക്കാനാണ് അവസരമുള്ളത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരെ ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിച്ച മുസ്തഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ വരവറിയിച്ചിരുന്നു. അരങ്ങേറ്റ ടെസ്റ്റിലും ഏകദിനത്തിലും മാന്‍ ഓഫ് ദ മാച്ച് ബഹുമതി സ്വന്തമാക്കിയ ഏക താരമാണ് മുസ്തഫിസുര്‍.