| Wednesday, 26th February 2020, 11:57 am

അല്ലേ, ഈ 'കലാപങ്ങളെ' വംശഹത്യയെന്ന് തന്നെയല്ലേ വിളിക്കേണ്ടത്

മുസ്തഫ പി.എറയ്ക്കല്‍

മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചില ആക്ടിവിസ്റ്റുകളുമൊക്കെ വല്ലാത്ത ആശയക്കുഴക്കുഴപ്പത്തിലാണ്. ഡല്‍ഹിയില്‍ നടക്കുന്നത് സംഘര്‍ഷമോ, കലാപമോ വംശഹത്യയോ? ഏകപക്ഷീയമായ ആക്രമണമല്ല നടന്നത്, അതുകൊണ്ട് സംഘര്‍ഷമെന്ന് ഒരു കൂട്ടര്‍. സി.എ.എ അനുകൂലികളും സി.എ.എ വിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ് ഇക്കൂട്ടരുടെ വ്യാഖ്യാനം. കലാപമെന്ന് വിളിക്കുന്നവരുമുണ്ട്.

ട്രംപ് വരുന്നതിന്റെ ശോഭ കെടുത്താന്‍ കലാപമഴിച്ചു വിടുന്നുവെന്ന ഭരണകൂട ആഖ്യാനത്തിന് ശക്തിപകരുന്ന പ്രയോഗമാണത്. സത്യമെന്താണ്? ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിപ്പുകാരായ ഏത് ആക്രമണവും വംശഹത്യാപരമാണ്. എന്തുകൊണ്ട്?

പ്രമുഖ ജെനോസൈഡ് ഗവേഷകന്‍ ഡാനിയല്‍ ഫിയര്‍സ്റ്റീന്‍ (daniel feierstein) 2014ല്‍ മുന്നോട്ട് വെച്ച വംശഹത്യയുടെ സാമൂഹിക പ്രയോഗം (genocide as social practice) എന്ന ആശയം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ ഉത്തരം കിട്ടും. ഒരു സമൂഹത്തെ അപ്പടി ഉന്‍മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമെന്ന നിലയില്‍ വംശഹത്യക്ക് ആറ് ഘട്ടങ്ങള്‍ ഉണ്ടെന്ന് ഫിയര്‍സ്റ്റീന്‍ വിശദീകരിക്കുന്നു.

1- വെറുപ്പു സൃഷ്ടിക്കലും മനുഷ്യരേയല്ലെന്ന് ചിത്രീകരിക്കലും (stigmatization and dehumanisation): പല കോണില്‍ നിന്ന് ഒരു സമൂഹത്തെ ഉന്നം വെച്ചുള്ള ആസൂത്രിത പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നതാണ് ഇത്. സാമൂഹിക സാഹചര്യത്തില്‍ പൊറുപ്പിക്കാനാകാത്തവിധം ഈ സമൂഹത്തിന് നേരെ വെറുപ്പ് പടര്‍ത്തുകയാണ് ചെയ്യുക. ശക്തമായ വിദ്വേഷ പ്രചാരണം നടക്കും. അറപ്പുളവാക്കുന്ന ജീവിതമാണ് അവര്‍ക്കുള്ളതെന്ന് വരുത്തിത്തീര്‍ക്കും.

ഭക്ഷണം, വസ്ത്രം, സംസ്‌കാരം, ജീവിതരീതി, ഭാഷാപ്രയോഗങ്ങള്‍ എല്ലാം ഈ ഘട്ടത്തില്‍ പ്രശ്‌നവത്കരിക്കും. അധികാര കേന്ദ്രങ്ങള്‍ മാത്രമല്ല ഈ പ്രക്രിയയില്‍ പങ്കെടുക്കുക. പലപ്പോഴും അധികാര കേന്ദ്രങ്ങള്‍ ഇത്തരത്തിലുള്ള ഒരു സൂചന നല്‍കുകയേ വേണ്ടൂ. അതിദേശീയതാവാദത്തില്‍ അഭിരമിക്കുന്ന ജനക്കൂട്ടം അത് ചെയ്ത് കൊള്ളും.

ആരയൊണോ വംശഹത്യക്ക് വിധേയമാക്കേണ്ടത് അവരില്‍ സാമൂഹിക വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും മുദ്ര പതിക്കുകയെന്നതാണ് ഈ പ്രചാരണങ്ങളുടെ ആത്യന്തിക പരിണിതി. നാട്ടിലെ സകല പ്രശ്‌നങ്ങളുടെയും അടിസ്ഥാനഹേതുവായി ഇരകള്‍ അടയാളപ്പെടും.

2- പീഡനവും അക്രമവും ഭീകരതയും ( harassment, violence and terror) ആദ്യ ഘട്ടം പിന്നിടുമ്പോള്‍, വംശഹത്യക്ക് വിധേയമാകുന്ന മനുഷ്യരെ ആക്രമിക്കുകയെന്നത് ഒരു പ്രശ്‌നമല്ലാതായി മാറും. ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറും. അത്തരം ആക്രമണങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ പ്രേരണ നല്‍കും.

ആദ്യ ഘട്ടം സോഷ്യല്‍ എന്‍ജിനീയറിംഗിന്റേതായിരുന്നെങ്കില്‍ രണ്ടാം ഘട്ടം ശാരീരികമായ ആക്രമണത്തിന്റെത് തന്നെയാണ്. ആള്‍ക്കൂട്ടം നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ഓരോ ആക്രമണവും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ വിജയിക്കും. ഈ ആക്രമണങ്ങള്‍ നടത്തുന്നവര്‍ വീരന്‍മാരായി വാഴ്ത്തപ്പെടും.

3-ഒറ്റപ്പെടുത്തലും അകറ്റിനിര്‍ത്തലും (isolation and segrigation): നേരത്തെയുള്ള രണ്ട് ഘട്ടവും നടക്കുമ്പോള്‍ ഇരകള്‍ സാമൂഹിക സംവിധാനത്തിന്റെ ഭാഗമായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാല്‍ ഈ ഘട്ടത്തില്‍ അവര്‍ അക്ഷരാര്‍ഥത്തില്‍ അകറ്റി നിര്‍ത്തപ്പെടും. പൊതു ഇടങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകള്‍ പരമാവധി കുറയ്ക്കും.

കോണ്‍സട്രേഷന്‍ ക്യാമ്പുകളിലും ഇന്റേണലി ഡിസ്‌പ്ലേസ്ഡ് ക്യാമ്പുകളിലും അവര്‍ പാര്‍പ്പിക്കപ്പെടും. നഗരത്തില്‍ നിന്ന് ഗ്രാമത്തിലേക്കും ഗ്രാമത്തിലെ തന്നെ പുറമ്പോക്കിലേക്കും അവര്‍ ആട്ടിയോടിക്കപ്പെടും. ഈ ഘട്ടത്തിലാണ് അഭയാര്‍ഥികളുടെ ഒഴുക്ക് ആരംഭിക്കുക. സാമൂഹികാഘോഷങ്ങളില്‍ ഇരകളെ പ്രവേശിപ്പിക്കില്ല.

അയിത്തത്തിന്റെ തീവ്രമായ നിലയാകും ഉണ്ടാകുക. പൊതുവായി ആഘോഷിക്കപ്പെടുന്ന ഉത്‌സവങ്ങളിലേക്ക് ഭൂരിപക്ഷത്തിന്റെ മതസാംസ്‌കാരിക ചിഹ്നങ്ങള്‍ കടന്ന് വരും. അതോടെ ന്യൂനപക്ഷങ്ങള്‍ക്ക് ആ സ്‌പേസ് പങ്കിടാന്‍ പറ്റാതാകും.

4- ക്രമാനുഗതമായ ക്ഷയിപ്പിക്കല്‍ (systammatic weakening): വംശഹത്യക്ക് വിധേയമാകുന്ന സമൂഹത്തിന്റെ വരും തലമുറയെക്കൂടി ദുര്‍ബലരാക്കുന്ന അങ്ങേയറ്റം അപകടകരമായ ഘട്ടമാണിത്. പോഷകാഹാര കുറവ് കുട്ടികളെ തളര്‍ത്തും. ഈ സമൂഹം ഉപജീവന മാര്‍ഗങ്ങളില്‍ നിന്ന് സമ്പൂര്‍ണമായി അകലും. അതോടെ എവിടെ നിന്നോ വരുമെന്ന് പറയപ്പെടുന്ന സഹായത്തിനായി കൈനീട്ടുന്നവരായി അവര്‍ മാറും.

പകര്‍ച്ചവ്യാധികളും അകാല മരണങ്ങളും അവരെ വേട്ടയാടും. ഇത് ജനിതക പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും. ജനന നിയന്ത്രണ നടപടികള്‍ ഭരണകൂടം ശക്തമായി നടപ്പാക്കും. വിദ്യാഭ്യാസം നിഷേധിക്കുക വഴി പുതിയ തലമുറയെ ഇരുട്ടിലേക്ക് തള്ളിവിടും. സാമൂഹിക ധാരയിലേക്ക് എന്നെങ്കിലും തിരിച്ചു വരാനുള്ള സാധ്യതയെ കൂടി അടയ്ക്കാന്‍ വേണ്ടിയാണിത്.

5- കൂട്ട ഉന്‍മൂലനം(mass annihilation): സത്യത്തില്‍ ഈ ഘട്ടം മാത്രമാണ് സാമാന്യേന വംശഹത്യയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കടന്നു വരാറുള്ളത്. ഇത് കൂട്ടക്കൊല തന്നെയാണ്. നേരത്തേയുള്ള ഘട്ടങ്ങളില്‍ സോഷ്യല്‍ എന്‍ജിനീയറിംഗില്‍ പങ്കെടുത്ത മുഴുവന്‍ വിഭാഗവും ഈ വേട്ടയാടലിലും പങ്കടുക്കും. ദീര്‍ഘകാലമായും വ്യവസ്ഥാപിതമായും ആര്‍ജിച്ചിട്ടുള്ള കായിക ശക്തി വിനിയോഗിക്കുകയാണ് ചെയ്യുക. ഭരണകൂടത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം ഇതില്‍ ഉണ്ടാകാതെ തരമില്ല.

അപരത്വത്തെ വെച്ച് പൊറുപ്പിക്കാനാകാത്ത നിലയിലേക്ക് ഭൂരിപക്ഷം അക്രമാസക്തമാകുകയാണ് ചെയ്യുന്നത്. എന്തിനാണ് താനിത് ചെയ്യുന്നത് എന്ന് വംശഹത്യയില്‍ പങ്കെടുക്കുന്ന പലര്‍ക്കും വ്യവച്ഛേദിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല.

6-ചരിത്രത്തില്‍ നിന്നുള്ള ഉന്‍മൂലനം (removal from the history): വംശഹത്യക്ക് വിധേയമായ സമൂഹത്തിന്റെ ഓര്‍മകള്‍ നിലനില്‍ക്കാനുള്ള സാധ്യതകളെക്കൂടി ഹനിക്കുക എന്നതാണ് ഈ ഘട്ടം. ഇരയുടെ സ്വത്വം (ഒപ്രസ്ഡ് ഐഡിറ്റി) സമ്പൂര്‍ണമായി കുഴിച്ചു മൂടപ്പെടുകയും വേട്ടക്കാരുടെ സ്വത്വം (ഒപ്രസേഴ്‌സ് ഐഡിന്റിറ്റി) സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയൊരു കൂട്ടം മനുഷ്യര്‍ ഇവിടെ ജീവിച്ചിരുന്നുവെന്നതിന് തെളിവേ ഇല്ലാതാക്കുന്നു.

ചരിത്രപാഠങ്ങളില്‍ നിന്ന് അവരെ പുറത്ത് നിര്‍ത്തും. ചരിത്ര ശേഷിപ്പുകള്‍ മുഴുവന്‍ നശിപ്പിക്കുകയോ ഭൂരിപക്ഷത്തിന്റെ ചിഹ്നങ്ങളായി പരിവര്‍ത്തിപ്പിക്കുകയോ ചെയ്യും. മിത്തുകളെയും നാട്ടുവഴക്കങ്ങളെയും നിയപരമായി തന്നെ ഉന്‍മൂലനം ചെയ്യും. ചില പദങ്ങള്‍ പ്രയോഗിക്കുന്നത് നിയപരമായി കുറ്റമാണെന്ന് പ്രഖ്യാപിക്കപ്പെടും. ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കപ്പെടും. ഓര്‍മകളെ കുഴിച്ചു മൂടാന്‍ വേണ്ടിയാണിത്.

ഇനി പറയൂ, സി എ എ/ എന്‍ പി ആര്‍/ എന്‍ ആര്‍ സി ഇതില്‍ ഏത് ഘട്ടത്തില്‍ വരും? ഡല്‍ഹിയില്‍ നടക്കുന്നതും ഇന്ത്യൊട്ടാകെ നടക്കാന്‍ പോകുന്നതുമായ അക്രമങ്ങള്‍ വംശഹത്യാപരമല്ലേ.

മുസ്തഫ പി.എറയ്ക്കല്‍

അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍, സിറാജ്‌

We use cookies to give you the best possible experience. Learn more