| Saturday, 21st December 2019, 2:18 pm

'ബുദ്ധിയുള്ള സര്‍ക്കാരാണെങ്കില്‍ അതും ചെയ്യണം'; പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും രാമചന്ദ്ര ഗുഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എന്‍.ആര്‍.സി അടിയന്തരമായി പിന്‍വലിക്കുകയാണു രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം പുനഃസ്ഥാപിക്കാനും അത്യാവശ്യമായി ചെയ്യേണ്ട ആദ്യ കാര്യമെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. പൗരത്വ ഭേദഗതി നിയമം അധാര്‍മികമാണെന്നും ഭരണഘടനയുടെ വികാരത്തിനെതിരാണെന്നും അദ്ദേഹം ആരോപിച്ചു.

‘രാജ്യത്തിന്റെ മുറിവുണക്കാനും വിശ്വാസം തിരിച്ചുപിടിക്കാനും എന്‍.ആര്‍.സി അടിയന്തരമായി പിന്‍വലിക്കുകയാണ് അത്യാവശ്യമായി ചെയ്യേണ്ട കാര്യം. പൗരത്വ ഭേദഗതി നിയമം അധാര്‍മികവും ഭരണഘടനയുടെ വികാരത്തിനും എതിരാണ്. ബുദ്ധിയുള്ള ഒരു സര്‍ക്കാരാണെങ്കില്‍ അതും പിന്‍വലിക്കണം.’- ഗുഹ ട്വീറ്റ് ചെയ്തു.

പൗരത്വഭേദഗതി നിയമത്തിനെതിരെ ബെംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ബ്രിട്ടീഷ് വൈസ്രോയിയും ഇതുതന്നെ ചെയ്തു. ഇന്ദിരാഗാന്ധിയും ഇതുതന്നെ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് 15 പേരെ കൊണ്ടുപോയാല്‍ അവര്‍ ഭയപ്പെടുമെന്ന് പോലീസ് കരുതി.” അദ്ദേഹം അറസ്റ്റില്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനാധിപത്യ രാജ്യം നേരിടുന്ന നാലാമത്തെയോ അഞ്ചാമത്തെയോ പ്രതിസന്ധിയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ സെക്ഷന്‍ 144 ലംഘിച്ചിട്ടില്ല. സെക്ഷന്‍ 144 അടിച്ചേല്‍പ്പിക്കാന്‍ യാതൊരു കാരണവുമില്ല. ഇത് പൂര്‍ണ്ണമായും മുട്ടുകുത്തിപ്പിക്കാന്‍ അതിശയോക്തിപരവുമായ പ്രതികരണമാണ് ദല്‍ഹിയില്‍ നിന്നുണ്ടായ നീക്കമാണെന്ന് ഞാന്‍ സംശയിക്കുന്നു.

എന്തുചെയ്യണമെന്ന് ദല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിനോട് ഉത്തരവിട്ടു.’ രാമചന്ദ്ര ഗുഹ പറഞ്ഞു. ‘വിവിധ മതവിഭാഗത്തിലുള്ള നൂറുകണക്കിന് ആളുകള്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു, അവരുടെ വസ്ത്രത്തില്‍ നിന്ന് അവര്‍ പൗരന്മാരാണോ അതോ ദേശവിരുദ്ധരാണോ എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല,’ ഗുഹ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more