| Wednesday, 14th January 2015, 9:35 am

മോദി-ഒബാമ കൂടിക്കാഴ്ചയില്‍ ഭോപ്പാല്‍ ദുരന്തം ചര്‍ച്ചയാകണമെന്ന് ആംനെസ്റ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കല്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ ഭോപ്പാല്‍ ദുരന്തം ചര്‍ച്ച ചെയ്യണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയം ഉന്നയിക്കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

റിപബ്ലിക് ദിനത്തിലാണ് ഇന്ത്യയുടെ വിശിഷ്ടാഥിതിയായി ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്ന്. “മോദിയുമായുള്ള ചര്‍ച്ചയില്‍ വിഷയം ഉന്നയിക്കണമെന്നാണ് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നത്. ഇരുവരും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കണം.” യു.എസ്.എയിലെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഉന്നത ഉദ്യോഗസ്ഥനായ മാര്‍ഗരന്റ് ഹുവാങ് പറഞ്ഞു.

ദുരന്തം നടന്ന പ്രദേശം വൃത്തിയാക്കുക, ദുരന്തത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും ചികിത്സ നല്‍കുക, ദുരന്തത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കുക എന്നീ കാര്യങ്ങളിലാണ് ചര്‍ച്ച ചെയ്ത് പ്രസ്താവന ഇറക്കേണ്ടതെന്നും ആംനെസ്റ്റി പറയുന്നു.

1984 ല്‍ ആയിരുന്നു ലോകത്തെ നടുക്കിയ ഭോപ്പാല്‍ ദുരന്തം ഉണ്ടായത്. മധ്യപ്രദേശിലെ യു.സി.ഐ.എല്‍ പെസ്റ്റിസൈഡ് പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെത്തുടര്‍ന്നാണ് ദുരന്തം ഉണ്ടായിരുന്നത്. അഞ്ച് ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചിരുന്നത്.

ദുരന്തത്തില്‍ 3757 പേര്‍ മരിച്ചിരുന്നു. ദുരന്തം ഇപ്പോഴും ഭോപ്പാല്‍ ജനതയെ വേട്ടയാടുന്നുണ്ട്. ഭോപ്പാല്‍ ദുരന്തം നടക്കുന്ന സമയത്ത്  യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ മേധാവിയായിരുന്ന അമേരിക്കന്‍ ബിസിനസുകാരന്‍ വാറന്‍ ആന്‍ഡേഴ്‌സണ്‍ 2013 സെപ്തംബര്‍ 29ന് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ചിലവ് ചുരുക്കല്‍ നടപടികളാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് ആരോപണം.

കേസില്‍ അറസ്റ്റിലായ അന്‍ഡേഴ്‌സണ്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം രാജ്യം വിടുകയായിരുന്നു.

We use cookies to give you the best possible experience. Learn more