ബെയ്ജിങ്: എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും അതിര്‍ത്തികളും സംരക്ഷിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയോടാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
ഖുറേഷിയില്‍ നിന്നും രാത്രി ലഭിച്ച അടിയന്തിര ഫോണ്‍ കോളിനോട് പ്രതികരിച്ചത് എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സമഗ്രതയും പരിഗണിച്ചാണെന്ന് ചൈനയിലെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യാന്തര ബന്ധങ്ങളുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നടപടികള്‍ കാണാന്‍ ചൈന തയ്യാറല്ലെന്ന് സംസ്ഥാന കൗണ്‍സിലര്‍ കൂടിയായ വാങ് അഭിപ്രായപ്പെട്ടു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സംഘര്‍ഷം വര്‍ധിക്കുന്നതിനെക്കുറിച്ചുളള ആശങ്ക പ്രകടിപ്പിച്ച വാങ് യി ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും വേണ്ടിയുളള ചൈനയുടെ ശ്രമങ്ങളെക്കുറിച്ച് ഖുറേഷിയോട് വിശദീകരിച്ചു.
സ്ഥിതിഗതികള്‍ തടയുന്നതിനായ് ഇരുരാജ്യങ്ങളും പ്രതിജ്ഞാബന്ധവും ആത്മാര്‍ത്ഥതയോടെയും പെരുമാറണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് ബാലാകോട്ടില്‍ നിയന്ത്രണരേഖ മറികടന്ന് ജെയ്ഷെ-ഇ-മുഹമ്മദ് തീവ്രവാദ ക്യാമ്പില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ബുധനാഴ്ച രാവിലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് എത്തുകയായിരുന്നു.
അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിന് ഇടയിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വിമാനത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. വിമാനത്തില്‍ നിന്ന് ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ വനമേഖലയില്‍ പതിക്കുകയായിരുന്നു.