കോഴിക്കോട്: പാര്‍ട്ടിയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറുന്നതു സൂക്ഷിക്കണമെന്നു പ്രവര്‍ത്തകരോട് സി.പി.ഐ.എം. കോഴിക്കോട് ജില്ലയില്‍ ലോക്കല്‍ തലങ്ങളിലായി വിളിച്ചുചേര്‍ത്ത യോഗങ്ങളിലായിരുന്നു നിര്‍ദേശമെന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവം ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് സി.പി.ഐ.എം നീക്കം. ഇന്നലെ ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയിരുന്നു.
അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്നു പറയുന്ന പാര്‍ട്ടിയുടെ റിപ്പോര്‍ട്ടും ലോക്കല്‍ തലങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്.
അലന്റെയും താഹയുടെയും കേസിന്റെ പശ്ചാത്തലത്തിലാണ് എല്ലാ ലോക്കല്‍ കമ്മിറ്റികളിലും അടിയന്തര പ്രവര്‍ത്തക യോഗങ്ങള്‍ ചേരുന്നത്. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങളാണു വിലയിരുത്തല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ അംഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കണമെന്നാണു നിര്‍ദേശം.
വിദ്യാര്‍ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കാന്‍ കഴിയാതെ പോയതു സ്വയംവിമര്‍ശനമായി കരുതണമെന്നാണ് സി.പി.ഐ.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം അവരെ തിരുത്തണമെന്ന അഭിപ്രായമാണ് ലോക്കല്‍ കമ്മിറ്റികളില്‍ ഉയര്‍ന്നുവന്നത്. കേസില്‍ ഇടപെടേണ്ടതില്ലെന്ന് സി.പി.ഐ.എം സെക്രട്ടേറിയറ്റ് നേരത്തേ തീരുമാനിച്ചിരുന്നു.
പന്നിയങ്കര ലോക്കലിലാണു പുറത്താക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ആദ്യ യോഗം കൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സി.പി.ഐ.എം നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
അതിനിടെ യു.എ.പി.എ, മാവോയിസം എന്നീ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി സി.പി.ഐ.എം പുസ്തകമിറക്കാന്‍ പോകുകയാണ്. സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കേളുവേട്ടന്‍ പഠന ഗവേഷണ കേന്ദ്രമാണ് ‘മാവോയിസം, യു.എ.പി.എ: ഇടതുപക്ഷ സമീപം’ എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 14-നു ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പുസ്തകം പ്രകാശനം ചെയ്യും.