[]ന്യൂദല്‍ഹി: മോശക്കാരായ കളിക്കാരെ ക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ഒത്തുകളിയിലും, വാതുവെപ്പിലുമൊക്കെ ഇടപെടുന്ന കളിക്കാര്‍ ക്രിക്കറ്റിനേയും, ക്രിക്കറ്റ് ആരാധകരേയും വഞ്ചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.[]
ഒത്തുകളിയില്‍ പിടിക്കപ്പെട്ട മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന തയ്യാറെടുപ്പിനി ടെയാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
സി.ബി.ഐയിലും ദല്‍ഹി പൊലീസിലുമായി 37 വര്‍ഷം സേവനം അനുഷ്ഠിച്ച നീരജ് കുമാര്‍ നിരവധി കേസുകള്‍ തെളിയിച്ചിട്ടുണ്ട്. ജൂലായ് 31ന് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരിക്കവെയാണ് ക്രിക്കറ്റ് ഒത്തുക്കളി വിവാദം അന്വേഷിക്കുന്നത്.
ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞെന്നും, ഒത്തുകളി കേസ് ജനങ്ങളുടെ മനസില്‍ എന്നും പുതുമയോടെ നിലനില്‍ക്കുമെന്നും, കളിക്കാര്‍ ഗ്രൗണ്ടില്‍ വച്ച് കാണിക്കുന്ന ഓരോ അടയാളങ്ങളും ഇനി മുതല്‍ കാണികള്‍ സംശയദൃഷ്ടിയോടു കൂടി മാത്രമെ നിരീക്ഷിക്കുകയെന്നും നീരജ് കുമര്‍ പറഞ്ഞു
ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്താനുള്ള നീക്കത്തെ അനുകൂലിച്ച നീരജ് കുമാര്‍ ഒത്തുകളി കേസില്‍ നിയമവിദഗ്ദ്ധരുമായി ആലോചിച്ച ശേഷമാണ് അത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നും അറിയിച്ചു.
മാധ്യമങ്ങള്‍ ഈ വിഷയത്തിന് പ്രത്യേക പ്രധാന്യമാണ് കൊടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ വിചാരണയല്ല വേണ്ടതെന്നും കോടതിയുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിധി പറയുമെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.