| Friday, 3rd May 2019, 11:26 am

മുസ്‌ലിങ്ങള്‍ പാലുതരാത്ത പശുക്കള്‍, എന്തിനാണ് തീറ്റകൊടുക്കുന്നത്; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവഹാത്തി: മുസ്‌ലിങ്ങള്‍ പാലുതരാത്ത പശുക്കളാണെന്ന് ബി.ജെ.പി എം.എല്‍.എ. അസമിലെ ബി.ജെ.പി എം.എല്‍.എ പ്രശാന്ത ഫൂക്കനാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.

പാലു തരാത്ത പശുവിന് എന്തിനാണ് തീറ്റകൊടുക്കുന്നതെന്നും അസമിലെ 90 ശതമാനം മുസ്‌ലിങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരാണെന്നും ഫൂക്കന്‍ പറഞ്ഞു.

ഫൂക്കന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. എം.എല്‍.എക്കെതിരെ നടപടിയെടുക്കണമെന്ന് അസം സ്പീക്കര്‍ ഹിറ്റേന്ദ്ര നാത് ഗോസ്വാമിയോട് പ്രതിപക്ഷ നേതാവ് ദേബബ്രത സെയ്കിയയോട് ആവശ്യപ്പെട്ടു.

ചാനലുകളില്‍ വന്ന ദൃശ്യങ്ങള്‍ അടക്കം നല്‍കിയാണ് പ്രതിപക്ഷം നടപടിയാവശ്യപ്പെട്ടത്. ഫൂക്കനെതിരെ ഗോഹട്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാഫിസ് റാഷിദ് അഹ്മദ് ചൗധരിയും രംഗത്തെത്തി.

ഗവര്‍ണറോ സ്പീക്കറോ ഉടനടി ഫൂക്കനെതിരെ നടപടിയെടുക്കണമെന്ന് ചൗധരി ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ അഹ്മദ് ചൗധരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ‘അസാമിലെ ഹിന്ദുക്കളെയും മുസ്‌ലിങ്ങളും തമ്മിലുള്ള സാഹോദര്യം തകര്‍ക്കാനാണ് ഫൂക്കന്റെ നീക്കമെന്നും ചൗധരി പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കെതിരായി ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും. ബി.ജെ.പി ഉടന്‍തന്നെ അദ്ദേഹത്തെതിരെ നടപടിയെടുക്കണമെന്നും മറ്റൊരു അഭിഭാഷകനായ നെക്കുബര്‍ സമാന്‍ പറഞ്ഞു.

നേരത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഉത്തര്‍പ്രദേശിലെ മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചതിന്് കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ കമ്മീഷന്‍ നടപടി എടുത്തിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

തനിക്കു വോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്ന പരാമര്‍ശത്തിലാണ് മനേകാ ഗാന്ധിക്കെതിരെ നടപടി എടുത്തത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നായിരുന്നു മനേകാ ഗാന്ധിയുടെ വിവാദ പരാമര്‍ശം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ കൂടിനിന്ന മുസ്‌ലിങ്ങളോടാണ് മനേക ഗാന്ധി ഇത്തരത്തില്‍ സംസാരിച്ചത്.

DoolNews Video

 
sp;

We use cookies to give you the best possible experience. Learn more