കോഴിക്കോട്: നമസ്‌കരിക്കാത്ത മുസ്‌ലിങ്ങള്‍ കൊല്ലപ്പെടണമെന്നും ഗുജറാത്ത്, റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ ചുട്ടെരിക്കപ്പെട്ടത് നമസ്‌കരിക്കാത്തതിനുള്ള ശിക്ഷയാണെന്നുമുള്ള വാദവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എ.പി. അബ്ദുല്‍ ഹകീം അസ്ഹരി.
ഗുജറാത്തിലെ ജനങ്ങള്‍ നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും എന്നായിരുന്നു അബ്ദുല്‍ ഹകീം അസ്ഹരിയുടെ പ്രസ്താവന.
കഴിഞ്ഞ ഫെബ്രുവരി 19ന് മലപ്പുറം ജില്ലയിലെ പെരുവള്ളൂരില്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിഷന്‍ 21 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന വിദ്യാര്‍ഥികളുമായുള്ള ചോദ്യോത്തര വേളയിലാണ് അബ്ദുല്‍ ഹക്കീം അസ്ഹരി ഈ വാദം മുന്നോട്ടുവെച്ചത്. വിവാദമായ ഈ വീഡിയോ ഭാഗം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയാവുകയാണ്.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പല ഭരണകൂടങ്ങളും മുസ്‌ലിം ജനതയെ അടിച്ചമര്‍ത്തുന്നു. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെയും ഫലസ്തീന്‍ മുസ്‌ലിങ്ങളെയും അതിക്രൂരമായി അടിച്ചമര്‍ത്തുകയും വധിക്കുകയും രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ നമ്മള്‍ കാണുന്നു. ഇതിന് പിന്നില്‍ ആ രാജ്യങ്ങളിലെ ഭരണകൂടങ്ങളാണ്. എന്തുകൊണ്ടാണ് ഇസ്‌ലാമിക ലോകത്തെ പണ്ഡിതന്മാരും മുസ്‌ലിം രാജ്യങ്ങളും സംയുക്തമായ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടത്തുന്നില്ല’ എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനാണ് അബ്ദുല്‍ ഹകീം അസ്ഹരി ഗുജറാത്ത് ഉദാഹരണമായി പറഞ്ഞുകൊണ്ട് വിചിത്ര മറുപടി നല്‍കിയത്.
”ഫോട്ടോയില്‍ കാണുന്നതെല്ലാം ശരിയല്ല. ഫോട്ടോയും വിഡിയോയും ആര്‍ക്കും എങ്ങനെയും ഉണ്ടാക്കാം. അതുകൊണ്ട് കാണുന്നതൊന്നും ശരിയാണെന്ന് നമുക്ക് വിശ്വസിക്കാന്‍ കഴിയില്ല. രണ്ടാമത്തേത്, അങ്ങനെ മുസ്‌ലിങ്ങള്‍ക്ക് അടി കിട്ടുകയും തൊഴി കിട്ടുകയും വീട് കത്തിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ നാട്ടിലെ മുസ്‌ലിങ്ങള്‍ നമസ്‌കരിക്കുന്നവരായിരിക്കില്ല. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ഞാന്‍ വേറെ ആരെയെങ്കിലും നമസ്‌കരിക്കാന്‍ ഏല്‍പിച്ചിട്ട് ഇതിലെയൊക്കെ ചുറ്റിനടന്ന് നമസ്‌കരിക്കാന്‍ വരാത്തവരുടെ വീടൊക്കെ ചെന്നു കരിച്ചാലോ എന്ന് ആലോചിച്ചു എന്ന്.
നമസ്‌കരിക്കാതിരിക്കുന്നത് അത്രയും വലിയ കുറ്റമാണ്. പക്ഷേ, നമുക്ക് ഇവിടെ ഒരു രാജ്യത്ത് സ്വതന്ത്രമായി അത്തരം കാര്യങ്ങള്‍ നടപ്പാക്കാന്‍ പാടില്ല. ഭരണാധികാരികളാണ് അത് നടപ്പിലാക്കേണ്ടത്. അപ്പോള്‍ ഗുജറാത്തിലെ ജനങ്ങള്‍ നമസ്‌കരിച്ചിട്ടില്ലെങ്കില്‍ അവരുടെ വീട് ചുടണം, അവരെ കൊല്ലണം. അത് ആരാ ചെയ്യേണ്ടത് അതിന് പറ്റിയ ആളുകളെ അല്ലാഹു അവിടെ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും നിയമിക്കും.’ ഇതായിരുന്നു അബ്ദുല്‍ ഹകീം അസ്ഹരി വിദ്യാര്‍ത്ഥിക്ക് നല്‍കിയ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക